ഹൊറര്‍ സിനിമകള്‍ക്ക് പുതിയൊരു ഭാഷ്യം മലയാളസിനിമക്ക് സമ്മാനിച്ച സംവിധായകനാണ് രാഹുല്‍ സദാശിവന്‍. ഭൂതകാലം, ഭ്രമയുഗം എന്നീ സിനിമകളിലൂടെ ഹൊറര്‍ ഴോണറില്‍ പുതിയ ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ച രാഹുല്‍ ഡീയസ് ഈറേയിലൂടെ വീണ്ടും ഞെട്ടിച്ചു. രാഹുല്‍ സദാശിവനെക്കുറിച്ചുള്ള പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമയായ കല്യാണരാമന്‍ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്തിരുന്നെങ്കില്‍ എന്ന് പറയുന്ന പോസ്റ്റാണ് പ്രേക്ഷകരില്‍ ചിരിയുണര്‍ത്തിയത്. കല്യാണരാമനുംഡീയസ് ഈറേയും തമ്മിലുള്ള ക്രോസ് ഓവര്‍ കോമിക് രൂപത്തിലാണ് പങ്കുവെച്ചിരിക്കുന്നത്. കല്യാണരാമനില്‍ പ്യാരിയും രാമന്‍കുട്ടിയും രാത്രി ജ്യോത്സനെ കാണാന്‍ പോകുന്നിടത്താണ് ട്രോള്‍ ആരംഭിക്കുന്നത്.
ഡീയസ് ഈറേയിലെ മധുസൂദനന്‍ പോറ്റിയാണ് ഈ കോമിക്കില്‍ ജ്യോത്സ്യന്‍. ഡീയസ് ഈറേയില്‍ പ്രണവ് അവതരിപ്പിച്ച രോഹന്‍ എന്ന കഥാപാത്രം മധുസൂദനനോട് കനിയുടെ ആത്മാവിനെക്കുറിച്ച് സംസാരിക്കുന്ന ഡയലോഗുകള്‍ പ്യാരിയെക്കൊണ്ട് പറയിപ്പിക്കുന്നുണ്ട്. കലവറയില്‍ വെച്ച് പരിചയപ്പെട്ട ഭവാനിയെക്കുറിച്ചാണ് പ്യാരിയുടെ സംസാരം.
കുറച്ചുദിവസം മുമ്പ് തങ്ങള്‍ ഒരുമിച്ച് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ കൂടെയുണ്ടായിരുന്ന പോഞ്ഞിക്കരയെ ഭവാനിയുടെ ആത്മാവ് ആക്രമിച്ചെന്നും പ്യാരി പറഞ്ഞു. കല്യാണരാമനിലെ സീനും ഡീയസ് ഈറേയില്‍ അരുണ്‍ അജികുമാര്‍ പറയുന്ന ഡയലോഗും മിക്‌സ് ചെയ്തുകൊണ്ടുള്ള ഭാഗമെല്ലാം ചിരിയുണര്‍ത്തുന്നുണ്ട്.
എന്നാല്‍ ഭവാനിയല്ല തങ്ങളെ ആക്രമിക്കുന്നതെന്നും പുരുഷന്റെ പ്രേതമാണ് ഇതിന്റെ പിന്നിലെന്നും പ്യാരി മനസിലാക്കുന്നുണ്ട്. മരണവീട്ടില്‍ നിന്ന് പ്യാരി അടിച്ചുമാറ്റിയ അടിവസ്ത്രത്തിന്റെ ഉടമയാണ് ആ ആത്മാവെന്ന് പോറ്റി കണ്ടെത്തുന്നു. ഡീയസ് ഈറേയില്‍ ക്ലിപ്പ് എടുത്ത ശേഷം പ്രേതം പിന്നാലെ വന്നതുപോലെയാണ് ഈ കോമിക്കിലും.
വിഷ്ണു ഷാജി എന്ന ഐ.ഡിയാണ് ഈ പോസ്റ്റ് പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ഈ പോസ്റ്റിന് വന്‍ റീച്ചാണ്. ഡീയസ് ഈറേയിലെ താരങ്ങളായ അരുണ്‍ അജികുമാര്‍, ജിബിന്‍ ഗോപിനാഥ് എന്നിവര് പോസ്റ്റിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ക്ലൈമാക്‌സ് ട്വിസ്റ്റ് ഞെട്ടിച്ചെന്നും ഗംഭീര ആശയമാണ് ഇതെന്നും പലരും അഭിപ്രായപ്പെടുന്നു.
ട്വിസ്റ്റിനൊപ്പം ചിരിപ്പിക്കുന്ന നിരവധി ഡയലോഗുകളും കോമിക്കിലുണ്ട്. എ.ഐയുടെ കടന്നുവരവോടെ ഇത്തരം ക്രിയേറ്റീവായിട്ടുള്ള ട്രോളുകള്‍ ധാരാളമായി വന്നുകൊണ്ടിരിക്കുകയാണ്. പ്രേക്ഷകരെ ചിരിപ്പിക്കുന്നതിനൊപ്പം ഇത്തരം ക്രിയേറ്റീവായ ചിന്തകളും സോഷ്യല്‍ മീഡിയയുടെ പോസിറ്റീവുകളിലൊന്നാണ്.