അതിവേഗം 50 കോടി; ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് ഇക്കയും പിള്ളേരും
Malayalam Cinema
അതിവേഗം 50 കോടി; ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് ഇക്കയും പിള്ളേരും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th December 2025, 9:46 pm

ജിതിന്‍ കെ.ജോസിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ കളങ്കാവല്‍ 50 കോടി ക്ലബ്ബില്‍. റിലീസായി നാലാം ദിനം പിന്നിടുമ്പോഴാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. അനൗണ്‍സ്‌മെന്റ് മുതല്‍ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രം പ്രതീക്ഷ തെറ്റിക്കാതെ തന്നെ തിയേറ്ററില്‍ മികച്ച മുന്നേറ്റം തുടരുകയാണ്.

കണ്ണൂര്‍ സ്‌ക്വാഡ്, ടര്‍ബോ, ഭ്രമയുഗം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ക്ലബില്‍ 50 കോടി ഇടം പിടിച്ച സിനിമയാണ് കളങ്കാവല്‍. ഏറ്റവും വേഗത്തില്‍ 50 കോടി  ക്ലബ്ബില്‍ ഇടം നേടിയ മമ്മൂട്ടി ചിത്രമെന്ന പ്രത്യേകതയും കളങ്കാവലിന് ഉണ്ട്.

കേരളത്തില്‍ നിന്ന് മാത്രം 18. 7 കോടി നേടിയ ചിത്രം ഓവര്‍സീസില്‍ 26.7 കോടി നേടിയപ്പോള്‍ റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റില്‍ നാല് കോടി പിന്നിട്ടു. വിദേശത്ത് നിന്ന് കളങ്കാവല്‍ 25 കോടി മുകളില്‍ കളക്ഷന്‍ സ്വന്തമാക്കിയെന്നാണ് കണക്കുകള്‍ പറയുന്നത്. കേരളത്തില്‍ നിന്നും പുറത്ത് നിന്നുമായി ഗംഭീര പ്രതികരണമാണ് സിനിമ സ്വന്തമാക്കിയത്.

ഈ വര്‍ഷത്തെ ഓപ്പണിങ്ങ് കളക്ഷനിലും കളങ്കാവല്‍ തിളങ്ങിയിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരളത്തില്‍ നിന്ന് മാത്രം റിലീസ് ദിനത്തില്‍ കളങ്കാവല്‍ നേടിയത് 4.92 കോടിയാണ്. മലയാളത്തില്‍ ഈ വര്‍ഷം വന്നതില്‍ മികച്ച മൂന്നാമത്തെ ഓപ്പണിങ്ങാണിത്.

അതേസമയം ദുല്‍ഖര്‍ ചിത്രം കുറുപ്പിന്റെ കഥയെഴുതിയ ജിതിന്‍കെ. ജോസിന്റെ ആദ്യ സംവിധാന സംരംഭമാണ് കളങ്കാവല്‍. മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രത്തില്‍ ജിബിന്‍ ഗോപിനാഥ്, രജിഷ വിജയന്‍, ഗായത്രി അരുണ്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Content Highlight:  Kalmkaval, starring Mammootty and Vinayakan in the lead roles, has entered the 50 crore club