കാളിയന്‍ വെറുമൊരു ചരിത്രസിനിമയല്ല; വെളിപ്പെടുത്തലുമായി സംവിധായകന്‍
Mollywood
കാളിയന്‍ വെറുമൊരു ചരിത്രസിനിമയല്ല; വെളിപ്പെടുത്തലുമായി സംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th March 2018, 2:49 pm

കൊച്ചി: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജിന്റെ കാളിയന്‍. ഉറുമിക്ക് ശേഷം വീണ്ടും പൃഥ്വിരാജ് ആദ്യമായി ചരിത്ര കഥാപാത്രമാവുന്ന സിനിമ സംവിധാനം ചെയ്യുന്നത് എസ് മഹേഷ് ആണ്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പൃഥ്വി തന്നെയായിരുന്നു പുറത്ത് വിട്ടത്. ഇപ്പോള്‍ ഇതാ ചിത്രത്തെ കുറിച്ച് ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് സംവിധായകന്‍ എസ്. മഹേഷ്.

കാളിയന്‍ വെറുമൊരു ചരിത്ര സിനിമ മാത്രമല്ലെന്നാണ് അദ്ദേഹം പറയുന്നത്. വെള്ളിനക്ഷത്രത്തോടായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍
“എപിക് സ്വഭാവമുണ്ടെങ്കിലും ഒരു ആക്ഷന്‍ ഓറിയന്റഡ് ചിത്രമാണ് കാളിയന്‍. ചരിത്രം പറയും പോലെയാകില്ല അവതരണം. ചരിത്ര സിനിമകള്‍ ധാരാളമായി നിര്‍മ്മിക്കപ്പെടുന്ന ഇക്കാലത്ത് കാളിയന്‍ ഒരു വെല്ലുവിളിയാണ്. അതിനെ നേരിടാന്‍ എല്ലാതരത്തിലും ഞങ്ങള്‍ തയ്യാറാകുകയാണ് അദ്ദേഹം പറയുന്നു.

മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് നായരാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ നിര്‍മ്മാണം. നടന്‍ സത്യരാജും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ബാഹുബലിയിലെ കട്ടപ്പയ്ക്ക് ശേഷം മറ്റൊരു ശക്തമായ കഥാപാത്രമായിരിക്കും സത്യരാജിന് കാളിയനിലേത്.