നാല് പതിറ്റാണ്ടിലധികമായി മലയാള സിനിമാ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന നടിയാണ് കലാരഞ്ജിനി. ബാലതാരമായി കരിയര്‍ ആരംഭിച്ച താരം മലയാളത്തിലെ പ്രമുഖ നടിമാരായ ഉര്‍വശിയുടെയും കല്‍പ്പനെയുടെയും സഹോദരി കൂടിയാണ്. 1983ല്‍ പുറത്തിറങ്ങിയ ഹിമവാഹിനി എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങിയ നടി നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
എന്നാല്‍ അമ്മ വേഷമാണ് താരം കൂടുതലും ചെയ്തത്. തിയേറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന മോഹിനിയാട്ടത്തില്‍ കലാരഞ്ജിനി പ്രധാനവേഷത്തിലുണ്ട്. സിനിമയില്‍ ഗംഭീര പെര്‍ഫോമന്‍സ് കാഴ്ചവെച്ച നടി ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്.
മോഹിനിയാട്ടം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ തന്റെ ശബ്ദം അടഞ്ഞുപോയതിന്റെ കാരണം വെളിപ്പെടുത്തി കൊണ്ട് കലാരജിനി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടമാണ് ശബ്ദം പോകാനിടയായതെന്നും താന്‍ സ്‌ട്രെയിന്‍ ചെയ്താണ് സംസാരിക്കുന്നതെന്നാണ് പലരും കരുതിയിരിക്കുന്നതെന്നും നടി പറയുന്നു.
‘മറ്റുള്ളവര്‍ക്ക് തോന്നും ഒരുപാട് സ്‌ട്രെയിന്‍ ചെയ്താണ് ഞാന്‍ സംസാരിക്കുന്നതെന്ന്. പക്ഷേ എന്റെ ശബ്ദം ഇങ്ങനെ തന്നെയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സിനിമയുടെ ഷൂട്ടിങ്ങിനയിലാണ് അത് സംഭവിച്ചത്. പ്രേം നസീറിന്റെ സിനിമയിലായിരുന്നു അഭിനയിച്ചത്, രക്തം വൊമിറ്റ് ചെയ്യുന്ന ഒരു രംഗമായിരുന്നു.
സാധാരണ സിനിമയില്‍ രക്തം കാണിച്ചിരുന്നത് വെളിച്ചെണ്ണയും ചായവും മിക്‌സ് ചെയ്താണ്. എന്നാല്‍ ഈ സിനിമയില്‍ അഭിനയിച്ചപ്പോള്‍ എന്തോ മേക്കപ്പ്മാന്‍ അറിയാതെ ചെയ്തതാണെന്നു തോന്നുന്നു, ആസിഡ് ആണ് മിക്‌സ് ചെയ്തത്. അത് വായിലേക്ക് ഒഴിച്ചപ്പോള്‍ എന്റെ സെന്‍സഷന്‍ തന്നെ നഷ്ടപ്പെട്ടു. പതിയെ വോക്കല്‍ കോര്‍ഡിനെ ബാധിച്ചു. അങ്ങനെയാണ് എനിക്ക് ശബ്ദം നഷ്ടമായത്.
വെള്ള സാരിയായിരുന്നു ഞാന്‍ അന്ന് ധരിച്ചത്. അതിനാല്‍ ദേഹത്ത് ആകാതിരിക്കാന്‍ ഞാന്‍ ഒഴിച്ചു തരാമെന്ന് നസീര്‍ സാര്‍ പറഞ്ഞു. അത് ഒഴിച്ചതേ എനിക്ക് ഓര്‍മയുള്ളൂ, വായ എന്തോ പോലെയായി. എന്ത് അസുഖം വന്നാലും ഇപ്പോള്‍ ആദ്യം അത് ബാധിക്കുക എന്റെ ശബ്ദത്തെയാണ്. ചികിത്സയൊക്കെ ചെയ്ത് നോക്കി. പിന്നെ ഇങ്ങനെ പോട്ടെ എന്ന് വെച്ചു,’ കലാരഞ്ജിനി പറയുന്നു.
കലാരഞ്ജിനയുടെ പെര്‍ഫോമന്‍സിന് മാറ്റ് കൂട്ടുന്നത്, ആ പ്രത്യേക ശബ്ദം കൂടികൊണ്ടാണെന്ന് പ്രേക്ഷകര്‍ പറയാറുണ്ട്. സൈജു കുറുപ്പ് നായകനായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന മോഹിനയാട്ടത്തിലെ കലാരഞ്ജിനിയുടെ പെര്‍ഫോമന്‍സിനും കയ്യടികള്‍ ഉയരുകയണ്.
ഭരനാട്യത്തിന്റെ രണ്ടാം ഭാഗമായെത്തിയ ഈ സിനിമയില്‍ സരസ്വതിയമ്മ എന്ന കഥാപാത്രമായാണ് കലാരഞ്ജിനി എത്തിയത്. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ചിത്രം സൈജു കുറുപ്പിന്റ കരിയറിലെ 150ാമത്തെ സിനിമയാണ് എത്തിയത്.
Content Highlight: Kalaranjini says her voice changed due to a mistake from her makeup artist