അരമുറി തേങ്ങയും കൈയില്‍ പിടിച്ച് ഒരു നില്പുണ്ട്, മോഹിനിയാട്ടത്തില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത് കലാരഞ്ജിനി
Malayalam Cinema
അരമുറി തേങ്ങയും കൈയില്‍ പിടിച്ച് ഒരു നില്പുണ്ട്, മോഹിനിയാട്ടത്തില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത് കലാരഞ്ജിനി
അമര്‍നാഥ് എം.
Monday, 13th April 2026, 10:30 am

വാഴ 2ന്റെ വമ്പന്‍ കുതിപ്പിനിടയിലും തിയേറ്ററുകളില്‍ ശ്രദ്ധ നേടുകയാണ് മോഹിനിയാട്ടം. ആദ്യഭാഗമായ ഭരതനാട്യം തിയേറ്ററില്‍ പരാജയമായിരുന്നിട്ടും ഒ.ടി.ടി റിലീസില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടാം ഭാഗമായ മോഹിനിയാട്ടം തിയേറ്ററില്‍ ഹിറ്റാകുമെന്ന് തന്നെയാണ് ബോക്‌സ് ഓഫീസ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. വേര്‍ഡ് ഓഫ് മൗത്തിലൂടെ ചിത്രം പതിയെ ട്രാക്കിലായി വരികയാണ്.

ആദ്യഭാഗത്തിലെ കഥാപാത്രങ്ങള്‍ക്കൊപ്പം പുതിയ ചില താരങ്ങള്‍ കൂടി മോഹിനിയാട്ടത്തില്‍ കടന്നുവരുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, ബേബി ജീന്‍, വിനയ് ഫോര്‍ട്ട് എന്നിങ്ങനെ വന്നവരും പോയവരുമെല്ലാം കട്ടക്ക് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ആദ്യഭാഗത്തിലുണ്ടായിരുന്നവരും ഒട്ടും മോശമാക്കിയില്ല. കൗണ്ടറുകളുടെ പൂരം അവരും തീര്‍ത്തിട്ടുണ്ട്.

 

അതിലൊരാളാണ് കലാരഞ്ജിനി അവതരിപ്പിച്ച സരസ്വതിയമ്മ. ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും വളരെ കുറച്ച് സ്‌ക്രീന്‍ ടൈം മാത്രമേ സരസ്വതിയമ്മക്ക് ലഭിച്ചിട്ടുള്ളൂ. എന്നാല്‍ കിട്ടിയ സീനിലെല്ലാം മാക്‌സിമം പെര്‍ഫോം ചെയ്തിട്ടുണ്ട്. സ്വന്തം ശബ്ദത്തില്‍ കലാരഞ്ജിനിയെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചതായിരുന്നു ഭരതനാട്യത്തിലെ ഏറ്റവും വലിയ പോസിറ്റീവ്.

മോഹിനിയാട്ടത്തിലേക്ക് എത്തിയപ്പോള്‍ ഈ കഥാപാത്രത്തിന് ഡയലോഗുകള്‍ കുറവായിരുന്നു. മൈന്യൂട്ട് ആയിട്ടുള്ള ചില എക്‌സ്പ്രഷനുകളായിരുന്നു കൂടുതലും. അതെല്ലാം പ്രേക്ഷകരെ ചിരിപ്പിക്കുകയും ചെയ്തു. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു സീനില്‍ സൈജു കുറുപ്പ് ഒരു ട്വിസ്റ്റ് പുറത്തുവിടുന്നുണ്ട്. കുടുംബത്തിലെ എല്ലാവരും അത് കണ്ട് ഞെട്ടുമ്പോള്‍ ക്യാമറ നേരെ കലാരഞ്ജിനിയിലേക്ക് ഫോക്കസ് ചെയ്യും.

അരമുറി തേങ്ങയും കൈയില്‍ പിടിച്ചുകൊണ്ട് നില്‍ക്കുന്ന കലാരഞ്ജിനിയുടെ പോസ് കണ്ട് ചിരിക്കാത്തവര്‍ കുറവാണ്. സംവിധായകന്‍ ആ സീന്‍ സെറ്റ് ചെയ്ത രീതിയും കലാരഞ്ജിനി നല്‍കുന്ന എക്‌സ്പ്രഷനുമാണ് ഈ സീനിനെ ഗംഭീരമാക്കിയത്. ഈ സീന്‍ കാണുമ്പോള്‍ മലയാളസിനിമ വേണ്ടരീതിയില്‍ കലാരഞ്ജിനിയെ ഉപയോഗിച്ചിട്ടില്ലെന്ന് പറയാനാകും.

ഉര്‍വശി, കല്പന എന്നിവരുടെ മൂത്ത സഹോദരിയാണ് കലാരഞ്ജിനി. മറ്റ് രണ്ട് പേരെയും വാതോരാതെ പ്രശംസിക്കുന്നതിനിടയില്‍ കലാരഞ്ജിനിയെക്കുറിച്ച് ആരും അധികം സംസാരിക്കാറില്ല. ഉര്‍വശിയെയും കല്പനയെയും പോലെ ഹ്യൂമര്‍ ചെയ്യാന്‍ അപാര കഴിവുള്ളയാളാണ് താനെന്ന് കലാരഞ്ജിനി പലകുറി തെളിയിച്ചിട്ടുണ്ട്.

അതിന്റെ അവസാന ഉദാഹരണമാണ് മോഹിനിയാട്ടം. വര്‍ഷങ്ങളായി മലയാള സിനിമയില്‍ വഴിപോക്കന്‍ റോളില്‍ മാത്രം തളച്ചിടപ്പെട്ട നന്ദു പൊതുവാളിനെപ്പോലെ കലാരഞ്ജിനിയും തന്നിലെ പെര്‍ഫോമറെ അടയാളപ്പെടുത്തിയ ചിത്രമെന്ന് മോഹിനിയാട്ടത്തെ വിശേഷിപ്പിക്കാം. ഇരുവരെയും കാസ്റ്റ് ചെയ്ത സംവിധായകന്‍ കൃഷ്ണദാസ് മുരളിക്ക് പ്രത്യേക കൈയടിയും നല്‍കണം.

Content Highlight: Kalaranjini’s performance in Mohiniyattam movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം