എട്ട് മാസങ്ങള്‍ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന മമ്മൂട്ടി ചിത്രമാണ് കളങ്കാവല്‍. ചെറിയൊരു ഇടവേളക്ക് ശേഷം മമ്മൂട്ടി ബിഗ് സക്രീനിലെത്തുന്ന ചിത്രത്തിന് വന്‍ ഹൈപ്പാണ് ആരാധകര്‍ക്കിടയില്‍. നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ മമ്മൂട്ടി തന്റെ പേജിലൂടെ പുറത്തുവിട്ടു.
കഴുത്തില്‍ തോര്‍ത്തും ചുറ്റി, മാല ധരിച്ച് തൊഴുത് നില്‍ക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലുള്ളത്. പിന്നാലെ ചില രസിപ്പിക്കുന്ന കമന്റുകളും ചിലര്‍ പങ്കുവെച്ചു. ചിത്രത്തില്‍ മമ്മൂട്ടിയുടേത് വില്ലന്‍ കഥാപാത്രമാണെന്നും എന്നാല്‍ ഈ പോസ്റ്റര്‍ കണ്ടാല്‍ അത് തോന്നുന്നില്ലെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. ചില ട്രോളുകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
കളങ്കാവല്‍ Photo: Facebook/ Mammootty Kampany
‘കണ്ടാല്‍ വീടും അമ്പലവുമായി നടക്കുന്ന ഒരു പാവം, പക്ഷേ, എന്തൊക്കെ അപവാദങ്ങളാ ആളുകള്‍ പറഞ്ഞുണ്ടാക്കുന്നത്’ ജോജിയിലെ മീമും കളങ്കാവലിന്റെ പോസ്റ്ററും മിക്‌സ് ചെയ്ത ട്രോള്‍ പോസ്റ്റ് ഇതിനോടകം വൈറലായി. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ച് അധികം വിവരമൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും നെഗറ്റീവ് ഷെയ്ഡ് കഥാപാത്രമാണെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയെ ഞെട്ടിച്ച സീരിയല്‍ കില്ലര്‍ സയനൈഡ് മോഹന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മമ്മൂട്ടിയുടെ കഥാപാത്രത്തെ സൃഷ്ടിച്ചതെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ അതിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് അണിയറപ്രവര്‍ത്തകര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. വിനായകനാണ് ചിത്രത്തിലെ നായകന്‍. കളങ്കാവലിന്റേതായി പുറത്തുവന്ന അപ്‌ഡേറ്റുകളെല്ലാം പ്രതീക്ഷ നല്കുന്നവയായിരുന്നു.
പ്രീ സെയിലിലൂടെ മാത്രം ഇതുവരെ 2.6 കോടിയോളം ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. ഇതുവരെ കാണാത്ത ഗംഭീര പെര്‍ഫോമന്‍സ് തന്നെ മമ്മൂട്ടി കളങ്കാവലില്‍ കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ 2000- 2010 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്.
രജിഷ വിജയന്‍, ശ്രുതി രാമചന്ദ്രന്‍, മേഘ തോമസ്, ഗായ്ത്രി അരുണ്‍, ധന്യ അനന്യ തുടങ്ങി 21 നായികമാരാണ് ചിത്രത്തിലുള്ളത്. ജിബിന്‍ ഗോപിനാഥ്, അസീസ് നെടുമങ്ങാട് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. ലോകമെമ്പാടുമായി നാളെ ഡിസംബര്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.