ഏറ്റവുമധികം സുഖം കിട്ടുന്നത് എന്തിനെ കൊല്ലുമ്പോഴാണെന്ന് അറിയോ? ഞെട്ടിക്കാന്‍ മമ്മൂട്ടി; കളങ്കാവല്‍ ട്രെയിലര്‍ പുറത്ത്
Malayalam Cinema
ഏറ്റവുമധികം സുഖം കിട്ടുന്നത് എന്തിനെ കൊല്ലുമ്പോഴാണെന്ന് അറിയോ? ഞെട്ടിക്കാന്‍ മമ്മൂട്ടി; കളങ്കാവല്‍ ട്രെയിലര്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th November 2025, 6:40 pm

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം കളങ്കാവല്‍ ട്രെയിലര്‍ പുറത്തുവിട്ടു. ഈയടുത്ത കാലത്തൊന്നും കാണാത്ത മമ്മൂട്ടിയുടെ വ്യത്യസ്തമായ മുഖമായിരിക്കും സിനിമയിലെന്ന് സൂചന നല്‍കുന്ന ട്രെയിലര്‍ തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

സയനൈഡ് മോഹന്റെ കഥയാണ് ചിത്രം പറയുന്നതെന്ന അഭ്യൂഹങ്ങളെ ഉറപ്പിക്കുന്നതാണ് ചിത്രത്തിന്റെ ട്രെയിലര്‍. അടിയിലൊളിച്ചിരിക്കുന്ന വിഷത്തെ എന്നെന്നും തളച്ചിടാനാകില്ല എന്ന എസ്.ജെ ഏതന്റെ വാക്കുകളോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്.

ഇത് വല്ലാത്തൊരു കഥയാണ് എന്ന ടാഗ് ലൈനോടെ ചരിത്രകഥകള്‍ പറയുന്ന ബാബു രാമചന്ദ്രന്റെ നരേഷനാണ് ട്രെയിലറിന്റെ ഹൈലൈറ്റ്.

വിനായകനും നിരവധി പുതുമുഖ താരങ്ങളും വന്നുപോകുന്ന ട്രെയിലറിന്റെ അവസാന ഭാഗത്ത് നിഴല്‍ പോലെ കാണുന്ന മമ്മൂട്ടിയുടെ വാക്കുകളും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംക്ഷയെ ഭരിക്കുന്നതാണ്.

ഏറ്റവുമധികം സുഖം കിട്ടുന്നത് എന്തിനെ കൊല്ലുമ്പോഴാണെന്ന് അറിയോ? എന്ന ഒറ്റ ഡയലോഗിലൂടെ സിഗററ്റ് പുകയുടെ പശ്ചാത്തലത്തില്‍ സംസാരിക്കുന്ന മമ്മൂട്ടി തന്റെ കഥാപാത്രം വില്ലന്‍ കഥാപാത്രം തന്നെയാണെന്ന് ഉറപ്പിക്കാം.

നവാഗതനായ ജിതിന്‍ കെ. ജോസാണ് കളങ്കാവല്‍ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രാധാന്യമുള്ള വേഷത്തില്‍ വിനായകനുമെത്തുന്നു.

ചിത്രത്തില്‍ മീര ജാസ്മിന്‍, രജിഷ വിജയന്‍, അസീസ് നെടുമങ്ങാട് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു.

നവംബര്‍ 27ന് ചിത്രം തിയേറ്ററുകളിലെത്തും. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

 

ചെറിയൊരു ഇടവേളക്ക് ശേഷം മമ്മൂട്ടിയെ ബിഗ് സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Kalamkaval, Mammootty movie trailer out