പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട് അഭിനേതാവാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രി ട്രൂപ്പായ കലാഭവനിലൂടെ സിനിമയിലെത്തുകയും പിന്നീട് ഹാസ്യവേഷങ്ങളില്‍ നിന്നും വില്ലന്‍ വേഷങ്ങളിലേക്ക് ചേക്കേറുകയും ചെയ്ത താരം തന്റെ അഭിനയമികവ് കൊണ്ട് ഒട്ടേറെ വേഷങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു 2013ല്‍ ജീത്തു ജോസഫ് സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ദൃശ്യത്തിലെ സഹദേവന്‍. ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഷാജോണ്‍ അവതരിപ്പിച്ച പൊലീസ് വേഷമായിരുന്നു.
ഇതോടൊപ്പം തന്നെ പ്രിയദര്‍ശന്‍ സംവിധാനത്തില്‍ 2016ല്‍ പുറത്തിറങ്ങിയ ഒപ്പം എന്ന ചിത്രത്തില്‍ ഷാജോണ്‍ അവതരിപ്പിച്ച കോണ്‍സ്റ്റബിള്‍ മധു എന്ന കഥാപാത്രവും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ട് കഥാപാത്രങ്ങളും മോഹന്‍ലാല്‍ അവതരിപ്പിച്ച നായക കഥാപാത്രത്തിനെതിരെയുള്ള നെഗറ്റീവ് ഷേഡിലായിരുന്നു പ്രത്യക്ഷപ്പെട്ടത്.
ഇപ്പോഴിതാ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞ രസകരമായ വാക്കുകളെ കുറിച്ച് പറയുകയാണ് ഷാജോണ്‍. ഒരു കടുത്ത മോഹന്‍ലാല്‍ ആരാധകനെന്ന നിലയില്‍ ഒപ്പം സിനിമയിലെ ഷാജോണിന്റെ കഥാപാത്രത്തിന് സഹദേവന്‍ എന്ന് പേരിട്ടാലോ എന്ന് ആന്റണി പ്രിയദര്‍ശന്റെ അടുത്ത് പറഞ്ഞതിനെ കുറിച്ചാണ് ഷാജോണ്‍ സംസാരിച്ചത്.
‘ദൃശ്യം കഴിഞ്ഞ ശേഷം സഹദേവനോട് എല്ലാവര്‍ക്കും ദേഷ്യം ഉണ്ടായിരുന്ന സമയത്ത് ഇറങ്ങുന്ന സിനിമയാണ് ഒപ്പം. അതുകൊണ്ട് തന്നെ ചിത്രത്തിലെ പൊലീസ് സ്റ്റേഷന്‍ ഫൈറ്റ് ഇട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ആന്റണി ചേട്ടനാണ്. ഷൂട്ടിനിടെ ആന്റണി ചേട്ടന്‍ പ്രിയന്‍ സാറിനോട് പറഞ്ഞത് സാറെ നമുക്ക് ഇതിനകത്ത് ഷാജോണിന്റെ കഥാപാത്രത്തിന്റെ പേര് സഹദേവന്‍ എന്നിട്ടാലോ എന്നാണ്.
എന്നാല്‍ പ്രിയന്‍ സാറ് പറഞ്ഞത് അത് വേറെ ഇത് വേറെ എന്നാണ്. ആന്റണിയ്ക്ക് സഹദേവനെ ഇടിച്ചാല്‍ പോരെ, അതിന് ഇതില്‍ കൈയടി കിട്ടിക്കോളും എന്നും അദ്ദേഹം പറഞ്ഞു. തിയേറ്ററില്‍ ആ സമയത്ത് ആള്‍ക്കാര്‍ ക്ലാപ്‌സ് ആയിരിക്കും എന്ന് നമുക്ക് അറിയാമായിരുന്നു. ഇതിന് മുമ്പ് നീ എന്റെ കൈയില്‍ നിന്നും ഒരുപാട് തവണ രക്ഷപ്പെട്ടിട്ടുണ്ട് എന്നാല്‍ ഇനി നിന്നെ ഞാന്‍ വിടത്തില്ലെടാ എന്ന് ലാലേട്ടന്റെ കഥാപാത്രം പറയുമ്പോള്‍ തന്നെ ആള്‍ക്കാര്‍ക്ക് മനസിലാകും. ആ ഒരു സിനിമ വല്ലാത്ത എക്‌സ്പീരിയന്‍സായിരുന്നു ,’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.
Content Highlight: Kalabhavan Shajon talks about the fight scene in Oppam movie related with Drishyam Movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.