എനിക്ക് അഭിനയിക്കാനൊന്നും അറിയാന്‍ മേല ചേട്ടാ, ഞാന്‍ അഭിനയം നിര്‍ത്താന്‍ പോവാ, എന്ന് ഉണ്ണി അന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു: കലാഭവന്‍ ഷാജോണ്‍
Entertainment news
എനിക്ക് അഭിനയിക്കാനൊന്നും അറിയാന്‍ മേല ചേട്ടാ, ഞാന്‍ അഭിനയം നിര്‍ത്താന്‍ പോവാ, എന്ന് ഉണ്ണി അന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു: കലാഭവന്‍ ഷാജോണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th April 2022, 9:01 am

താന്‍ സിനിമാഭിനയം നിര്‍ത്താന്‍ പോകുകയാണെന്ന് ഉണ്ണി മുകുന്ദന്‍ ഒരിക്കല്‍ തന്നോട് പറഞ്ഞിരുന്നതായി നടന്‍ കലാഭവന്‍ ഷാജോണ്‍. തനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്നും അഭിനയം നിര്‍ത്താന്‍ പോകുകയാണെന്നും കരഞ്ഞുകൊണ്ട് ഉണ്ണി പറഞ്ഞിരുന്നു എന്നാണ് ഷാജോണ്‍ പറയുന്നത്.

മേപ്പടിയാന്‍ സിനിമയുടെ നൂറാം ദിന ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കലാഭവന്‍ ഷാജോണ്‍. സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി കലാഭവന്‍ ഷാജോണും എത്തിയിരുന്നു.

”ഒരുപാട് സന്തോഷമുണ്ട്. ഉണ്ണി മുകുന്ദനൊപ്പം വളരെ കുറച്ച് സിനിമകളിലേ ഞാന്‍ അഭിനയിച്ചിട്ടുള്ളൂ. ഞാന്‍ ഉണ്ണിയെ ഏറ്റവും കൂടുതല്‍ അടുത്തറിയുന്നത് ഞങ്ങള്‍ ഒരുമിച്ച് ഒരു അമേരിക്കന്‍ ഷോയ്ക്ക് പോയപ്പോഴാണ്.

അവിടെ വെച്ചാണ് ഉണ്ണി മുകുന്ദന്‍ എന്താണ് എന്നുള്ളത് ഞാന്‍ ശരിക്കും മനസിലാക്കുന്നത്. നല്ലൊരു സുഹൃത്ത്, നല്ലൊരു മനുഷ്യന്‍. ഞങ്ങളൊരുമിച്ച കുറേ സ്റ്റേജുകളില്‍ പാട്ടും ഡാന്‍സും സ്‌കിറ്റുമായി അടിപൊളിയായി തകര്‍ത്ത മാസമായിരുന്നു.

അങ്ങനെ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ഉണ്ണിയെ ഒരു ദിവസം വളരെ മൂഡ്ഓഫായി ഞാന്‍ കണ്ടു. പ്രോഗ്രാം കഴിഞ്ഞ് ഡിന്നര്‍ സമയത്ത് ഞാന്‍ അടുത്ത് ചെന്ന് കാര്യം ചോദിച്ചു. അപ്പോള്‍ ഉണ്ണി എന്നോട്, ചേട്ടാ ഞാന്‍ അഭിനയം നിര്‍ത്താന്‍ പോവാണ്, എന്ന് പറഞ്ഞു.

എന്തുപറ്റി എന്ന് ചോദിച്ചപ്പോള്‍, എനിക്ക് അഭിനയിക്കാനൊന്നും അറിയാന്‍ മേല ചേട്ടാ, ഞാന്‍ അഭിനയം നിര്‍ത്താന്‍ പോവാ, എന്ന് പറഞ്ഞു.

അന്ന് ഉണ്ണിയുടെ ഒരു സിനിമ റിലീസ് ചെയ്തിരുന്നു, അതിന്റെ പേര് ഞാന്‍ പറയുന്നില്ല. അത് അത്ര വലിയ അഭിപ്രായം കിട്ടിയ ഒരു സിനിമയല്ല. അതിന്റെ വിഷമമായിരുന്നു. സത്യം പറഞ്ഞാല്‍ ഉണ്ണിയുടെ കണ്ണില്‍ നിന്നും കണ്ണുനീര് വരുന്നുണ്ടായിരുന്നു.

അന്ന് ഉണ്ണിയോട് എനിക്ക് തിരിച്ചൊന്നും പറയാന്‍ പറ്റിയില്ല. പക്ഷെ, ഇന്ന് എനിക്ക് പറയാനുണ്ട്. അടങ്ങാത്ത സ്വപ്‌നങ്ങളും മോഹങ്ങളും ആഗ്രഹങ്ങളുമൊക്കെയായി സിനിമക്ക് പിറകെ നടക്കുന്ന എല്ലാവര്‍ക്കും ഒരു ഇന്‍സ്പിരേഷനാണ് ഉണ്ണി മുകുന്ദന്‍.

മേപ്പടിയാന്‍ എന്ന സിനിമ ഒരുപാട് കാര്യങ്ങള്‍ അച്ചീവ് ചെയ്തു. അതിലൊക്കെ എന്നെ സന്തോഷിപ്പിക്കുന്നത് ഉണ്ണി അതിന്റെ പിറകെ ഓടിനടന്ന് എത്തിപ്പിടിച്ച വിജയമാണ്,” കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.

ജനുവരി 14നായിരുന്നു മേപ്പടിയാന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഉണ്ണി മുകുന്ദന് പുറമെ സൈജു കുറുപ്പ്, അജു വര്‍ഗീസ്, മാമുക്കോയ, അഞ്ജു കുര്യന്‍, രമേഷ് കോട്ടയം, കലാഭവന്‍ ഷാജോണ്‍, ആര്യ, നിഷ സാരംഗ് എന്നിവരായിരുന്നു മേപ്പടിയാനില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

Content Highlight: Kalabhavan Shajon shares an experience with Unni Mukundan when he decided to stop acting