ദൃശ്യം 2വിൽ സഹദേവൻ ഇല്ലാത്തതിന്റെ കാരണം എന്നേക്കാൾ നന്നായിട്ട് ജിത്തു ഭായിക്ക് അറിയാം: കലാഭവൻ ഷാജോൺ
Film News
ദൃശ്യം 2വിൽ സഹദേവൻ ഇല്ലാത്തതിന്റെ കാരണം എന്നേക്കാൾ നന്നായിട്ട് ജിത്തു ഭായിക്ക് അറിയാം: കലാഭവൻ ഷാജോൺ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 16th March 2024, 11:06 am

ദൃശ്യം 2വിൽ തന്റെ കഥാപാത്രം ഇല്ലാത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് കലാഭവൻ ഷാജോൺ. ദൃശ്യം 2വിൽ ഒരു ക്യാരക്ടർ ഇല്ലാതിരുന്നിട്ട് ഇത്രയും ഡിസ്കഷൻ ആയത് സഹദേവൻ ആയിരുന്നെന്ന് ഷാജോൺ പറഞ്ഞു. എന്നാൽ സഹദേവന്റെ കാര്യം പറയുകയാണെങ്കിൽ അത് തന്നെക്കാൾ നന്നായിട്ട് ജിത്തു ജോസഫിന് അറിയാമെന്നും ഷാജോൺ കൂട്ടിച്ചേർത്തു.

ഇനി സഹദേവൻ വരുമ്പോൾ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് കൃത്യമായ പ്ലെയ്സ് ഉണ്ടാവണമെന്നും ഷാജോൺ പറയുന്നുണ്ട്. അതിന്റേതായിട്ടുള്ള രീതിയിലാകും ജിത്തു ജോസഫ് അത് ചെയ്യുകയെന്നും ഷാജോൺ പറഞ്ഞു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എനിക്ക് തോന്നുന്നു ദൃശ്യം 2വിൽ ആയിരുന്നു ഒരു ക്യാരക്ടർ ഇല്ലാതിരുന്നിട്ട് ഇത്രയും ഡിസ്കഷൻ ആയത്. അത് സഹദേവൻ ആയിരുന്നു. സഹദേവൻ ഇല്ലല്ലോ സഹദേവൻ ഇല്ലല്ലോ എന്നായിരുന്നു എല്ലാവരും പറഞ്ഞത്. അതുതന്നെയാണ് ആ ക്യാരക്ടറിന് കിട്ടുന്ന ഏറ്റവും വലിയ പ്രത്യേകത.

സഹദേവന്റെ കാര്യം പറയുകയാണെങ്കിൽ അത് എന്നെക്കാളും നന്നായിട്ട് ജിത്തു ഭായ്ക്കറിയാം എന്ന് ഞാൻ വിശ്വസിക്കുന്നു. ഇനി സഹദേവൻ വരുമ്പോൾ അദ്ദേഹത്തിന് കൃത്യമായ ഒരു പ്ലേസ് ഉണ്ടാകണം. വെറുതെ അദ്ദേഹം വന്നിട്ട് എന്തെങ്കിലും ചെയ്തു പോയി കഴിഞ്ഞാൽ ഫസ്റ്റ് സിനിമയുടെ ഇമ്പാക്ട് കൂടെ പോകും. ഇനി സഹദേവൻ വരുന്നുണ്ടെങ്കിൽ തീർച്ചയായും അതിന്റേതായിട്ടുള്ള രീതിയിലായിരിക്കും ജിത്തുഭായ് കൊണ്ടുവരുക എന്നാണ് എന്റെ വിശ്വാസവും,’ കലാഭവൻ ഷാജോൺ പറഞ്ഞു.

യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി അനില്‍ തോമസ് സംവിധാനം ചെയ്ത ‘ഇതുവരെ’യാണ് കലാഭവൻ ഷാജോന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. കലാഭവന്‍ ഷാജോണ്‍ നായകനായും ലത ദാസ് നായികയായും പ്രേം പ്രകാശ്, വിജയകുമാര്‍, രാജേഷ് ശര്‍മ, പീറ്റര്‍ ടൈറ്റസ്, രാജ്കുമാര്‍, റോഷിത്ലാല്‍, ഡോ. അമര്‍ രാമചന്ദ്രന്‍, സ്വാതി, നെഹല ഫാത്തിമ തുടങ്ങിയവര്‍ മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രം മാർച്ച് 15ന് റിലീസ് ആയി.

Content Highlight: Kalabhavan shajon about drishyan 2 movie