നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസ് അന്തരിച്ചു
Kerala
നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസ് അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st August 2025, 10:17 pm

കൊച്ചി: കലാഭവന്‍ നവാസ് (51) അന്തരിച്ചു. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചോറ്റാനിക്കരയിലെ  വൃന്ദാവൻ എന്ന ഹോട്ടലില്‍ വെച്ച് നവാസിന് ഹൃദയാഘാതം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.

ചെക്ക്ഔട്ട് വൈകിയതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിങ്ങിന് ശേഷം ഹോട്ടല്‍ മുറിയില്‍ എത്തിയതിന് പിന്നാലെയാണ് നവാസിന് നെഞ്ചുവേദന ഉണ്ടായത്.

മിമിക്രിയിലൂടെയാണ് കലാഭവന്‍ നവാസ് സിനിമയിലേക്കെത്തുന്നത്. 1995ല്‍ പ്രദര്‍ശനത്തിനെത്തിയ ചൈതന്യം എന്ന സിനിമയിലാണ് കലാഭവന്‍ നവാസ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ചെറുതും വലുതുമായ നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു.

തില്ലാന തില്ലാന, മായാജാലം, ജൂനിയര്‍ മാന്‍ഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, മാട്ടുപ്പെട്ടി മച്ചാന്‍, മീനാക്ഷി കല്യാണം, ചക്കരമുത്ത്, വെട്ടം, മൈ ഡിയര്‍ കരടി തുടങ്ങിവയാണ് കലാഭവന്‍ നവാസിന്റെ പ്രധാനപ്പെട്ട സിനിമകള്‍.

സിനിമാ നടനായിരുന്ന അബൂബക്കറിന്റെ മകനാണ് കലാഭവന്‍ നവാസ്. പങ്കാളി രഹ്നയും സിനിമാരംഗത്തുണ്ടായിരുന്നു. സഹോദരന്‍ നിയാസ് ബക്കറും (മറിമായം കോയ) അഭിനേതാവാണ്.

Content Highlight: kalabhavan navas passed away