കൊച്ചി: കലാഭവന്‍ നവാസിന്റെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി രാവിലെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വെച്ച് പോസ്റ്റ്മോര്‍ട്ടം നടക്കും. ശേഷം മൃതദേഹം ആലുവയിലെ വീട്ടിലെത്തിക്കും. വൈകീട്ട് നാല് മണി മുതൽ അഞ്ച് വരെ ആലുവ ജുമാ മസ്ജിദിൽ പൊതുദർശനം ഉണ്ടാകും. പൊതുദർശനത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കും.
മലയാള സിനിമയിലെ പ്രമുഖ നടനും മിമിക്രി കലാകാരനായിരുന്നു കലാഭവന്‍ നവാസ്. ഇന്നലെ (വെള്ളി) ആയിരുന്നു അദ്ദേഹം മരണപ്പെടുന്നത്. അന്‍പത്തിയൊന്നാം വയസിലായിരുന്നു നവാസിന്റെ മരണം. ഇന്നലെ രാത്രി എട്ടരയോടെ ചോറ്റാനിക്കരയിലെ വൃന്ദാവന്‍ എന്ന ഹോട്ടലില്‍ വെച്ച് നവാസിന് ഹൃദയാഘാതം ഉണ്ടാകുകയും തുടര്‍ന്ന് ഹോസ്പിറ്റലിലേക്ക് പോകും വഴി മരണം സംഭവിക്കുകയുമായിരുന്നു.
പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിങ്ങിന് ശേഷം ഹോട്ടല്‍ മുറിയില്‍ എത്തിയതിന് പിന്നാലെയാണ് നവാസിന് നെഞ്ചുവേദന ഉണ്ടായത്. കഴിഞ്ഞ 25 ദിവസങ്ങളായി നവാസ് ഈ ഹോട്ടലില്‍ തന്നെയാണ് താമസിച്ചിരുന്നത്. കഴിഞ്ഞ മാസം 25നാണ് നവാസ് പ്രകമ്പനം എന്ന സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്തത്. നാളെയും മറ്റന്നാളും അദ്ദേഹത്തിന് ചിത്രീകരണം ഉണ്ടായിരുന്നില്ല. ഇതിനാല്‍ വീട്ടിലേക്ക് മടങ്ങാന്‍ തയാറെടുക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
1995ല്‍ പ്രദര്‍ശനത്തിനെത്തിയ ചൈതന്യം എന്ന സിനിമയിലാണ് കലാഭവന്‍ നവാസ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ചെറുതും വലുതുമായ നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു.