സിനിമയിലെ ബെസ്റ്റ് ഡാന്‍സര്‍ ആര്? എന്റെ മറുപടി എപ്പോഴും ആ നടിയുടെ പേരാകും: കല മാസ്റ്റര്‍
Indian Cinema
സിനിമയിലെ ബെസ്റ്റ് ഡാന്‍സര്‍ ആര്? എന്റെ മറുപടി എപ്പോഴും ആ നടിയുടെ പേരാകും: കല മാസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th August 2025, 2:56 pm

തെന്നിന്ത്യന്‍ സിനിമ മേഖലയിലെ അറിയപ്പെടുന്ന ഡാന്‍സ് കൊറിയോഗ്രാഫറാണ് കലാ മാസ്റ്റര്‍. 12ാം വയസില്‍ അസിസ്റ്റന്റ് കൊറിയോഗ്രാഫറായി സിനിമയിലേക്ക് അരങ്ങേറിയ അവര്‍ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 400ല്‍ അധികം സിനിമകള്‍ക്ക് നൃത്ത സംവിധാനം ചെയ്തിട്ടുണ്ട്.

കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന മലയാള സിനിമയിലെ നൃത്തത്തിന് 2000ല്‍ മികച്ച കൊറിയോഗ്രഫിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കാനും കലാ മാസ്റ്ററിന് സാധിച്ചിരുന്നു. ഇപ്പോള്‍ നടി സിമ്രാനെ കുറിച്ച് പറയുകയാണ് മാസ്റ്റര്‍.

സിമ്രാനെ പറ്റി പറയാന്‍ തുടങ്ങിയാല്‍ താന്‍ ഒരുപാട് കാര്യങ്ങള്‍ പറയേണ്ടി വരുമെന്നാണ് കല പറയുന്നത്. ഏതൊരു ഇന്റര്‍വ്യൂവിലും ആരാണ് ബെസ്റ്റ് ഡാന്‍സറെന്ന് ചോദിച്ചാല്‍ താന്‍ പറയുന്ന പേര് സിമ്രാന്റേതായിരിക്കുമെന്നും അവര്‍ പറയുന്നു.

‘നിങ്ങള്‍ക്ക് എന്റെ ഏതൊരു ഇന്റര്‍വ്യു വേണമെങ്കിലും നോക്കാം. ഞാന്‍ സിമ്രാന്റെ പേര് തന്നെയാണ് എല്ലായിടത്തും ആദ്യം പറയുക. ഒരാള്‍ ഡാന്‍സ് ചെയ്യുമ്പോള്‍ ആ ആളുടെ നിഴല് വെച്ച് ആരാണ് ആളെന്ന് കണ്ടുപിടിക്കാന്‍ സാധിക്കണം.

ആ കാര്യത്തില്‍ സിമ്രാന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അത്രയും ഫന്റാസ്റ്റിക്കായ ഡാന്‍സറാണ് സിമ്രാന്‍. ആദ്യമായി അവളെ കാണുമ്പോള്‍ വളരെ ചെറിയ പെണ്‍കുട്ടിയായിരുന്നു. എന്നാല്‍ അവള്‍ക്ക് അന്ന് നല്ല ഗ്രേസുണ്ടായിരുന്നു,’ കല മാസ്റ്റര്‍ പറഞ്ഞു.

അന്ന് താന്‍ സിമ്രാനെ കണ്ടതും സംവിധായകനോട് ‘ഈ പെണ്‍കുട്ടി ഭാവിയില്‍ വലിയ ആളാകും’ എന്ന് പറഞ്ഞിരുന്നുവെന്നും കല ഓര്‍ക്കുന്നു. സിനിമാ ഇന്‍ഡസ്ട്രിയില്‍ എത്തിയിട്ട് 40 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി നടന്ന ‘കല 40’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കല മാസ്റ്റര്‍.

‘ഈയിടെ സിമ്രാന്‍ നായികയായി എത്തിയ ടൂറിസ്റ്റ് ഫാമിലിയെന്ന സിനിമ റിലീസായിരുന്നല്ലോ. അതില്‍ എന്തൊരു അഭിനയമാണ് സിമ്രാന്‍ നടത്തിയത്. അവള്‍ ഒരു മികച്ച ഡാന്‍സര്‍ മാത്രമല്ല. നല്ലൊരു അഭിനേതാവ് കൂടിയാണ്. ഞാന്‍ എനിക്ക് എവിടെ ഷോ ഉണ്ടെങ്കിലും ‘വരുന്നോ’യെന്ന് ചോദിച്ച് സിമ്രാനെ വിളിക്കാറുണ്ട്. അവിടെയൊക്കെ സിമ്രാന്‍ വരാന്‍ ശ്രമിക്കാറുമുണ്ട്,’ കല മാസ്റ്റര്‍ പറഞ്ഞു.

Content Highlight: Kala Master Talks About Simran