'ഇവള്‍ എന്റെ ഒരേയൊരു മകളാണ്'; ആ പോസ്റ്റില്‍ വന്ന കമന്റ് ഇങ്ങനെ; കക്ഷി അമ്മിണിപ്പിള്ളയില്‍ക്കൂടി ജീവിതത്തില്‍ വന്ന മാറ്റത്തെക്കുറിച്ച് ഫറ ഷിബ്‌ല
Malayalam Cinema
'ഇവള്‍ എന്റെ ഒരേയൊരു മകളാണ്'; ആ പോസ്റ്റില്‍ വന്ന കമന്റ് ഇങ്ങനെ; കക്ഷി അമ്മിണിപ്പിള്ളയില്‍ക്കൂടി ജീവിതത്തില്‍ വന്ന മാറ്റത്തെക്കുറിച്ച് ഫറ ഷിബ്‌ല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th July 2019, 10:07 pm

തിയേറ്ററുകളില്‍ മികച്ച അഭിപ്രായങ്ങള്‍ തേടി ഓടിക്കൊണ്ടിരിക്കുന്ന സിനിമയാണ് ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്ത് ആസിഫ് അലി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കക്ഷി അമ്മിണിപ്പിള്ള. സിനിമയിലെ പ്രധാന സ്ത്രീ കഥാപാത്രമായ കാന്തി ശിവദാസനെ അവതരിപ്പിച്ച ഫറ ഷിബ്‌ലയ്ക്കു മികച്ച അഭിപ്രായമാണു ലഭിക്കുന്നത്.

ശരീരഭാരമുള്ള പെണ്‍കുട്ടിയായി അഭിനയിക്കാന്‍ ഷിബ്‌ല നടത്തിയ കഠിനാധ്വാനം ഏറെ വാര്‍ത്തയായിരുന്നു. എന്നാല്‍ സിനിമയില്‍ക്കൂടി ജീവിതത്തില്‍ ഷിബ്‌ലയ്ക്ക് സന്തോഷകരമായ ഒരു കാര്യം സംഭവിച്ചു. അതിങ്ങനെയാണ്.

മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തെക്കുറിച്ച് ഷിബ്‌ല മനസ്സുതുറന്നത്. ‘മലപ്പുറം സ്വദേശിനിയാണ് ഞാന്‍. അന്യമതസ്ഥനായ ഒരാളെയാണ് ഞാന്‍ വിവാഹം ചെയ്തത്. അതു വീട്ടുകാരുടെ അനുവാദത്തോടെയല്ല താനും. അതുകൊണ്ടു വീട്ടില്‍ ചില പ്രശ്‌നങ്ങളൊക്കെയുണ്ടായിരുന്നു.

എന്റെ കുടുംബത്തിന്റെ കാഴ്ചപ്പാടുകളില്‍ നിന്നും വ്യത്യസ്തമായിരുന്നു എന്റെ തീരുമാനം. എന്നെ അവര്‍ ഒരു തരത്തിലും ബുദ്ധിമുട്ടിച്ചിരുന്നില്ല. പക്ഷേ കുടുംബത്തിലേക്ക് എന്നെ പിന്നീട് ഉള്‍ക്കൊള്ളിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. ഞാന്‍ വിളിക്കുമ്പോഴൊന്നും ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. പക്ഷേ ഞാനെന്നും അവരുടെ അനുഗ്രഹങ്ങള്‍ എന്റെ കൂടെയുണ്ടെന്നു തന്നെ ചിന്തിച്ചിരുന്നു. ഉപ്പയും അമ്മയും മൂന്ന് അനിയന്മാരുമാണ് എനിക്ക്. സിനിമയുടെ ഷൂട്ട് തുടങ്ങിയപ്പോഴും ഞാന്‍ വിളിച്ചു. എന്നിട്ടും ഫോണ്‍ എടുത്തിരുന്നില്ല.’

ഒടുവില്‍ സിനിമ പുറത്തിറങ്ങി. അതില്‍ ടൈറ്റില്‍ റോളിലെ അമ്മിണിപ്പിള്ള എന്ന കഥാപാത്രത്തിന്റെ അമ്മയായെത്തുന്ന മലപ്പുറം സ്വദേശിനിയായ ഷൈനിയുടെ ഒരു സുഹൃത്ത് സിനിമ കണ്ടിരുന്നു. സിനിമ കണ്ടുകഴിഞ്ഞ് കക്ഷി അമ്മിണിപ്പിള്ളയെക്കുറിച്ച് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു.

ആ പോസ്റ്റിനു താഴെ ഷിബ്‌ലയുടെ ഉപ്പ ‘നായികയെ മനസ്സിലായോ’ എന്നു ചോദിച്ച് കമന്റിട്ടു. ഉപ്പയുടെ സുഹൃത്തും വക്കീലുമായ ആള്‍ ‘ആരാ ഇത് അറിയുന്നയാളാണോ’ എന്നു തിരിച്ചു ചോദിച്ചപ്പോള്‍ ഉപ്പ മറുപടിയെഴുതിയത് ഇങ്ങനെ- ‘ഇവള്‍ എന്റെ ഒരേയൊരു മകളാണ്.’

ഷിബ്‌ല ഇക്കാര്യം അറിഞ്ഞിരുന്നില്ല. പിന്നീട് ഷൈനിയാണ് ഇതിന്റെ ഒരു സ്‌ക്രീന്‍ഷോട്ട് കാണിച്ചുകൊടുത്തത്. ഒരു പൊതുവിടത്തില്‍ വന്ന് ഉപ്പ അങ്ങനെ കമന്റ് ചെയ്തപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്ന് അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. അതിനുശേഷം എന്റെ വീട്ടുകാരുടെ മാനസിക പിന്തുണയുണ്ടെന്നു തന്നെ താന്‍ വിശ്വസിക്കുന്നെന്നും ഭര്‍ത്താവിന്റെ അമ്മയും വീട്ടുകാരും പൂര്‍ണപിന്തുണ നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.