എഡിറ്റര്‍
എഡിറ്റര്‍
താങ്കള്‍ ആരുടെ കൂടെയാണ്? സമര സഖാക്കള്‍ക്കൊപ്പമോ, സര്‍ക്കാറിനൊപ്പമോ?
എഡിറ്റര്‍
Tuesday 12th September 2017 7:00pm

മലബാര്‍ ഗോള്‍ഡിന്റെ വിഷ മലിനീകരണ ഫാക്ടറിക്കെതിരായ കാക്കഞ്ചേരിയിലെ ജനകീയ സമരം ആയിരാമത്തെ ദിവസത്തിലെത്തുന്നു. പന്തലിലെത്തി കൊടിനാട്ടുകയോ അഭിവാദ്യം നേരുകയോ ചെയ്യാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളില്ല. എത്തി നോക്കാത്ത ജനപ്രതിനിധികളില്ല. സമരത്തിനൊപ്പമത്രെ എല്ലാവരും. ഒത്തുപിടിച്ചാല്‍ മലയും പോരും എന്നു പഴഞ്ചൊല്ല്. സംഘടനകളും പഠിപ്പിച്ചതതാണ്. ഇവിടെയാകട്ടെ ഒരിഞ്ച് നീങ്ങുന്നില്ല.

രാഷ്ട്രീയ പാര്‍ട്ടികളുടെ ഈ ലജ്ജാകരവും ഹീനവുമായ നാടകം ഇല്ലായിരുന്നുവെങ്കില്‍ ഒരു ജനതയ്ക്ക് ഇത്ര ആത്മനിന്ദ തോന്നുമായിരുന്നില്ല. വേട്ടക്കാര്‍ക്കൊപ്പം ആയുധമേന്തുന്ന അകമ്പടിയാവാനും ഇരയ്‌ക്കൊപ്പം വീണു വിലപിക്കാനും കാണിക്കുന്ന കൗശലം വെളിപ്പെട്ടിരിക്കുന്നു. കൈകളില്‍ പുരണ്ട കറ അവര്‍ക്കിനി ഒളിച്ചുവയ്ക്കാനാവില്ല.

ആയിരാമത്തെ ദിവസവും സമരത്തെ അഭിവാദ്യം ചെയ്യാന്‍ ഭരണ പ്രതിപക്ഷ കക്ഷികളെത്തും. മലബാര്‍ മുതലാളിയുടെ അനുഗ്രാശിസ്സുകളോടെ അവര്‍ നാടകമാടും. പിന്നാമ്പുറത്ത് വ്യാജ രേഖകളും സമ്മത പത്രങ്ങളും തരപ്പെടുത്താന്‍ മുതലാളിക്ക് സമയം നല്‍കും. ഒരു നിവൃത്തിയുമില്ലാതെ പോയല്ലോ എന്നു കൈമലര്‍ത്തി ജനങ്ങളെ അവരുടെ മാത്രമായ ദുരന്തത്തിലേക്കു യാത്രയാക്കും. അതിനുള്ള ഇടവേളയാണ് അവര്‍ ഒരുക്കിക്കൊടുക്കുന്നത്.


Read more:  കാക്കഞ്ചേരി സമരവും റുമാനിയന്‍ അനുഭവവും


റെഡ് കാറ്റഗറിയില്‍പെട്ട, അത്രയേറെ വിഷ മലിനീകരണമുളവാക്കുന്ന ഒരു സ്ഥാപനം ജനസാന്ദ്രത യേറിയ ഒരു പ്രദേശത്ത്, അതും കിന്‍ഫ്രയുടെ ഭക്ഷ്യോത്പാദന യൂണിറ്റുകളുടെ നടുവില്‍ അനുവദിക്കാനാവില്ലെന്ന് സര്‍ക്കാറിന് ഒറ്റ ഉത്തരവില്‍ തീര്‍പ്പു കല്‍പ്പിക്കാവുന്നതേയുള്ളു. അതിന് ഇച്ഛാശക്തിയും ത്രാണിയുമുള്ള ഭരണാധികാരികള്‍ വേണം. അവര്‍ ജനാധിപത്യ മൂല്യങ്ങളെ ആദരിക്കണം.

മലബാര്‍ ഗോള്‍ഡ് എന്ന സ്ഥാപനം മുതലാളിത്തത്തിന്റെ നിര്‍ദ്ദയമായ ചൂഷണവ്യഗ്രതയേ പ്രകടിപ്പിക്കുന്നുള്ളു. ഭരണ പ്രതിപക്ഷ കക്ഷികളോ? ജനാധിപത്യ മൂല്യങ്ങളും വഴക്കങ്ങളും വിസ്മരിച്ച് മലബാര്‍ ഗോള്‍ഡിന്റെ കാര്യസ്ഥ വേഷം അണിയുകയാണവര്‍. ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നുകില്‍ സമരത്തിനൊപ്പം നില്‍ക്കണം. മലബാര്‍ഗോള്‍ഡിനെതിരെയും അവരെ നിലനിര്‍ത്തുന്ന ഗവണ്‍മെന്റിനെതിരെയും പൊരുതി ജയിക്കണം. ജയിച്ചാലും മരിച്ചാലും ഞങ്ങളുണ്ട് കൂടെ, എന്ന് കരുത്തു പകരണം. അതല്ലെങ്കില്‍ ഞങ്ങളം ഞങ്ങളുടെ പാര്‍ട്ടിയും മലബാര്‍ ഗോള്‍ഡിനൊപ്പമാണ് എന്ന് ഉറക്കെ പറയണം. ഇനിമേല്‍ ജനങ്ങളെ കബളിപ്പിക്കരുത്.

ആയിരാമത്തെ ദിവസമെങ്കിലും സത്യം പറയണം. നിങ്ങള്‍ ആരുടെ കൂടെയാണ്? നീതി നിഷേധിക്കുന്ന സര്‍ക്കാറിന്റെ കൂടെയോ ജീവന്‍മരണ പോരാട്ടം നടത്തുന്ന സമരസഖാക്കള്‍ക്കൊപ്പമോ?

Advertisement