മാറ്റമില്ല, ഇന്ത്യന്‍ 2വില്‍ കാജല്‍ അഗര്‍വാള്‍ തന്നെ നായിക; ഷൂട്ടിങ് ഉടന്‍ പുനരാരംഭിക്കും
Entertainment news
മാറ്റമില്ല, ഇന്ത്യന്‍ 2വില്‍ കാജല്‍ അഗര്‍വാള്‍ തന്നെ നായിക; ഷൂട്ടിങ് ഉടന്‍ പുനരാരംഭിക്കും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th August 2022, 9:22 am

ഇന്ത്യന്‍ സിനിമാ പ്രേമികള്‍ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശങ്കര്‍-കമല്‍ഹാസന്‍ കോമ്പോ ഒന്നിക്കുന്ന ഇന്ത്യന്‍ 2. 1996ല്‍ പുറത്തുവന്ന ഇന്ത്യന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരുന്നു, പക്ഷെ സെറ്റില്‍ നടന്ന അപകടവും നിര്‍മാണ കമ്പനിയുടെ പ്രശ്‌നങ്ങളും കാരണം ചിത്രം മുന്നോട്ട് പോയിരുന്നില്ല. കാജല്‍ അഗര്‍വാളായിരുന്നു ചിത്രത്തിലെ നായിക. എന്നാല്‍ ചിത്രത്തില്‍ നിന്നും താരം പിന്മാറിയെന്നും ദീപിക പദുകോണ്‍ ചിത്രത്തില്‍ നായികയായി എത്തുമെന്നും അടുത്തിടെ അഭ്യുഹങ്ങള്‍ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ ഈ അഭ്യുഹങ്ങളെയൊക്കെ തള്ളിക്കളഞ്ഞ് കാജല്‍ തന്നെ ഇന്ത്യന്‍ 2ലെ ഷൂട്ടിങ്ങ് സൈറ്റിലേക്ക് തിരികെ പോകുമെന്ന് പറഞ്ഞിരിക്കുകയാണ്.

നടി നേഹ ധൂപിയയുമായുള്ള ഇന്‍സ്റ്റാഗ്രാം ലൈവിനിടെയാണ് കാജല്‍ ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബര്‍ 13 മുതല്‍ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുമെന്നും കാജല്‍ കൂട്ടിച്ചേര്‍ത്തു.

വിക്രത്തിന്റെ വിജയാഘോഷത്തിനും ഇന്ത്യന്‍ 2 പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്കുമായി കമല്‍ഹാസന്‍ നിലവില്‍ അമേരിക്കയിലാണ് എന്നും റിപ്പോട്ടുകളുണ്ട്. രകുല്‍ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ഥ്, എന്നിവരാണ് ഇന്ത്യന്‍2ല്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമയം ഇന്ത്യന്‍ 2ന് ശേഷം കമല്‍ഹാസന്‍ അഭിനയിക്കുക മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാകുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും കമല്‍ഹാസന്‍ തന്നെയാണ്.


കമല്‍ഹാസന്‍ നായകനായെത്തുന്ന എച്ച്. വിനോദ് ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് റിപ്പോട്ടുകളുണ്ട്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തിലാവും ചിത്രം ഒരുങ്ങുക.

Content Highlight : Kajal Aggarwal confirms she resumes the shooting of India 2 very soon