അന്ന് അദ്ദേഹത്തിന്റെ പാട്ട് കേട്ട് കരഞ്ഞു; പിന്നെ ഞങ്ങള്‍ ഒരുമിച്ച് പാട്ടെഴുതി: കൈതപ്രം
Malayalam Cinema
അന്ന് അദ്ദേഹത്തിന്റെ പാട്ട് കേട്ട് കരഞ്ഞു; പിന്നെ ഞങ്ങള്‍ ഒരുമിച്ച് പാട്ടെഴുതി: കൈതപ്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st August 2025, 11:44 am

മലയാളം കണ്ട മികച്ച ഗാനരചയിതാക്കളില്‍ ഒരാളാണ് കൈതപ്രം. ഗാനരചയിതാവിന് പുറമെ സംഗീതസംവിധായകന്‍, കവി, നടന്‍, ഗായകന്‍, തിരക്കഥാകൃത്ത്, മ്യൂസിക് തെറാപ്പിസ്റ്റ്, എന്നീ നിലകളിലും ശ്രദ്ധേയമാണ്. നിരവധി ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ കൈതപ്രത്തിന് മൂന്ന് തവണ മികച്ച ഗാനരചയിതാവിനും ഒരു തവണ സംഗീതസംവിധായകനുമുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ബോംബെ രവിയുടെ പാട്ട് താന്‍ കേട്ട് കരഞ്ഞുപോയ അനുഭവം പങ്കുവെക്കുകയാണ് കൈത്രപ്രം.

‘അന്ന് കണ്ണൂര്‍ ഐ.ടി.ഐയില്‍ പഠിക്കാന്‍ വേണ്ടി ഞാന്‍ പോകാന്‍ നില്‍ക്കുകയാണ്. എന്തെങ്കിലും ജോലി കിട്ടട്ടെ എന്ന് വിചാരിച്ച് പോകാന്‍ നില്‍ക്കുകയാണ്. അത് കിട്ടുവോ എന്നൊന്നും പിടിയില്ല. അന്ന് പോകാന്‍ നേരം വഴിയില്‍ ഒരു ബസ് സ്‌റ്റോപ്പില്‍ ഞാന്‍ ബസ് കാത്ത് നില്‍ക്കുകയാണ്. ആ സമയത്ത് ഒരു പാട്ട് കേട്ടു. ഹിന്ദി പാട്ടാണ്.

ആ പാട്ട് കേട്ട് ഞാന്‍ കണ്ണൊക്കെ നിറഞ്ഞ് അന്തം വിട്ട് നിന്നു. പിന്നെ ഞാന്‍ ഐ.ടി.ഐക്ക് പോയില്ല. എല്ലാം മിസ്സാക്കി. ആളുകളുടെയും അച്ഛന്റെയും അമ്മയുടേയുമൊക്കെ ചീത്ത കേട്ടു. അവനിങ്ങനെ പാട്ടും പാടികൊണ്ട് നടക്കുകയാണെന്ന് പറഞ്ഞു. പക്ഷേ അന്ന് 86ല്‍ മദ്രാസിലെ ചോള ഹോട്ടലില്‍ ഒരു റൂമില്‍ ഞാനും ആ മ്യൂസിക് ഡയറക്ടറും ഇരുന്നിട്ടാണ് പാട്ടെഴുതിയത്. വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിന് ഞങ്ങള്‍ രണ്ട് പേരുമാണ് പാട്ട് ചെയ്തത്, ‘ കൈതപ്രം പറയുന്നു.

ഒരു വടക്കന്‍ വീരഗാഥ

എം.ടി.യുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത്, 1989ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. മമ്മൂട്ടി, ബാലന്‍ കെ. നായര്‍, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റന്‍ രാജു എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ സിനിമക്ക് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. ചിത്രത്തിലെ ചന്ദനലേപ സുഗന്ധം, ഇന്ദുലേഖ കണ്‍തുറന്നു എന്നീ ഗാനങ്ങള്‍ എഴുതിയത് കൈത്രപ്രമാണ്. സംഗീതം നിര്‍വഹിച്ചത് ബോംബെ രവിയാണ്.

Content highlight: Kaitrapram shares his experience of crying after listening to Bombay Ravi’s song