സിനിമയില്‍ പാട്ടിന് ഇത്ര പ്രാധാന്യമുണ്ടെങ്കിലും, അതിനെ കുറിച്ച് ലോഹി ഒന്നും പറഞ്ഞില്ല: കൈതപ്രം
Malayalam Cinema
സിനിമയില്‍ പാട്ടിന് ഇത്ര പ്രാധാന്യമുണ്ടെങ്കിലും, അതിനെ കുറിച്ച് ലോഹി ഒന്നും പറഞ്ഞില്ല: കൈതപ്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th August 2025, 12:06 pm

മലയാള സിനിമ കണ്ട മികച്ച ഗാനരചയിതാക്കളില്‍ ഒരാളാണ് കൈതപ്രം. സംഗീതസംവിധായകന്‍, കവി, നടന്‍, ഗായകന്‍, തിരക്കഥാകൃത്ത്, എന്നീ മേഖലകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കൈതപ്രവും രവീന്ദ്രന്‍ മാസ്റ്ററും ലോഹിദതാസും ഒന്നിച്ച അനവധി ചിത്രങ്ങള്‍ ഉണ്ട്. അത്തരത്തില്‍ ഒരു ചിത്രമായിരുന്നു കമലദളം.

ഇപ്പോള്‍ മനോരമ ആഴ്ച്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ കമലദളം സിനിമയെ കുറിച്ചും അതിലെ ഗാനങ്ങളെ കുറിച്ചും സംസാരിക്കുകയാണ് കൈതപ്രം.

കമലദളത്തില്‍, പ്രേമോദാരനായ്, സായന്തനം, ആനന്ദനടനം, കമലദളം മിഴിയില്‍, സുമുഹൂര്‍ത്തമായ് തുടങ്ങിയ പാട്ടുകളാണ് ചെയ്തത്. കമലദളത്തിലെ വളരെ പ്രാധാന്യമുള്ള ഒരു പാട്ടായിരുന്നു ‘സായന്തനം ചന്ദ്രികാലോലമായ്’ എന്ന പാട്ട്. പാട്ടിന് രണ്ടു വെര്‍ഷനുണ്ട്. സിനിമയുടെ തുടക്കത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം നന്ദഗോപന്‍ പാടുന്ന മെയില്‍ വെര്‍ഷനും ക്ലെമാക്‌സില്‍ അയാളുടെ ഭാര്യയായ പാര്‍വതിയുടെ കഥാപാത്രം സുമ പാടുന്ന ഫീമെയില്‍ വെര്‍ഷനും.

നന്ദഗോപന്‍ അയാളോടുള്ള പിണക്കത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്ത സുമയെ ഓര്‍ക്കുന്നതാണ് മെയില്‍ വെര്‍ഷനില്‍ കാണിച്ചിരിക്കുന്നത്. അതിലൂടെയാണ് നന്ദഗോപന്റെ ഉള്ളിലെ വേദനയും ജീവിതത്തോടുള്ള നിരാശയുടെ കാരണവും പ്രേക്ഷകര്‍ക്കു മുന്നില്‍ വെളിപ്പെടുന്നത്. സിനിമയുടെ ക്ലൈമാക്‌സില്‍ സുമ, നന്ദഗോപനെ മരണത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ വരുന്നതും ഈ പാട്ടു പാടിക്കൊണ്ടാണ്,’കൈതപ്രം പറയുന്നു.

സിനിമയില്‍ ഇത്ര പ്രാധാന്യം ഈ പാട്ടിനുണ്ടെങ്കിലും പാട്ടിന്റെ ചിത്രീകരണം എങ്ങനെയായിരിക്കും എന്നത് ലോഹിതദാസ് തന്നോടു പറഞ്ഞിരുന്നില്ലെന്നും തന്റെ മനസില്‍ തോന്നിയതാണ് താന്‍ വരികളായി എഴുതിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പാട്ട് കേട്ടുകഴിഞ്ഞപ്പോള്‍ അതിലെ ഓരോ വരിയും ആ കഥയ്ക്ക് അനുയോജ്യമായിരുന്നു എന്ന് എല്ലാവരും പറഞ്ഞുവെന്നും കൈതപ്രം പറഞ്ഞു.

കമലദളം

മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍ എത്തി 1992ല്‍ പുറത്തിറങ്ങിയ മ്യൂസിക്കല്‍ ഡ്രാമ ചിത്രമാണ് കമലദളം. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയിലാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന് പുറമെ പാര്‍വ്വതി, മോനിഷ, മുരളി, വിനീത്, നെടുമുടി വേണു, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

 

Content Highlight: Kaithapram  talks  about the movie Kamaladalam and its songs