കറുപ്പിനഴക് പ്രകൃതിയെക്കുറിച്ചെഴുതിയത്, ആളുകൾ തെറ്റിദ്ധരിച്ചു: കൈതപ്രം
Malayalam Cinema
കറുപ്പിനഴക് പ്രകൃതിയെക്കുറിച്ചെഴുതിയത്, ആളുകൾ തെറ്റിദ്ധരിച്ചു: കൈതപ്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 24th July 2025, 7:55 am

കമൽ സംവിധാനം ചെയ്ത് 2003ൽ പുറത്തിറങ്ങിയ ചിത്രമാണ് സ്വപ്നക്കൂട്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ , ജയസൂര്യ, മീര ജാസ്മിൻ, ഭാവന എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൈതപ്രം ഗാനരചന നിർവഹിച്ചപ്പോൾ സംഗീതസംവിധാനം മോഹൻ സിത്താരയാണ്. ഇപ്പോൾ ചിത്രത്തിലെ കറുപ്പിനഴക് എന്ന പാട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് കൈതപ്രം ദാമോദരൻ.

കറുപ്പിനഴക് എന്ന പാട്ടെഴുതിയത് ഭാരതപ്പുഴയുടെ കരയിൽ ഇരുന്നാണെന്നും താൻ പ്രകൃതിയെക്കുറിച്ചാണ് ആ പാട്ട് എഴുതിയതെന്നും കൈതപ്രം പറഞ്ഞു. എന്നാൽ ആളുകൾ അത് കേട്ട് തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കൈതപ്രം.

‘കറുപ്പിനഴക് എന്ന പാട്ടെഴുതിയത് എനിക്ക് നല്ല ഓർമയുണ്ട്. ഭാരതപ്പുഴയുടെ കരയിൽ എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർക്കുകൂടി പങ്കാളിത്തമുള്ള ഒരു റിസോർട്ടിൽ ഇരുന്നാണ് എഴുതിയത്. അതിമനോഹരമായ ഒരു സ്ഥലമായിരുന്നു അത്. മുന്നിൽ ഭാരതപ്പുഴയാണ്. റിസോർട്ടിൻ്റെ മുറിക്ക് മുമ്പിൽ ഒരു പൂമുഖമുണ്ട്. സന്ധ്യയായപ്പോൾ മുതൽ ഞങ്ങൾ- സംവിധായകൻ കമലും ഞാനും മോഹനും മറ്റും അവിടെ ഇരുന്നു. രാത്രിയായി. മോഹൻ ട്യൂണിട്ടു ‘തരത്തിരരരാ…’. കേൾക്കുമ്പോൾ ലളിതമായ ട്യൂൺ. പക്ഷേ വരികൾ എഴുതാൻ ശരിക്കും ബുദ്ധിമുട്ടാണ്.

ഒരു വികാരം പുറത്തുകൊണ്ടുവരാനുള്ളത്ര സമയമില്ല. വരി കിട്ടിയില്ല. പിറ്റേന്ന് ഞാൻ പുലർച്ചെ പൂമുഖത്തേക്ക് ഇറങ്ങിയപ്പോൾ ഭാരതപ്പുഴ സുന്ദരിയായി തോന്നി. ഭാരതപ്പുഴയുടെ ഒരു ഭാഗത്ത് ഇരുട്ട്. മറുഭാഗത്ത് വെളിച്ചം വന്നുകൊണ്ടിരിക്കുന്നു. ശരിക്കും ആ പ്രകൃതിയെയാണ് ഞാൻ എഴുതിയത്.

അതാണ് കറുപ്പിനഴക്, വെളുപ്പിനഴക് എന്നെഴുതിയത്. കറുപ്പിന് എന്തൊരഴകാണ്! അതു പോലെ വെളുപ്പിനും അഴകുണ്ട്. പുലരിയിലെ പനിമഴയ്ക്ക് പതിനേഴഴകാണ്. ശരിക്കും സ്ത്രീയെക്കുറിച്ചുള്ള പാട്ടല്ല അത്. പ്രകൃതിയെക്കുറിച്ചുള്ള പാട്ടാണ്. ആളുകൾ തെറ്റിദ്ധരിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്,’ കൈതപ്രം പറയുന്നു.

Content Highlight: Kaithapram Damodaran Talking about Swapnakoodu Movie Song