മഞ്ജുവിനെ ആ ചിത്രത്തിലേക്ക് റെക്കമന്‍ഡ് ചെയ്തത് എന്റെ ഭാര്യ, മണി സ്വന്തം ഓട്ടോറിക്ഷയിലാണ് അന്ന് സെറ്റിലേക്ക് എത്തിയത്: കൈതപ്രം
Film News
മഞ്ജുവിനെ ആ ചിത്രത്തിലേക്ക് റെക്കമന്‍ഡ് ചെയ്തത് എന്റെ ഭാര്യ, മണി സ്വന്തം ഓട്ടോറിക്ഷയിലാണ് അന്ന് സെറ്റിലേക്ക് എത്തിയത്: കൈതപ്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th January 2023, 5:50 pm

സുന്ദര്‍ ദാസിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ് സല്ലാപം. ലോഹിതദാസ് തിരക്കഥയെഴുതിയ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയായിരുന്നു. ചിത്രത്തിലേക്ക് മഞ്ജു വാര്യരെ റെക്കമന്‍ഡ് ചെയ്തത് തന്റെ ഭാര്യ ആണെന്ന് പറയുകയാണ് കൈതപ്രം.

ചിത്രത്തിലേക്ക് കലാഭവന്‍ മണി അഭിനയിക്കാന്‍ വന്നതിനെ പറ്റിയും കൈതപ്രം സംസാരിച്ചിരുന്നു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് സല്ലാപത്തിന്റെ വിശേഷങ്ങള്‍ കൈതപ്രം പങ്കുവെച്ചത്.

‘മഞ്ജുവിനെ ഈ പടത്തിലേക്ക് റെക്കമന്‍ഡ് ചെയ്യുന്നത് എന്റെ ഭാര്യയാണ്. ലോഹി ഒരു കുട്ടിയെ അന്വേഷിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ എന്റെ വൈഫ് പയ്യന്നൂരിലെ മഞ്ജുവിനെ ഡാന്‍സ് പഠിപ്പിച്ച മാമിന്റെ നമ്പര്‍ വാങ്ങി. അവരെ വിളിച്ച് മഞ്ജുവിന്‌റെ നമ്പര്‍ വാങ്ങി ലോഹിക്ക് കൊടുത്തത് എന്റെ വൈഫാണ്.

മഞ്ജുവിനെ പറ്റി ഭയങ്കര അഭിപ്രായമായിരുന്നു. ഇപ്പോഴുമതേ. എനിക്കും ഭയങ്കര ഇഷ്ടമായിരുന്നു മഞ്ജുവിനെ. മഞ്ജുവിനെ അതിന് മുമ്പ് ഞാന്‍ കണ്ടിട്ടുണ്ട്. മധു സാറും ഞാനും കൂടെയുള്ള ഒരു പരിപാടിയില്‍ മഞ്ജു വേദിയില്‍ വന്നിരുന്നു. അന്ന് പരിചയപ്പെട്ടിരുന്നു.

സല്ലാപത്തിലെ എല്ലാ വര്‍ക്കിലും ലോഹി കൂടെയുണ്ടായിരുന്നു. ലോഹി പഠിക്കുകയായിരുന്നു. മലയാള സിനിമാ രംഗത്ത് പിന്നീട് വിപ്ലവം സൃഷ്ടിച്ചിട്ടുള്ള കലാഭവന്‍ മണിക്ക് ആദ്യമായി അവസരം ലഭിക്കുന്നത് ഈ പടത്തിലാണ്. തെങ്ങിന്റെ മുകളിലൊക്കെ കേറിയിരുന്ന്‌ പാട്ടൊക്കെ പാടുന്ന ഒരുത്തനായാണ് വന്നത്. സൈക്കിളില്‍ വന്ന മഞ്ജുവിനെ വിരട്ടുന്ന പയ്യനായാണ് കലാഭവന്‍ മണി അഭിനയിച്ചത്.

അയാള്‍ സ്വന്തം ഓട്ടോറിക്ഷയിലാണ് അവിടെ വന്നത്. ഞാന്‍ കണ്ടിരുന്നു. അതെനിക്ക് ഓര്‍മയുണ്ട്. അക്കാലത്ത് ഷൂട്ടിങ് സ്ഥലത്ത് ഞാനും പോകുമായിരുന്നു. ലോഹിയുമായുള്ള ബന്ധം കൊണ്ട് കമ്പോസിങ് മുതല്‍ ഷൂട്ടിങ് വരെ എല്ലാ കാര്യത്തിനും ഞാന്‍ അവിടെ ഉണ്ടാകുമായിരുന്നു,’ കൈതപ്രം പറഞ്ഞു.

Content Highlight: Kaitapram says that it was his wife who recommended Manju Warrier for the film