ചരിത്രത്തിലെ മൂന്നാമൻ; റോണോക്കുള്ള സൂപ്പർ റെക്കോഡിൽ ഇനി ഒരു ഗണ്ണറും!
Football
ചരിത്രത്തിലെ മൂന്നാമൻ; റോണോക്കുള്ള സൂപ്പർ റെക്കോഡിൽ ഇനി ഒരു ഗണ്ണറും!
ഫസീഹ പി.സി.
Saturday, 30th May 2026, 10:59 pm

ആവേശം വാനോളം ഉയർത്തി യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഹംഗറിയിലെ പുസ്കാസ് അരീനയില്‍ നടക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ട് പി.എസ്.ജിയും കന്നി കിരീടത്തിനായി ആഴ്സണലുമാണ് ഏറ്റുമുട്ടുന്നത്.

നിലവില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ആഴ്സണല്‍ മുന്നിട്ട് നില്‍ക്കുകയാണ്. ടീമിനായി കൈ ഹാവെര്‍ട്‌സാണ് ഗോള്‍ വല കുലുക്കിയത്. ആദ്യ വിസില്‍ മുഴങ്ങി അഞ്ചാം മിനിട്ടില്‍ തന്നെയായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ലിയാന്‍ഡ്രോ ട്രോസാര്‍ഡ് നല്‍കിയ പന്ത് സ്വീകരിച്ചായിരുന്നു താരം ടീമിനെ മുന്നിലെത്തിച്ചത്.

കൈ ഹാവെർട്‌സ്. Photo: H/x.com

ഇതോടെ ഒരു എലീറ്റ് ലിസ്റ്റിലും ഹാവെര്‍ട്‌സ് ഇടം പിടിച്ചു. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ രണ്ട് ടീമുകള്‍ക്കായി ഗോള്‍ നേടിയവരുടെ പട്ടികയിലാണ് ജര്‍മന്‍ ഫുട്‌ബോളര്‍ തന്റെ പേര് ചേര്‍ത്തത്.

മുമ്പ് ചെല്‍സി താരമായിരുന്ന ഹാവെര്‍ട്‌സ് ടീമിനായി ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ വല കുലുക്കിയിരുന്നു. 2021ല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയായിരുന്നു താരത്തിന്റെ ഗോള്‍. ഈ ഒറ്റ ഗോളില്‍ അന്ന് ചെല്‍സി കിരീടം ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ മറ്റൊരു യു.സി.എല്‍ ഫൈനലിലും താരം ഗോളടിച്ചിരിക്കുന്നു.

ഇങ്ങനെ യു.സി.എല്‍ ഫൈനലുകളില്‍ രണ്ട് വ്യത്യസ്ത ടീമുകള്‍ക്ക് വേണ്ടി ഗോള്‍ നേടിയ മൂന്നാമത്തെ താരമാണ് ഹാവെര്‍ട്‌സ്. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഈ ലിസ്റ്റിലെ ഒന്നാമന്‍. മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനും റയല്‍ മാഡ്രിഡിനും വേണ്ടിയായിരുന്നു റോണോയുടെ ഗോളുകള്‍.

ക്രിസ്റ്റ്യാനോ റൊണാൾഡോ.

മുന്‍ ക്രൊയേഷ്യന്‍ ഫുട്‌ബോളര്‍ മാരിയോ മാന്‍ഡ്സുക്കിച്ചാണ് ഈ ലിസ്റ്റിലെ രണ്ടാമന്‍. ബയേണ്‍ മ്യൂണിക്കും യുവന്തസിനും വേണ്ടിയായിരുന്നു താരം ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരില്‍ ഗോളടിച്ചത്.

അതേസമയം, ആഴ്സണല്‍ 4 – 2 – 3 -1 എന്ന ഫോര്‍മേഷനിലാണ് കളത്തിലിറങ്ങിയത്. മറുവശത്താകട്ടെ പി.എസ്.ജി 4 – 3 – 3 എന്ന ഫോര്‍മേഷനാണ് അവലംബിച്ചത്.

Content Highlight: Kai Havertz become third player to score for two teams in a Champions League final; Cristiano Ronaldo and Mario Mandžukić are other two

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി