അനധികൃതമായി നിര്‍മ്മിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് സ്റ്റോപ്പ് മെമ്മോ നല്‍കിയ റിസോര്‍ട്ട് കണ്‍സെപ്റ്റിന്റെ  ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി കടകംപള്ളി
Governance and corruption
അനധികൃതമായി നിര്‍മ്മിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് സ്റ്റോപ്പ് മെമ്മോ നല്‍കിയ റിസോര്‍ട്ട് കണ്‍സെപ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി കടകംപള്ളി
ന്യൂസ് ഡെസ്‌ക്
Tuesday, 9th October 2018, 4:35 pm

മലമ്പുഴ : അനധികൃത നിര്‍മാണമെന്ന പരാതിയെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോകൊടുത്ത് നിര്‍മ്മാണം നിര്‍ത്തിവെച്ച ആയുര്‍വേദ റിസോര്‍ട്ട് ഉദ്ഘാടനം ചെയ്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തെക്കേ മലമ്പുഴ എലിവാലില്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്തിനോട് ചേര്‍ന്ന് നിര്‍മ്മിച്ച ഔ റിവോയര്‍ എന്ന റിസോര്ട്ടിന്റെ കണ്സെപ്റ്റാണ് മന്ത്രി ഒക്ടോബര്‍ എട്ടിന് ഉദ്ഘാടനം ചെയ്തത്.

സ്ഥലം എം.പി എം.ബി രാജേഷിനേയും എം.എല്‍എ ഷാഫി പറമ്പിലിനേയും ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നെങ്കിലും അവര്‍ പരിപാടിയില്‍ നിന്നു വിട്ടുനിന്നു. ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട പാലക്കാട് മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാനും ചടങ്ങില്‍ പങ്കെടുത്തില്ല.

1962ലെ കേന്ദ്ര സര്‍ക്കാരിന്റെ ഡിഫന്‍സ് ഇന്ത്യന്‍ ആക്ട് പ്രകാരം ഡാമും ചുറ്റുമുള്ള മുന്നൂറു മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവും സംരക്ഷിത മേഖലയാണ്. ഈ പ്രദേശത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങളോ കയ്യേറ്റങ്ങളോ അനുവദിക്കുന്നതല്ല. എന്നാല്‍ ഈ ചട്ടം ലംഘിച്ചാണ് ഡാമില്‍ നിന്നും റിസോര്‍ട്ടിലേക്കുള്ള അകലം നൂറു മീറ്റര്‍ പോലുമില്ലാത്ത ഇടത്ത് റിസോര്‍ട്ട് നിര്‍മ്മിക്കാനൊരുങ്ങുന്നത്.

പച്ചപ്പും മലനിരകളും എല്ലാം ചേര്‍ന്ന് പ്രകൃതിസുന്ദരമായ ഈ പ്രദേശം ലക്ഷ്യം വെച്ച് റിസോര്‍ട്ടുകളും ഹോട്ടലുകളും തുടങ്ങാന്‍ നിരവധി കമ്പനികള്‍ ശ്രമിച്ചിരുന്നു. ഇതാദ്യമായാണ് ഒരു റിസോര്‍ട്ടിന് ഈ പ്രദേശത്തിന് അനുമതി ലഭിക്കുന്നത്. റിസോര്‍ട്ടിനെത്തിറീ നിരവധി പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും പരാതിയുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.

സ്‌റ്റോപ്പ് മെമ്മോ നല്‍കി നിര്‍ത്തിവെച്ച റിസോര്‍ട്ട് ഉദ്ഘാടനം ചെയ്ത സംഭവവത്തില്‍ പ്രദേശത്തെ തഹസില്‍ദാരുമായി ബന്ധപ്പെട്ടപ്പോള്‍ മലമ്പുഴ പഞ്ചായത്താണ് റിസോര്‍ട്ടു നിര്‍മ്മാണം തുടങ്ങാന്‍ അനുമതി നല്‍കിയത് എന്നാണ് അദ്ദേഹം ഡൂള്‍ന്യൂസിനോടു പറഞ്ഞത്. വില്ലജ് ഓഫീസസര്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.

റിസോര്‍ട്ടു നിര്‍മാണവുമായി ബന്ധപെട്ടു താലൂക്ക് സംരക്ഷണ സമിതിയില്‍ നിന്നും പരാതി ഉയര്‍ന്നപ്പോഴാണ് തങ്ങള്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ തീരുമാനിച്ചതെന്ന് തഹസില്‍ദാര്‍ പറഞ്ഞു. നിര്‍മ്മാണം നിര്‍ത്തി വെപ്പിക്കുകയും നിര്‍മ്മാണത്തിനുപയോഗിച്ച ജെ.സി.ബി പിടിച്ചുവെക്കുകയും ചെയ്തിരുന്നു. തങ്ങളുടെ അന്വേഷണത്തില്‍, നിര്‍മ്മാണത്തില്‍ ക്രമക്കേട് കണ്ടെത്തുകയാണെങ്കില്‍ റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ അനുവദിക്കില്ലായെന്നും തഹസില്‍ദാര്‍ പറഞ്ഞു.

കോഴിക്കോട് പ്രൊജക്റ്റ് ഒന്ന് ചീഫ് എന്‍ജിനീയറുടെ അനുമതി ലഭിച്ചതിന്‍ പ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നാണ് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡൂള്‍ന്യൂസിനോടു പറഞ്ഞത്. ഡാം സേഫ്റ്റി അതോറിറ്റി മീറ്റിംഗില്‍ പദ്ധതി അംഗീകരിച്ചിരുന്നു. ഇത് പിന്തുടര്‍ന്നാണ് മലമ്പുഴ ഗ്രാമപഞ്ചായത്തും റിസോര്‍ട്ടിന് അനുമതി നല്‍കിയത്. എന്നാല്‍ പഞ്ചായത്ത് സമിതി അംഗങ്ങള്‍ അറിയാതെ പഞ്ചായത്ത് സെക്രട്ടറി ഒറ്റക്ക് നിര്‍മ്മാണത്തിന് അനുമതി നല്കുകയായിരുന്നുവെന്നാണ് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ പറയുന്നത്. കുടിവെള്ളത്തിനും മറ്റുമായി ഈ പ്രദേശത്തെ പത്തുലക്ഷത്തോളം വരുന്ന ജനങ്ങള്‍ മലമ്പുഴ ജലസംഭരണിയെയാണ് ആശ്രയിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിന് റിസോര്‍ട്ടിന് അനുമതി ലഭിക്കുന്നത് ജലമലിനീകരണത്തിന് വഴിവെക്കുമെന്നും പ്രദേശവാസികള്‍ പറയുന്നു.

മലമ്പുഴ ഡാം സംരക്ഷണവുമായി ബന്ധപെട്ടു ജലസേചന വകുപ്പിനെ കുറിച്ച് നിരവധി പരാതികള്‍ നിലവിലുണ്ട്. ഡാമിനോട് ചേര്‍ന്നുള്ള ഉദ്യാനം നവീകരിക്കുന്നതിനും മറ്റുമായി ജലസേചന വകുപ്പ് അഴിമതി നടത്തി എന്നും ആരോപണമുണ്ട്. നവീകരണ പ്രവര്‍ത്തനങ്ങള്‍ നിലവാരമില്ലാത്തതും നീണ്ടുനില്‍ക്കാത്തതും ആണെന്ന് പ്രദേശത്തെ ജനങ്ങള്‍ പറയുന്നു. അതിലോലമായ വൃഷ്ടിപ്രദേശവും മറ്റു അനുബന്ധ പ്രദേശങ്ങളും സ്വകാര്യവ്യക്തികള്‍ക്ക് കയ്യേറാന്‍ അനധികൃതമായി ജലസേചനവകുപ്പ് അനുവദിക്കുന്നുവെന്നും പരാതിയുണ്ട്.

ഡാമിന്റെ വൃഷ്ടി പ്രദേശത്തുള്ള നൂറിലേറെ ഏക്കര്‍ സ്ഥലം ഇപ്പോള്‍ സ്വകര്യ വ്യക്തികളുടെ കയ്യിലാണെന്നു മുന്‍ വില്ലജ് ഓഫീസര്‍ സമ്മതിക്കുന്നുണ്ട്. ഡാമിലും ചുറ്റുമുള്ള പ്രദേശങ്ങളിലുമുള്ള പ്രകൃതി ചൂഷണങ്ങളും കയ്യേറ്റങ്ങളും ജലമലിനീകരണ വകുപ്പും പഞ്ചായത്തും പലപ്പോഴും കണ്ടില്ല എന്ന് നടിച്ചിട്ടുണ്ടെന്നും സമീപവാസികള്‍ പറയുന്നു. അതിനു പുറമെയാണ് ഈ ചൂഷണത്തിന് നേരെയും ഇപ്പോള്‍ കണ്ണടയ്ക്കുന്നത്.