ചന്ദ്രചൂഡന് മനോനില തെറ്റിയെന്ന് കടകംപള്ളി സുരേന്ദ്രന്‍
Kerala
ചന്ദ്രചൂഡന് മനോനില തെറ്റിയെന്ന് കടകംപള്ളി സുരേന്ദ്രന്‍
ന്യൂസ് ഡെസ്‌ക്
Thursday, 13th February 2014, 12:30 pm

[]തിരുവനന്തപുരം: ആര്‍.എസ്.പി ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്റെ മനോനില തെറ്റിയിരിക്കുകയാണെന്ന് സി.പി.ഐ.എം നേതാവ് കടകംപള്ളി സുരേന്ദ്രന്‍.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ സി.പി.ഐ.എം വിലക്കിയെന്ന ചന്ദ്രചൂഡന്റെ പ്രസ്താവന തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും വ്യാജ വാര്‍ത്തയാണ് അദ്ദേഹം പ്രചരിപ്പിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

മാധ്യമങ്ങളില്‍ എന്തെങ്കിലും വാര്‍ത്ത വരണമെന്നുണ്ടെങ്കില്‍ സി.പി.ഐ.എമ്മിനെതിരായി സംസാരിക്കണമെന്ന് അദ്ദേഹത്തിന് തോന്നിക്കാണും. അതാണ് ഇത്തരമൊരു കാര്യം മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ആര്‍ക്ക് വേണ്ടിയിട്ടാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം എല്‍.ഡി.എഫിലാണോ യു.ഡി.എഫിലാണോ ബി.ജെ.പിയിലാണോ എന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദന് എതിരായ പാര്‍ട്ടിയുടെ രഹസ്യ നീക്കങ്ങള്‍ മാറ്റാന്‍ യുവജനങ്ങള്‍ രംഗത്തിറങ്ങണമെന്ന് ടി.ജെ. ചന്ദ്രചൂഡന്‍ ആവശ്യപ്പെട്ടിരുന്നു.

എല്‍.ഡി.എഫിന് മൂല്യച്ചുതി വന്നിട്ടുണ്ട്. പലരും പലരെയും ഭയക്കുകയാണ്. അതുകൊണ്ടാണ് ചിലരെ വിലക്കുന്നത്.

യുവജനങ്ങള്‍ തിരുത്തല്‍ ശക്തിയാകണം. തിരുത്താന്‍ പോകുമ്പോള്‍ തല്ല് കൊള്ളാനും ശീലിക്കണം. എല്‍.ഡി.എഫ് നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഇപ്പോള്‍ ശക്തി പോരാതായിരിക്കുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

മൂന്നാം മുന്നണി ഉണ്ടാക്കാന്‍ പ്രാദേശിക കക്ഷികളെ സി.പി.ഐ.എം തേടി പോവുകയാണെന്നും ഇങ്ങനെ പോയാല്‍ അവര്‍ പറയുന്നത് പോലെ ചെയ്യേണ്ടി വരുമെന്നും അദേഹം പറഞ്ഞിരുന്നു.