കഭി ഖുശി കഭി ഗം' മലയാളത്തിലേക്ക് റീമേക്ക് ചെയ്യണം; ആഗ്രഹം തുറന്ന് പറഞ്ഞ് ജോബി ജോര്‍ജ്; മമ്മൂട്ടിയും ദുല്‍ഖറും ഉണ്ടാകുമോയെന്ന് ആരാധകര്‍
Malayalam Cinema
കഭി ഖുശി കഭി ഗം' മലയാളത്തിലേക്ക് റീമേക്ക് ചെയ്യണം; ആഗ്രഹം തുറന്ന് പറഞ്ഞ് ജോബി ജോര്‍ജ്; മമ്മൂട്ടിയും ദുല്‍ഖറും ഉണ്ടാകുമോയെന്ന് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th March 2020, 3:26 pm

കൊച്ചി: എക്കാലത്തെയും ഹിറ്റ് ബോളിവുഡ് ചിത്രങ്ങളില്‍ ഒന്നാണ് കഭി ഖുഷി കഭി ഗം. ഷാറൂഖ് ഖാന്‍, അമിതാബ് ബച്ചന്‍ കജോള്‍, ജയ ബച്ചന്‍, ഹൃത്വിക് റോഷന്‍ എന്നിവര്‍ അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് യഷ് ജോഹറായിരുന്നു.

2001 ല്‍ ഇറങ്ങിയ ഈ ചിത്രം വിദേശത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. ഇപ്പോഴിതാ ചിത്രം മലയാളത്തില്‍ എടുക്കാന്‍ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ്.

ഫേസ്ബുക്കിലൂടെയായിരുന്നു ഗുഡ്‌വില്‍ സിനിമാസിന്റെ അമരക്കരന്‍ കൂടിയായ ജോബിയുടെ തുറന്നു പറച്ചില്‍. താന്‍ ചിത്രം നൂറ് തവണ കണ്ടെന്നും ഒരിക്കല്‍ പോലും ബോറടിക്കുകയോ ഫോര്‍വേഡ് ചെയ്യാന്‍ തോന്നാത്തതുമായ ഒരു മനോഹര സിനിമയാണിതെന്നും ജോബി പറയുന്നു.

ആയുസും ആരോഗ്യവും ഉണ്ടേല്‍ മലയാളത്തില്‍ കുറച്ചു മാറ്റങ്ങള്‍ വരുത്തി ചെയ്യണം എന്ന് അതിയായ മോഹം ഉണ്ടെന്നും. പ്രൊഡക്ഷന്‍ മാത്രം ഗുഡ്വില്‍ ബാക്കിയൊക്കെ വിവരമുള്ളവര്‍. വെല്ലുവിളി കാസ്റ്റിംഗ് മാത്രമാണെന്നും ജോബി പറയുന്നു.

ഇതോടെ പല സിനിമാ ഗ്രൂപ്പുകളിലും ആരാധകർ ചർച്ചകളും ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തില്‍ മമ്മൂട്ടിയും ദുല്‍ഖറും ഉണ്ടാകുമോയെന്നാണ് ചിലര്‍ക്ക് അറിയേണ്ടത്.

ഷൈലോക്ക് ആണ് ജോബി നിര്‍മ്മിച്ച് തിയേറ്ററുകളില്‍ എത്തിയ അവസാന ചിത്രം. മമ്മൂട്ടി നായകനായ ഈ ചിത്രം സംവിധാനം ചെയ്തത് അജയ് വസുദേവ് ആയിരുന്നു.