കാതല്‍ പൂര്‍ത്തിയായി; ഇനി മാത്യു ദേവസിക്കായുള്ള കാത്തിരിപ്പ്
Film News
കാതല്‍ പൂര്‍ത്തിയായി; ഇനി മാത്യു ദേവസിക്കായുള്ള കാത്തിരിപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 22nd November 2022, 5:26 pm

മമ്മൂട്ടിയും ജ്യോതികയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന കാതലിന്റെ ഷൂട്ട് പൂര്‍ത്തിയായി. ജോര്‍ജ് എസ് ആണ് ട്വിറ്ററിലൂടെ അക്കാര്യം അറിയിച്ചത്. ജിയോ ബേബിക്കൊപ്പം അണിയറപ്രവര്‍ത്തകര്‍ നില്‍ക്കുന്ന ചിത്രം ജോര്‍ജ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചിത്രത്തിലെ മമ്മൂട്ടിയുടെയും ജ്യോതികയുടെയും ഭാഗങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. മമ്മൂട്ടിയുടെ ഭാഗങ്ങളാണ് ആദ്യം തീര്‍ത്തത്. ജ്യോതികക്കൊപ്പം ബിരിയാണി വിളമ്പിയാണ് മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിലെ അവസാനം ദിവസം ആഘോഷിച്ചത്.

മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട് ചിത്രത്തില്‍ ഈ കഥാപാത്രം. ജ്യോതികയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 18ന് ആണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഒരിടവേളക്ക് ശേഷം ജ്യോതികയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവെന്ന നിലയിലും കാതല്‍ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിയും ജ്യോതികയും ആദ്യമായാണ് സ്‌ക്രീനില്‍ ഒരുമിച്ചെത്തുന്നത്. റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് കാതല്‍. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം ആയിരുന്നു ആദ്യ ചിത്രം. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതല്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്.

ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ആദര്‍ഷ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം സാലു കെ. തോമസ്, എഡിറ്റിങ് ഫ്രാന്‍സിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കന്‍.

ബി. ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫറാണ് ഷൂട്ട് പൂര്‍ത്തിയാക്കിയ മമ്മൂട്ടിയുടെ മറ്റൊരു ചിത്രം. നന്‍പകല്‍ നേരത്ത് മയക്കമാണ് റിലീസിനായി കാത്തിരിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രം.

Content Highlight: kaathal shott pack up