സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷിന്റെ ‘നമ്മള്‍ അനാഥരല്ല ഗുണ്ടകളാണ്’ എന്ന ഡയലോഗിന് സംഗീതാത്മക ട്രോളുമായി യൂട്യൂബര്‍ കാര്‍ത്തിക് ശങ്കര്‍.
മാധവ് സുരേഷിന്റെ കുമ്മാട്ടിക്കളി എന്ന ചിത്രത്തിലെ ‘എന്തിനാടാ കൊന്നിട്ട് , നമ്മള്‍ അനാഥരാണ് ഗുണ്ടകളല്ല’ എന്ന ഡയലോഗാണ് പാട്ടിന്റെ രൂപത്തില്‍ കാര്‍ത്തിക് ആലപിച്ചത്.
‘ നമ്മള്‍ അനാഥരാണ് ഗുണ്ടകളല്ല എന്ന വരിയോടെയാണ് പാട്ട് ആരംഭിക്കുന്നത്.
‘നമ്മള്‍ അനാഥരാണ് ഗുണ്ടകളല്ല….(2)
എന്തിനാടാ കൊന്നിട്ട് ..എന്തിനാടാ കൊന്നിട്ട്
ഇയാള്‍ടെ മകളും നമ്മളെപ്പോലെ
തന്തയില്ലാതെ ജീവിക്കാനാണോ…..
നമ്മള്‍ അനാഥരാണ് ഗുണ്ടകളല്ല…..(2)
ജനിച്ചുവീണഅന്നു തന്നെ അച്ഛന്‍
മരിച്ചെന്ന് ചീത്തപ്പേര്
ജീവിതകാലം മുഴുവന്‍
ആ കുഞ്ഞ് കേള്‍ക്കാനോ
ഇവിടെത്തന്നെയല്ലേ അവളും വളരേണ്ടത് (2)
നമ്മള്‍ അനാഥരാണ് ഗുണ്ടകളല്ല…(2)
എന്നിങ്ങനെയാണ് പാട്ടിലെ വരികള്‍..
മരിച്ചവരുമായോ ജീവിച്ചിരിക്കുന്നവരുമായോ യാതൊരു ബന്ധവും ഈ പാട്ടിനില്ലെന്നും സംഗതി പാട്ടായി മാറിയപ്പോള്‍ ഡയലോഗിനേക്കാള്‍ രസമുണ്ടെന്നുമൊക്കെയുള്ള കമന്റുകളാണ് വരുന്നത്.
എന്ത് മനോഹരമായിട്ടാണ് നിങ്ങള്‍ ഒരാളുടെ ശവത്തില്‍ കുത്തുന്നതെന്നാണ് മറ്റൊരു കമന്റ്.
കൊന്നിട്ടുപോടാ പന്നികളെ എന്ന് പറയാന്‍ പറഞ്ഞു, എന്തിനാടാ കൊന്നിട്ട്, കൊന്നവനെ വീണ്ടും കൊല്ലുന്നോ, എയറില്‍ കയറിയവനെ വിളിച്ചിറക്കി നൈട്രജന്‍ നിറച്ചുവിടുന്നു, കണ്ണടച്ചുകേട്ടു നോക്കൂ വേടനൊക്കെ മാറി നില്‍ക്കും, ഒന്നിറങ്ങി പകുതി വരെ വന്നതായിരുന്നു ദേ ശൂന്യാകാശത്തേക്ക് അടിച്ചുവിട്ടു, വയലാറെഴുതുമോ ഇതുപോലുള്ള വരികള്‍, ഇനി എന്തിനാടാ അവനെ കൊല്ലുന്നത് അവന്‍ അഭിനയം നിര്‍ത്തി തുടങ്ങി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
അതേസമയം മാധവിനെ പിന്തുണച്ചും ചില കമന്റുകള്‍ വരുന്നുണ്ട്. ഇതുപോലൊരു നാള്‍ ഫഹദ് ഫാസിലിനേയും ചിലര്‍ ട്രോളിയിരുന്നു എന്നും ഇപ്പോള്‍ ഫഹദ് എവിടെ കിടക്കുന്നുവെന്നുമായിരുന്നു ചിലരുടെ ചോദ്യം.
നമ്മള്‍ അനാഥരാണ് ഗുണ്ടകളല്ല എന്ന ഡയലോഗിന് സോഷ്യല്‍ മീഡിയയിലടക്കം നിരവധി ട്രോളുകള്‍ കിട്ടിയിരുന്നു. അനുജനെതിരായ ട്രോളുകളില്‍ പ്രതികരണവുമായി നടന്‍ ഗോകുല്‍ സുരേഷ് കഴിഞ്ഞ ദിവസം രംഗത്തെത്തുകയും ചെയ്തു.
മാധവിനെ കളിയാക്കുന്നവര്‍ക്കിട്ട് നല്ല ഇടി കൊടുക്കാന്‍ തോന്നുമെന്നായിരുന്നു ഗോകുല്‍ സുരേഷിന്റെ പ്രതികരണം.
‘എന്നെ പറഞ്ഞാല്‍ എനിക്ക് കുഴപ്പമില്ല. പക്ഷേ വീട്ടുകാരെ പറയുമ്പോള്‍ പ്രശ്‌നമാണ്. എന്റെ അനുജനൊക്കെ ചെറുതല്ലേ. അവനെ പറയുമ്പോള്‍ നല്ല ഇടി കൊടുക്കാന്‍ തോന്നും.
ഇടി കൊടുക്കാന്‍ തുടങ്ങിയാല്‍ എവിടം കൊണ്ട് അവസാനിപ്പിക്കണമെന്നും അറിയില്ല, പിന്നെ നമ്മളെ വില്ലനാക്കി ചിത്രീകരിക്കപ്പെടും. അത് കാണാന്‍ നാട്ടുകാരും ഉണ്ട്,’ എന്നായിരുന്നു ഗോകുല്‍ പറഞ്ഞത്.
മാധവിനെ ആ ഡയലോഗ് പറഞ്ഞ് ഇപ്പോള്‍ സ്ഥിരം എടുത്ത് കളിയാക്കുന്നവരുണ്ടെന്നും മോശപ്പെട്ട രീതിയില്‍ അവന്റെ മനസ് വിഷമിപ്പിക്കുന്ന രീതിയിലാണ് പലതുമെന്നുമായിരുന്നു ഗോകുല്‍ പറഞ്ഞത്.
Content Highlight: Kaarthik Shankar Music Troll on Actor Madhav Suresh Dialogue