രണ്ടേ മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യം, ഈഗോ ക്ലാഷിന്റെ എക്‌സ്ട്രീം വേര്‍ഷനാകും കാന്തായെന്ന് സോഷ്യല്‍ മീഡിയ
Indian Cinema
രണ്ടേ മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യം, ഈഗോ ക്ലാഷിന്റെ എക്‌സ്ട്രീം വേര്‍ഷനാകും കാന്തായെന്ന് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th November 2025, 12:44 pm

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കാന്താ. ലക്കി ഭാസ്‌കറിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചിത്രം തമിഴിലും തെലുങ്കിലുമായാണ് ഒരുങ്ങുന്നത്. ഇതുവരെ കാന്തായുടേതായി വന്ന അപ്‌ഡേറ്റുകളെല്ലാം പ്രതീക്ഷയുണര്‍ത്തുവയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നിരിക്കുകയാണ്.

UA 13+ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്കിയിരിക്കുന്നത്. പീരീയോഡിക് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന്റെ കഥയും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റും സിനിമാലോകത്ത് ചര്‍ച്ചയായി മാറിയിട്ടുണ്ട്. സൂപ്പര്‍സ്റ്റാറും അയാളെ സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന സംവിധായകനും തമ്മിലുള്ള ഈഗോ ക്ലാഷാണ് കാന്തായുടെ കഥയെന്നാണ് സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ സൂപ്പര്‍ സ്റ്റാറായി വേഷമിടുമ്പോള്‍ സമുദ്രക്കനിയാണ് സംവിധായകന്റെ വേഷം കൈകാര്യം ചെയ്യുന്നത്. ഇവര്‍ രണ്ടുപേരുടെയും ഇടയില്‍ പെട്ടുപോകുന്ന പുതുമുഖ നടിയുടെ കഷ്ടപ്പാടിനെക്കുറിച്ചും കാന്താ സംസാരിക്കുന്നുണ്ട്. നെഗറ്റീവ് ഷെയ്ഡ് കഥാപാത്രമാണ് ദുല്‍ഖറിന്റേതെന്ന് പുറത്തുവന്ന അപ്‌ഡേറ്റുകള്‍ സൂചന നല്കുന്നു.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്ന് വൈകുന്നേരം നാല് മണിക്ക് പുറത്തുവിടുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. റിലീസിന് രണ്ടാഴ്ച ബാക്കിയുള്ളപ്പോള്‍ പുറത്തിറങ്ങുന്ന ട്രെയ്‌ലര്‍ ചിത്രത്തിന്റെ ഹൈപ്പ് ഉയര്‍ത്തുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. ദുല്‍ഖറിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നാകും കാന്തായെന്ന് ആരാധകര്‍ കരുതുന്നു.

നേരത്തെ സെപ്റ്റംബര്‍ പകുതിയോടെ ചിത്രം പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ദുല്‍ഖര്‍ നിര്‍മിച്ച ലോകഃ ചാപ്റ്റര്‍ വണ്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്നതിനാല്‍ കാന്തായുടെ റീലിസ് മാറ്റുകയായിരുന്നു. കാന്താ റിലീസ് ചെയ്ത് രണ്ടാഴ്ചക്ക് ശേഷം മമ്മൂട്ടിയുടെ കളങ്കാവലും തിയേറ്ററുകളിലെത്തുന്നുണ്ട്. ഇരുവരും തമ്മിലുള്ള ക്ലാഷാണ് സിനിമാലോകത്തെ ചര്‍ച്ചാവിഷയം.

നവാഗതനായ സെല്‍വമണി സെല്‍വരാജാണ് കാന്താ ഒരുക്കുന്നത്. സൗത്ത് ഇന്ത്യയില്‍ നിലവില്‍ സെന്‍സേഷനായി മാറിയ ഭാഗ്യശ്രീ ബോസാണ് ചിത്രത്തിലെ നായിക. റാണാ ദഗ്ഗുബട്ടിയും ചിത്രത്തില്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാനും റാണാ ദഗ്ഗുബട്ടിയും ചേര്‍ന്നാണ് കാന്താ നിര്‍മിച്ചിരിക്കുന്നത്. നവംബര്‍ 14ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Kaantha movie censoring done