ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തവര്‍ മാപ്പ് പറയുകയാണെങ്കില്‍ ആദ്യം അങ്ങ് മാപ്പ് പറയുന്നതാവും നല്ലതെന്ന് വി.ഡി സതീശനോട്‌ കെ. സുരേന്ദ്രന്‍
Kerala
ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തവര്‍ മാപ്പ് പറയുകയാണെങ്കില്‍ ആദ്യം അങ്ങ് മാപ്പ് പറയുന്നതാവും നല്ലതെന്ന് വി.ഡി സതീശനോട്‌ കെ. സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th June 2026, 8:04 pm

തിരുവനന്തപുരം: ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തവരൊക്കെ മാപ്പ് പറയുകയാണെങ്കില്‍ ആദ്യം മുഖ്യമന്ത്രി വി.ഡി സതീശന്‍ തന്നെ മാപ്പ് പറഞ്ഞ് തുടങ്ങുന്നതായിരിക്കും നല്ലതെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് നല്‍കിയ കമന്റിലാണ് സുരേന്ദ്രന്‍ ഈ കാര്യം പറഞ്ഞത്.

സംസ്ഥാനത്തെ മൂന്ന് മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ ആര്‍.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി നടന്ന സമ്മേളനത്തില്‍ പങ്കെടുത്തത് വിവാദമായിരുന്നു. ഇതിന് പിറകെ ഈ വൈസ് ചാന്‍സലര്‍മാരുടെ നടപടിയെ മുഖ്യമന്ത്രി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

ആര്‍.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത സംസ്ഥാനത്തെ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ മാപ്പ് പറയണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഈ പോസ്റ്റിലായിരുന്നു സുരേന്ദ്രന്റെ കമന്റ്.

‘ആര്‍.എസ്.എസ്. പരിപാടിയില്‍ പങ്കെടുത്തവരൊക്കെ മാപ്പ് പറയുകയാണെങ്കില്‍ ആദ്യം അങ്ങുതന്നെ മാപ്പു പറഞ്ഞു തുടങ്ങുന്നതായിരിക്കും നല്ലത്,’ എന്ന് സുരേന്ദ്രന്റെ കമന്റില്‍ പറയുന്നു.

വി.ഡി സതീശന്‍ ഒരു ആര്‍.എസ്.എസ് ചടങ്ങില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ കുറച്ച് കാലം മുന്‍പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 2006ല്‍ പറവൂരില്‍ നടന്ന ആര്‍.എസ്.എസ.് ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുക്കുന്ന ചിത്രങ്ങളായിരുന്നു അന്ന് പ്രചരിച്ചത്. ആര്‍.എസ്.എസ് നേതാവ് ഗോള്‍വാള്‍ക്കറുടേത് അടക്കമുള്ള ചിത്രങ്ങള്‍ക്ക് മുന്നിലുള്ള വിളക്കില്‍ സതീശന്‍ തിരി കൊളുത്തുന്നതായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.

എം.ജി, കേരളാ, മലയാളം സര്‍വകലാശാലകളിലെ വി.സിമാരായിരുന്നു ആര്‍.എസ്.എസ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഇതിനെതിരെ പ്രതിപക്ഷം വിമര്‍ശനമുന്നയിച്ചിരുന്നു. യു.ഡി.എഫും ഉന്നതവിദ്യാഭ്യസ മന്ത്രിയും നിലപാടറിയിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിറകെയാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റ് വഴി പ്രതികരണം അറിയിച്ചത്.

സര്‍സംഘചാലക് മോഹന്‍ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയില്‍ മൂന്ന് വൈസ് ചാന്‍സലര്‍ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നുവെന്നും ഗുരുതരമായ വീഴ്ചയാണ് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഉണ്ടായതെന്നും വി.ഡി സതീശന്‍ പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ്ചാന്‍സിലര്‍മാരുടെ അന്തസിനും നിരക്കാത്തതാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളീയ പൊതുസമൂഹത്തിന് വൈസ് ചാന്‍സലര്‍ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വര്‍ഗീയത പറയുന്ന ആര്‍.എസ്.എസ് നേതാവിന്റെ പരിപാടിയില്‍ ഇവര്‍ പങ്കെടുത്തത്. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വെച്ചുപൊറുപ്പിക്കുകയുമില്ല. ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Content Highlight: K Surendrans Comment on VD Satheesan’s Post about VC’s Attending RSS Event