തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ വലയ്ക്കുന്ന വിലക്കയറ്റം തടയുന്നതിനായി പെട്രോളിയം ഉത്പന്നങ്ങളുടെയും പാലിന്റെയും വില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
ജനങ്ങളെ ബാധിക്കുന്ന പെട്രോള്‍ ഡീസല്‍ വിലവര്‍ധനവ് നിയന്ത്രിക്കുന്നതിനായി സംസ്ഥാന നികുതിയിനത്തില്‍ കുറവ് വരുത്തണമെന്നും ചുരുങ്ങിയത് പത്ത് രൂപയെങ്കിലും കുറയ്ക്കാന്‍ തയ്യാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ഒരു കണ്‍സ്യൂമര്‍ സ്റ്റേറ്റ് എന്ന നിലയില്‍ കേരളത്തിലെ വിലക്കയറ്റത്തിന് പ്രധാന കാരണങ്ങളിലൊന്ന് പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിലുണ്ടാകുന്ന മാറ്റങ്ങളാണെന്ന് ബി.ജെ.പി വക്താവ് പറഞ്ഞു.
‘ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് നികുതി ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തില്‍ വാറ്റും റോഡ് സെസ്സും പെട്രോളിയം സെസ്സും അടക്കം ഏകദേശം 34 രൂപയാണ് പെട്രോളിനും ഡീസലിനും സംസ്ഥാന ഗവണ്‍മെന്റ് ഈടാക്കുന്നത്.
ചുരുങ്ങിയത് ഒരു 10 രൂപയുടെ എങ്കിലും കുറവ് പെട്രോളിനും ഡീസലിനും വാറ്റ് ഇനത്തിലും സെസ് ഇനത്തിലുമായി ഈടാക്കുന്ന തുകയില്‍ കുറയ്ക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് അടിയന്തരമായി തയ്യാറാവണം,’ സുരേന്ദ്രന്‍ പറഞ്ഞു.
എന്‍.ഡി.എ ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ 15 രൂപ വരെ സംസ്ഥാന നികുതിയില്‍ കുറവ് വരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷത്തായിരുന്നപ്പോള്‍ യു.ഡി.എഫും സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
ആഗോളതലത്തില്‍ ഇന്ധനവില വര്‍ധിച്ച സാഹചര്യത്തിലും ഇന്ത്യ പ്രതിസന്ധികളെ പ്രതിരോധിച്ചു നിന്നുവെന്നും, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ വലിയ തോതിലുള്ള വിലക്കയറ്റം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: K. Surendran wants the state government to be prepared to reduce fuel taxes