ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
‘മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകണം’; ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍
ന്യൂസ് ഡെസ്‌ക്
Friday 11th January 2019 2:29pm

കൊച്ചി: മകര വിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. .

ഹരജിയില്‍ കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ചോദിച്ചു. തിങ്കളാഴ്ച വിശദീകരണം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

മകരവിളക്കിന് ശബരിമലയില്‍ എത്താനായിരുന്നു സുരേന്ദ്രന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ചയാണ് സര്‍ക്കാരിനോട് വിശദീകരണം നല്‍കാന്‍ പറഞ്ഞിരിക്കുന്നത്. മകരവിളക്കിന് ശേഷം അഞ്ച് ദിവസം കൂടി ശബരിമല നട തുറന്നിരിക്കും. ഈ സമയത്ത് ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്നുമാണ് സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയായിരുന്നു സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇതില്‍ ഇളവ് ആവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്.

ചിത്തിര ആട്ടവിശേഷത്തിനിടെ കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലായിരുന്നു സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ കര്‍ശന ഉപാധികളോടെയാണ് കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചിരുന്നത്.

പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്നായിരുന്നു അതിലെ പ്രധാന നിര്‍ദേശം. രണ്ടു പേരുടെ ആള്‍ ജാമ്യത്തിലും രണ്ടു ലക്ഷം രൂപ കെട്ടിവെച്ചതിനും ശേഷമായിരുന്നു സുരേന്ദ്രന് ജയില്‍മോചനം സാധ്യമായത്. 23 ദിവസത്തെ ജയില്‍വാസത്തിനുശേഷമായിരുന്നു കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചത്.

Advertisement