മൊഴിയില്‍ മാറ്റമില്ല; ബി.ജെ.പി. നേതാക്കള്‍ തട്ടിക്കൊണ്ടു പോയി, തടങ്കലില്‍ വെച്ചു; ക്രൈം ബ്രാഞ്ചിന് മുന്നില്‍ കെ. സുന്ദര
Kerala News
മൊഴിയില്‍ മാറ്റമില്ല; ബി.ജെ.പി. നേതാക്കള്‍ തട്ടിക്കൊണ്ടു പോയി, തടങ്കലില്‍ വെച്ചു; ക്രൈം ബ്രാഞ്ചിന് മുന്നില്‍ കെ. സുന്ദര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th June 2021, 3:04 pm

കാസര്‍ഗോഡ്: സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനായി പണം നല്‍കിയെന്ന കേസില്‍ ക്രൈം ബ്രാഞ്ചിന് മൊഴിനല്‍കി കെ. സുന്ദര. ബദിയടുക്ക പൊലീസിന് നല്‍കിയ മൊഴി തന്നെയാണ് കെ. സുന്ദര ക്രൈം ബ്രാഞ്ചിനും നല്‍കിയത്.

പണം നല്‍കുന്നതിന് മുമ്പ് തന്നെ ബി.ജെ.പിക്കാര്‍ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടു പോയി തടങ്കലില്‍ വെച്ചെന്നുമാണ് കെ. സുന്ദര പൊലീസിന് മൊഴി നല്‍കിയിരുന്നത്. ഇതു തന്നെയാണ് ക്രൈം ബ്രാഞ്ചിനോടും സുന്ദര ആവര്‍ത്തിച്ചത്.

ഷേണിയിലെ സുന്ദരയുടെ ബന്ധുവിന്റെ വീട്ടില്‍ വെച്ചാണ് മൊഴിയെടുത്തത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനായിരുന്നു സുന്ദര മൊഴി നല്‍കിയത്.

കേസില്‍ പരാതിക്കാരനായ വി.വി. രമേശന്റെ മൊഴിയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

മഞ്ചേശ്വരത്തെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ബി.എസ്.പി. സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുന്ദരയ്ക്ക് പണം നല്‍കിയെന്നായിരുന്നു വി.വി. രമേശന്‍ നല്‍കിയ പരാതി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെയാണ് പരാതി നല്‍കിയത്.

ബി.ജെ.പി. നേതാക്കള്‍ വീട്ടിലെത്തി രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നായിരുന്നു സുന്ദര പറഞ്ഞത്.

കേസില്‍ ബദിയടുക്ക പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: K Sundara gave statement before Crime Branch against BJP