സി.പി.ഐ.എം ഭരണകൂടം മുസ്‌ലിം വിരുദ്ധം; പിണറായി വിജയനിത്ര ഭീരുവോ? പി.കെ. ഫിറോസിന്റെ അറസ്റ്റില്‍ സുധാകരന്‍
Kerala News
സി.പി.ഐ.എം ഭരണകൂടം മുസ്‌ലിം വിരുദ്ധം; പിണറായി വിജയനിത്ര ഭീരുവോ? പി.കെ. ഫിറോസിന്റെ അറസ്റ്റില്‍ സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd January 2023, 8:44 pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ ഭാഗമായുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു കെ. സുധാകരന്‍.

പിണറായി വിജയന്റെ അഴിമതി ഭരണത്തിനെതിരെ തെരുവില്‍ സമരകാഹളം മുഴക്കിയ മുസ്‌ലിം യൂത്ത് ലീഗിന്റെ മുഴുവന്‍ പോരാളികള്‍ക്കും അഭിവാദ്യങ്ങള്‍. പിണറായി വിജയന് പ്രതിഷേധങ്ങളോടുള്ള പേടി മാറ്റാന്‍ സമരക്കാരെ റിമാന്‍ഡ് ചെയ്യിക്കാന്‍ കേരള പൊലീസ് ഇറങ്ങിയാല്‍ ജയിലറകള്‍ പോരാതെ വരുമെന്ന് ഓര്‍മപ്പെടുത്തുന്നുവെന്നും സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

‘മുഖ്യമന്ത്രി പിണറായി വിജയന്‍, നിങ്ങളിത്ര ഭീരുവോ?
നൂറുകണക്കിന് പൊലീസുകാരുടെ കാവല്‍ ഇല്ലാതെ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങാന്‍ ഭയം, റോഡിലിറങ്ങാന്‍ ഭയം, ജനകീയ പ്രതിഷേധങ്ങളെ ഭയം, പ്രതിഷേധക്കാരെ ഭയം. നിങ്ങള്‍ ഇങ്ങനെ പേടിച്ചാല്‍ കേരളത്തിന്റെ ഭരണം എങ്ങനെ മുന്നോട്ടു പോകും?

കേരളം കണ്ട ഏറ്റവും വലിയ കൊള്ളക്കാരനാണ് പിണറായി വിജയന്‍ എന്ന് ഞങ്ങള്‍ നിസംശയം പറയും. ആ കൊള്ളക്കാരനെതിരെ വിരല്‍ ചൂണ്ടി സംസാരിക്കുന്ന യു.ഡി.എഫിന്റെ യുവ നേതാക്കളെ അടിച്ചമര്‍ത്താന്‍ ഇത് ചൈനയും കൊറിയയും ഒന്നുമല്ല.

കെ.എം. ഷാജിക്കെതിരെ, കെ.എസ്. ശബരിനാഥനെതിരെ, ഷാഫി പറമ്പിലിന് എതിരെ ഇപ്പോഴിതാ പി.കെ. ഫിറോസിനെതിരെ പിണറായി വിജയന്‍ എന്ന നികൃഷ്ട മനസ്സുള്ള രാഷ്ട്രീയക്കാരന്റെ നാണംകെട്ട ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തിയവരെയെല്ലാം ഇരുമ്പഴികള്‍ക്കുള്ളില്‍ ആക്കാന്‍ തുടര്‍ച്ചയായി ശ്രമിക്കുകയാണ് നെറികെട്ട സി.പി.ഐ.എം ഭരണകൂടം,’ സുധാകരന്‍ പറഞ്ഞു.

അടിമുടി അഴിമതി നിറഞ്ഞ സി.പി.ഐ.എം ഭരണത്തിനെതിരെ മിണ്ടാതിരിക്കാന്‍ യു.ഡി.എഫിന്റെ യുവജന നേതാക്കള്‍ ഡി.വൈ.എഫ്.ഐ നേതാക്കളെ പോലെ പിണറായി വിജയന്റെ അടിമകള്‍ അല്ല. അവര്‍ ഈ നാടിന്റെ ശബ്ദമായി പ്രതിഷേധം ഉയര്‍ത്തുമ്പോള്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്ന് കരുതുന്ന വിഡ്ഢിയാകരുത് കേരളാ മുഖ്യമന്ത്രി.

സി.പി.ഐ.എം എന്ന പാര്‍ട്ടി അധികാരത്തില്‍ ഇരുന്നപ്പോഴൊക്കെ തന്നെ കേരളത്തില്‍ മുസ്‌ലിം വേട്ട നടന്നിട്ടുണ്ട്. അടിമുടി മുസ്‌ലിം വിരുദ്ധ പ്രസ്ഥാനമായ സി.പി.ഐ.എം മുസ്‌ലിം യൂത്ത് ലീഗിന്റെ ജനകീയ പ്രക്ഷോഭങ്ങളെ പോലും ഏകാധിപത്യ ശൈലിയില്‍ അടിച്ചമര്‍ത്തുന്നത് പൊതു സമൂഹം ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.

പൊതുമുതല്‍ നശിപ്പിച്ച തീവ്ര സ്വഭാവമുള്ള പോപുലര്‍ ഫ്രണ്ട്കാരന്റെ സ്വത്ത് കണ്ടെത്താന്‍ പറഞ്ഞപ്പോള്‍ ഭയന്നു പിന്മാറിയ പിണറായി വിജയന്‍ ഹര്‍ത്താലുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണ മുസ്‌ലിം കുടുംബങ്ങളെ വേട്ടയാടുന്നതും ജനകീയ വിഷയങ്ങളില്‍ സമരം ചെയ്ത യൂത്ത് ലീഗ് പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്യുന്നതും ഒക്കെ ആരെ തളര്‍ത്താനും ആരെ വളര്‍ത്താനും ആണെന്ന് പ്രബുദ്ധ കേരളം ഇനിയെങ്കിലും തിരിച്ചറിയണമെന്നും സുധാകരന്‍ പറഞ്ഞു.

‘മുഖ്യമന്ത്രിക്ക് ഭയമുണ്ടെന്നതിന്റെ പേരില്‍ അദ്ദേഹം നടത്തുന്ന കൊള്ളകള്‍ക്കെതിരെ, അദ്ദേഹത്തിന്റെ കെടുകാര്യസ്ഥതകള്‍ക്കെതിരെ പ്രതിപക്ഷ സംഘടനകള്‍ പ്രതികരിക്കരുത് എന്ന് പറയാന്‍ ആര്‍ക്കാണ് അവകാശം?

ജാമ്യമില്ലാ വകുപ്പുകളും ജയിലറകളും കാണിച്ച് ഭയപ്പെടുത്താമെന്ന് പിണറായി വിജയന്‍ സ്വപ്നം കാണണ്ട. പിണറായി വിജയന്റെ ഇഷ്ടത്തിനൊത്ത് നടക്കാന്‍, താളത്തിനൊത്ത് തുള്ളാന്‍ പ്രതിപക്ഷത്തിരിക്കുന്നത് സ്വപ്ന സുരേഷും ശിവശങ്കരനും അല്ലെന്നോര്‍ത്താല്‍ അദ്ദേഹത്തിന് നല്ലത്. സമര പരമ്പരകള്‍ തീര്‍ത്തുകൊണ്ട് ജനങ്ങളുടെ ശബ്ദമായി പ്രതിപക്ഷം കേരളത്തിന്റെ തെരുവോരങ്ങളില്‍ ഇനിയുമുണ്ടാകും,’ കെ. സുധാകര്‍ന്‍ പറഞ്ഞു.