'തീവ്രവാദികളെന്നാല്‍ മുസ്‌ലിമാണോ? പിണറായി ആര്‍.എസ്.എസിനെ പ്രീണിപ്പിക്കുന്നു; ഭക്ഷണത്തെപ്പറ്റിയല്ല, മുസ്‌ലിം വിരുദ്ധത ചര്‍ച്ചയാക്കണം: കെ. സുധാകരന്‍
Kerala News
'തീവ്രവാദികളെന്നാല്‍ മുസ്‌ലിമാണോ? പിണറായി ആര്‍.എസ്.എസിനെ പ്രീണിപ്പിക്കുന്നു; ഭക്ഷണത്തെപ്പറ്റിയല്ല, മുസ്‌ലിം വിരുദ്ധത ചര്‍ച്ചയാക്കണം: കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th January 2023, 10:09 pm

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാന ദൃശ്യാവിഷ്‌കാരത്തില്‍ കടുത്ത മുസ്‌ലിം വിരുദ്ധത കടന്നു കയറിയത് യാദൃശ്ചികമാണെന്ന് കരുതാന്‍ വയ്യെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.

കുട്ടികളുടെ മനസിലേക്ക് വിഷം കുത്തിവെക്കുന്ന ഇത്തരം പ്രവണതകള്‍ തുടക്കത്തിലെ തടയാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനും അവര്‍ നിയോഗിച്ച സംഘാടകസമിതിക്കും ഉണ്ടായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അടിമുടി സംഘപരിവാര്‍വത്ക്കരിക്കപ്പെട്ടിരിക്കുന്ന പിണറായി വിജയനും അദ്ദേഹത്തിന്റെ ഭരണകൂടവും ആര്‍.എസ്.എസിനെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായാണോ ഗുരുതരമായ വിദ്വേഷ പ്രചാരണം നടത്തിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തീവ്രവാദികള്‍ എന്നാല്‍ മുസ്‌ലിം മതത്തില്‍പ്പട്ടവര്‍ എന്ന രീതിയില്‍ ചിത്രീകരിക്കുമ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി വായും തുറന്നു വേദിയിലേക്ക് നോക്കി ഇരിക്കുന്നുണ്ടായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

തീവ്രവാദത്തിനും തീവ്രവാദികള്‍ക്കും മതവും ജാതിയും ഇല്ലെന്ന് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഗാന്ധിവധം തൊട്ട് ഇങ്ങോട്ട് പല ചരിത്ര സംഭവങ്ങളുമുണ്ട്. എന്നാല്‍ അത്തരം ഒരു സന്ദേശം സംഘപരിവാറിന്റെ അജണ്ടക്ക് വിരുദ്ധമായതുകൊണ്ടാകാം സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കാതിരുന്നത്. ബി.ജെ.പി അംഗത്വം എടുക്കാനായി ബി.ജെ.പി നേതൃത്വവുമായി ചര്‍ച്ച നടത്തിയ സി.പി.ഐ.എം എം.എല്‍.എ വിവാദമായ ഈ സംഗീതശില്പം മുന്‍കൂട്ടി കണ്ടിട്ടും തടയാതിരുന്നത് തന്നെ ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്നും സുധാകരന്‍ ആരോപിച്ചു.

ദൃശ്യാവിഷ്‌കാരത്തിലെ ഇസ്‌ലാമോഫോബിയ മനസിലാക്കാനുള്ള വിവരവും വിവേകവും ഇല്ലാത്തതുകൊണ്ടാകാം ബന്ധപ്പെട്ട വകുപ്പ് മന്ത്രി അതിനെ കല്യാണ വീട്ടിലെ തെറ്റുകുറ്റങ്ങള്‍ ആയി കണ്ടാല്‍ മതിയെന്ന വിഡ്ഢിത്തം എഴുന്നള്ളിച്ചത്.
മൈക്ക് കിട്ടുമ്പോള്‍ മുസ്‌ലിം സമുദായത്തോടുള്ള സ്‌നേഹം ഘോരഘോരം പ്രസംഗിച്ച് പ്രകടിപ്പിക്കുന്ന മുഖ്യമന്ത്രി പ്രവൃത്തിയിലൂടെ എന്താണ് കാണിക്കുന്നതെന്ന് സമൂഹം തിരിച്ചറിയണം.

കേരളത്തിന്റെ മതസൗഹാര്‍ദം തച്ചു തകര്‍ക്കാനുള്ള ഭരണകൂട ശ്രമങ്ങളെ നമ്മള്‍ ഒന്നിച്ചു നിന്ന് തടയേണ്ടതുണ്ട്. ആര്‍.എസ്.എസിന്റെ ആജ്ഞാനുവര്‍ത്തികളായി സി.പി.ഐ.എം കാണിച്ചുകൂട്ടുന്ന പ്രകടമായ മുസ്‌ലിം വിരുദ്ധത വലിയ അപകടത്തിലേക്ക് ആണ് കേരള സമൂഹത്തിനെ നയിക്കുന്നത്.
കലോത്സവത്തിലെ ഭക്ഷണത്തെപ്പറ്റി അല്ല, അവിടെ ഭരണകൂടം കുഞ്ഞു മനസുകളിലേക്ക് കുത്തിവെക്കാന്‍ നോക്കുന്ന വര്‍ഗീയ വിഷത്തെപ്പറ്റിയാണ് പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Content Highlight:  K. Sudhakaran Said
 hardly a coincidence that virulent anti-Muslim sentiment permeated the welcome song spectacle of the State School Arts Festival