ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Political Murders
ഖത്തറിലെ പ്രസംഗത്തിനിടെ ശുഹൈബിന്റെ മരണവാര്‍ത്ത അറിഞ്ഞ് വേദിയില്‍ വിങ്ങിപ്പൊട്ടി കെ.സുധാകരന്‍
ന്യൂസ് ഡെസ്‌ക്
Tuesday 13th February 2018 11:25am

ഖത്തര്‍: ഖത്തറിലെ പ്രസംഗത്തിനിടെ കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ശുഹൈബിന്റെ മരണവാര്‍ത്ത അറിഞ്ഞ് വേദിയില്‍ വികാരാധീനനായി  കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍.

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയേയും താരതമ്യപ്പെടുത്തി പ്രസംഗം തുടര്‍ന്നുകൊണ്ടിരിക്കവേയായിരുന്നു സ്റ്റേജില്‍ നിന്നും ഒരു പ്രവര്‍ത്തകന്‍ ശുഹൈബിന്റെ മരണം അറിയിച്ചുകൊണ്ടുള്ള കുറിപ്പ് സുധാകരന് കൈമാറിയത്.

കുറിപ്പ് വായിച്ചതോടെ നെറ്റിയില്‍ കൈവെച്ച് വികാരാധീനനായി വാക്കുകള്‍ ലഭിക്കാതെ നില്‍ക്കുകയായിരുന്നു സുധാകരന്‍. നമ്മുടെ പ്രിയപ്രവര്‍ത്തകന്‍ നമ്മെ വിട്ടുപിരിഞ്ഞു എന്ന് പറഞ്ഞ് സംസാരം തുടര്‍ന്നെങ്കിലും അദ്ദേഹത്തിന് മുഴുമിപ്പിക്കാനായില്ല.

ഇതിനിടെ ഒരു ഫോണ്‍ കോള്‍ അദ്ദേഹത്തിന് ലഭിച്ചെങ്കിലും ഫോണില്‍ സംസാരിക്കാതെ വേദിയില്‍ മൈക്കിന് മുന്‍പില്‍ ഒന്നും സംസാരിക്കാതെ അല്പനേരം അദ്ദേഹം നിന്നു. തുടര്‍ന്ന് വേദിയിലുണ്ടായിരുന്ന കെ.സി അബു ഉള്‍പ്പെടെയുള്ളവര്‍ സുധാരന്റെ സമീപത്തേക്ക് എത്തി.

പ്രസംഗം നീട്ടിക്കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് താന്‍ ഉള്ളതെന്നും തന്റെ വളരെ അടുത്ത, പാര്‍ട്ടിക്ക് വേണ്ടി വളരെ കഷ്ടപ്പെടുന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരനായിരുന്നു ശുഹൈബ് എന്ന് സുധാകരന്‍ പറഞ്ഞു. ‘എനിക്ക് തിരിച്ചുപോകണം. വാക്കുകള്‍ ഞാന്‍ ചുരുക്കുകയാണ്. സോറി’ എന്ന് പറഞ്ഞ് അദ്ദേഹം പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു.

ഇന്നലെ രാത്രിയായിരുന്നു കണ്ണൂര്‍ മട്ടന്നൂരിലെബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്‌കൂള്‍ പറമ്പത്ത് വീട്ടില്‍ ശുഹൈബ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രി വാഗണര്‍ കാറിലെത്തിയ നാലംഗ സംഘം തട്ടുകടയില്‍ ഇരുന്ന ഇയാളെയും സുഹൃത്തുക്കളെയും ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തില്‍ ശുഹൈബിന്റെ സുഹൃത്തുക്കളായ നാല് പേര്‍ക്കും ഗുരുതര പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, ശുഹൈബിനെ കൊലപ്പെടുത്തിയത് സി.പി.ഐ.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ കൊലപാതകത്തില്‍ പങ്കില്ലെന്നാണ് സി.പി.ഐ.എം മട്ടന്നൂര്‍ ഏരിയാ കമ്മറ്റിയുടെ പ്രതികരണം.

കഴിഞ്ഞ മാസം എടയന്നൂരിലുണ്ടായ സി.പി.ഐ.എം കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ റിമാന്‍ഡിലായിരുന്ന ശുഹൈബ് ഈയിടെയാണ് പുറത്തിറങ്ങിയത്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടന്ന ആക്രമണമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Advertisement