അടിമകളുടെ മുഖത്തേറ്റ അടിയാണ് എ.ഐ ക്യാമറ അഴിമതിയിലെ കോടതി പരാമര്‍ശങ്ങള്‍; പിണറായിയോട് എല്ലാത്തിനും കണക്ക് പറയിച്ചിരിക്കും: സുധാകരന്‍
Kerala News
അടിമകളുടെ മുഖത്തേറ്റ അടിയാണ് എ.ഐ ക്യാമറ അഴിമതിയിലെ കോടതി പരാമര്‍ശങ്ങള്‍; പിണറായിയോട് എല്ലാത്തിനും കണക്ക് പറയിച്ചിരിക്കും: സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th June 2023, 8:34 pm

തിരുവനന്തപുരം: എ.ഐ ക്യാമറ അഴിമതി ആരോപണത്തില്‍ ഹൈക്കോടതിയില്‍ നിന്ന് ഉയര്‍ന്ന പരാമര്‍ശത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. അഴിമതി ആരോപണത്തില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ന്യായീകരിക്കാന്‍ വിധിക്കപ്പെട്ട സി.പി.ഐ.എം അടിമകളുടെ മുഖത്തേറ്റ അടിയാണ് കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങളെന്നും സുധാകരന്‍ പറഞ്ഞു.

കുടുംബത്തോടെ ഖജനാവ് കട്ടുമുടിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് കേരള മുഖ്യമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘സകല അഴിമതികളിലും പിണറായി വിജയനെ ന്യായീകരിക്കാന്‍ വിധിക്കപ്പെട്ട സി.പി.ഐ.എം അടിമകളുടെ മുഖത്തേറ്റ അടിയാണ് എ.ഐ ക്യാമറ അഴിമതിയില്‍ ഇന്ന് കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങള്‍.

അഴിമതി ആരോപണത്തില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ജനപക്ഷത്തുനിന്നുകൊണ്ട് പ്രതിപക്ഷമാണ് ഈ അഴിമതി കയ്യോടെ പിടിച്ചതെന്നും കോടതിക്ക് മനസ്സിലായിട്ടുണ്ട്.

അഴിമതികളുടെ വിളനിലമായി ഏഴുവര്‍ഷങ്ങള്‍ കൊണ്ട് പിണറായി വിജയന്‍ കേരളത്തെ മാറ്റിയിരിക്കുകയാണ്. ഈ അഴിമതിയും അന്വേഷിച്ചാല്‍ പിണറായി വിജയനിലും കുടുംബത്തിലും ചെന്ന് നില്‍ക്കാന്‍ തന്നെയാണ് സാധ്യത.

കുടുംബത്തോടെ ഖജനാവ് കട്ടുമുടിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് കേരള മുഖ്യമന്ത്രി. ഈ ജനതക്ക് കാവലായി ഇമ ചിമ്മാതെ പ്രതിപക്ഷം ഇവിടെയുണ്ട്. പിണറായി വിജയന്‍ ഖജനാവില്‍ നിന്ന് കട്ടെടുത്ത ഓരോ രൂപക്കും ഞങ്ങള്‍ കണക്ക് പറയിച്ചിരിക്കും,’ സുധാകരന്‍ പറഞ്ഞു.

അതേസമയം, റോഡ് ക്യാമറ പദ്ധതിയിലെ മുഴുവന്‍ നടപടികളും പരിശോധിക്കണമെന്നാണ് ചൊവ്വാഴ്ച ഹൈക്കോടതി പറഞ്ഞത്. ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോ എന്ന് കണ്ടെത്തണമെന്നും കോടതി പറഞ്ഞിരുന്നു.

കോടതി ഉത്തരവ് നല്‍കുന്നതുവരെയോ മുന്‍കൂര്‍ അനുമതി നല്‍കുന്നതുവരെയോ ക്യാമറ പദ്ധതിയില്‍ പണം നല്‍കരുതെന്നും സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.