'വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്തു ഭരണപരിഷ്‌കാരമാണ് വരേണ്ടത്?'; വീണ്ടും വ്യക്ത്യധിക്ഷേപവുമായി കെ. സുധാകരന്‍; ഇത്തവണ വി.എസിനെതിരെ
KERALA BYPOLL
'വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്തു ഭരണപരിഷ്‌കാരമാണ് വരേണ്ടത്?'; വീണ്ടും വ്യക്ത്യധിക്ഷേപവുമായി കെ. സുധാകരന്‍; ഇത്തവണ വി.എസിനെതിരെ
ന്യൂസ് ഡെസ്‌ക്
Friday, 18th October 2019, 8:47 am

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ. സുധാകരന്‍. ‘വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്തു ഭരണപരിഷ്‌കാരമാണ് ഈ രാജ്യത്തു വരേണ്ടത്’ എന്നായിരുന്നു വി.എസിന്റെ പ്രായത്തെ അധിക്ഷേപിച്ചുകൊണ്ട് സുധാകരന്റെ ചോദ്യം. വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കു വേണ്ടി പ്രചാരണം നടത്തവെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.

‘വളരെ ചെറുപ്പക്കാരനായ അച്യുതാനന്ദന്റെ കൈയ്യില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ പോകുമ്പോള്‍ ഞങ്ങളൊക്കെ എന്തൊക്കെയോ പ്രതീക്ഷിക്കില്ലേ. മലബാറിലൊരു പഴമൊഴിയുണ്ട്. അറുപതില്‍ അത്തും പിത്തും, എഴുപതില്‍ ഏടാ പൂടാ, എണ്‍പതില്‍ എടുക്ക് ബെക്ക്, തൊണ്ണൂറില്‍ എടുക്ക് നടക്കെന്നാ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത് 96 ആണ്. ഈ 96, വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്തു ഭരണപരിഷ്‌കാരമാണ് ഈ രാജ്യത്തു വരേണ്ടത്?’- അദ്ദേഹം ചോദിച്ചു. 10 കോടി ചെലവഴിച്ചതിലൂടെ എന്തു നേട്ടമാണ് ഈ കേരളത്തിനു കിട്ടിയതെന്നും സുധാകരന്‍ ചോദിച്ചു.

ഇതാദ്യമായല്ല സുധാകരന്‍ വ്യക്ത്യധിക്ഷേപം നടത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന പി.കെ ശ്രീമതിക്കെതിരെ ‘ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി’ എന്ന പരാമര്‍ശം സുധാകരന്‍ നടത്തിയിരുന്നു. ഈ വീഡിയോ ഏറെ വിവാദമായി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിവാഹേതര ബന്ധം നിയമാനുസൃതമായി പ്രഖ്യാപിച്ചുകൊണ്ടുള്ള വിധി വന്നതിനു പിറകെ ജഡ്ജിക്കെതിരെയും സുധാകരന്‍ സമാന പരാമര്‍ശം നടത്തിയിരുന്നു.

‘ദാമ്പത്യേതര ബന്ധം നിയമാനുസൃതമാണെന്നു പറഞ്ഞ ജഡ്ജി വീട്ടില്‍ച്ചെല്ലുമ്പോള്‍ ഭാര്യ മറ്റൊരാളുമായി കിടക്ക പങ്കിടുന്നതു കണ്ടാല്‍ എന്താണു തോന്നുക?’ എന്നായിരുന്നു സുധാകരന്റെ ചോദ്യം.