മോദി ഇന്ത്യയെ ബാധിച്ച ശാപം, തുടര്‍ന്നാല്‍ നാളെകളില്‍ മണിപ്പൂര്‍ എവിടെയും ആവര്‍ത്തിക്കാം: കെ. സുധാകരന്‍
Kerala News
മോദി ഇന്ത്യയെ ബാധിച്ച ശാപം, തുടര്‍ന്നാല്‍ നാളെകളില്‍ മണിപ്പൂര്‍ എവിടെയും ആവര്‍ത്തിക്കാം: കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st July 2023, 11:59 pm

തിരുവനന്തപുരം: സംഘപരിവാര്‍ ശക്തികളെ രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രത്തില്‍ നിന്ന് തുടച്ചുനീക്കേണ്ട ബാധ്യത ഓരോ ഇന്ത്യന്‍ പൗരനുമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തെ വേരോടെ പിഴുതെറിയാനുള്ള കോണ്‍ഗ്രസിന്റെ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ എല്ലാവരോടും അദ്ദേഹം ആഹ്വാനം ചെയ്തു.

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയായിരുന്നു സുധാകരന്റെ പ്രതികരണം. മാസങ്ങളായി തുടരുന്ന മണിപ്പൂര്‍ കലാപം അടിച്ചമര്‍ത്താന്‍ കഴിയാത്ത മോദി ലോകത്തിനുമുന്നില്‍ ഇന്ത്യയെ നാണംകെടുത്തിരിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

‘പിഞ്ചു പെണ്‍കുട്ടികളും അമ്മമാരും പെങ്ങന്മാരും അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്ന ഭരണത്തിനെ ഒരു മനുഷ്യനും പിന്തുണയ്ക്കില്ല. ഇതാണോ കേരളത്തിലെ ബി.ജെ.പിയും സ്വപ്നം കാണുന്ന ക്ഷേമരാജ്യം?
ദല്‍ഹിയിലെ നിര്‍ഭയയെ സ്വന്തം മോളായി കരുതി വേദനിച്ചവരാണ് നാം ഓരോരുത്തരും.

നരേന്ദ്രമോദി ഇന്ത്യ മഹാരാജ്യത്തെ ബാധിച്ച ശാപമാണെന്ന് നിസംശയം ഓരോ മനുഷ്യരും പറയുകയാണ്. ആ ശാപം തുടര്‍ന്നാല്‍ നാളെകളില്‍ മണിപ്പൂര്‍ എവിടെയും ആവര്‍ത്തിക്കാം,’ സുധാകരന്‍ പറഞ്ഞു.

കെ. സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

‘കൂടെയുള്ള സ്ത്രീകള്‍ അതിക്രൂരമായി ബലാത്സംഗത്തിന് വിധേയരാകുന്നത് കണ്ട് കാട്ടിലേക്ക് ഓടിയൊളിച്ച എട്ട് സ്ത്രീകള്‍. പൊലീസിനെ കണ്ട് ആശ്വാസത്തോടെ കാട്ടില്‍ നിന്നോടി ഇറങ്ങി വന്നു. എന്നാല്‍ കലാപകാരികളുടെ മുന്നിലേക്ക് ആ സ്ത്രീകളെ എറിഞ്ഞ് കൊടുത്ത് പൊലീസ് പോകുന്നു. അവര്‍ ക്രൂരമായി റേപ്പ് ചെയ്യപ്പെട്ടു. തടയാന്‍ ശ്രമിച്ച ബന്ധു ജനങ്ങളെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ഉറ്റവര്‍ കൊല്ലപ്പെടുന്നത് കണ്ട ഒരു സ്ത്രീയുടെ മനോനില തെറ്റി. അവരുടെ ദൃശ്യങ്ങള്‍ നവ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു’

നരേന്ദ്രമോദി തകര്‍ത്തെറിഞ്ഞ ഇന്ത്യയുടെ ചിത്രമാണിത്. ഇത്തരം നിരവധി സംഭവങ്ങളാണ് ദിനംതോറും മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്നത്. വാര്‍ത്തകള്‍ പുറത്തെത്താതിരിക്കാന്‍ മോദി മാധ്യമങ്ങളെ വിലക്കിയിരിക്കുന്നു. ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുന്നു. മാസങ്ങളായി തുടരുന്ന മണിപ്പൂര്‍ കലാപം പോലും അടിച്ചമര്‍ത്താന്‍ കഴിയാത്ത മോദി ലോകത്തിനുമുന്നില്‍ ഇന്ത്യയെ നാണംകെടുത്തിരിക്കുകയാണ്.

ഇതുപോലും തടുക്കാന്‍ കഴിയാത്ത ഈ വിഡ്ഢിയായ ഭരണാധികാരിയുടെ കൈയ്യില്‍ രാജ്യത്തിന് എന്തു സുരക്ഷയാണ് ഉള്ളത്?
അവസരം നോക്കിയിരിക്കുന്ന ശത്രു രാജ്യങ്ങള്‍ക്ക് ഈ ദുര്‍ബ്ബലനായ പ്രധാനമന്ത്രി എന്ത് സന്ദേശമാണ് കൊടുക്കുന്നത്?

മണിപ്പൂര്‍ കലാപകാരികള്‍ ഒരു യുവാവിന്റെ തലവെട്ടിയെടുത്ത് പ്രദര്‍ശിപ്പിച്ചു. തലയ്ക്ക് വെടിയേറ്റ എട്ട് വയസുകാരനെയും കൊണ്ട് ആശുപത്രിയിലേക്ക് പോയവരെ ആംബുലന്‍സ് അടക്കം കത്തിച്ചു. കേള്‍ക്കുമ്പോള്‍ തന്നെ രക്തം തണുത്തുറയുന്ന സമാനതകളില്ലാത്ത ക്രൂരതകളാണ് മണിപ്പൂരില്‍ അരങ്ങേറുന്നത്.
ഇതൊക്കെ നടന്നിട്ടും രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ നരേന്ദ്രമോദി എന്ന ഇന്ത്യ കണ്ട ഏറ്റവും ദുര്‍ബ്ബലനായ പ്രധാനമന്ത്രിക്ക് കഴിയുന്നില്ല. പാര്‍ലമെന്റില്‍ നിന്നും മറുപടി പറയാന്‍ ഭയന്ന് ഒളിച്ചോടുകയാണ് മോദി.
നരേന്ദ്രമോദി ഇന്ത്യ മഹാരാജ്യത്തെ ബാധിച്ച ശാപമാണെന്ന് നിസ്സംശയം ഓരോ മനുഷ്യരും പറയുകയാണ്. ആ ശാപം തുടര്‍ന്നാല്‍ നാളെകളില്‍ മണിപ്പൂര്‍ എവിടെയും ആവര്‍ത്തിക്കാം.

പിഞ്ചു പെണ്‍കുട്ടികളും അമ്മമാരും പെങ്ങന്മാരും അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്ന ഭരണത്തിനെ ഒരു മനുഷ്യനും പിന്തുണയ്ക്കില്ല. ഇതാണോ കേരളത്തിലെ ബി. ജെ.പിയും സ്വപ്നം കാണുന്ന ക്ഷേമരാജ്യം?
ദല്‍ഹിയിലെ നിര്‍ഭയയെ സ്വന്തം മോളായി കരുതി വേദനിച്ചവരാണ് നാം ഓരോരുത്തരും. നൂറുകണക്കിന് നിര്‍ഭയമാരാണ് മണിപ്പൂരില്‍ അലറി കരയുന്നത്. അവരുടെ കരച്ചില്‍ കാണാന്‍ കഴിയാത്ത, അവരുടെ വേദനകള്‍ക്ക് പരിഹാരം കാണാന്‍ കഴിയാത്ത നരേന്ദ്രമോദിയെയും സംഘ പരിവാര്‍ ശക്തികളെയും രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രത്തില്‍ നിന്നും തുടച്ചുനീക്കേണ്ട ബാധ്യത ഓരോ ഇന്ത്യന്‍ പൗരനും ഉണ്ട്.

മുട്ടിന് മുട്ടിന് ഫോട്ടോഷൂട്ടുമായി കോമാളിത്തരം മാത്രം കാണിച്ചു നടക്കുന്ന മോദിക്ക് ജനാധിപത്യം എന്തെന്നും പ്രധാനമന്ത്രിയുടെ കടമകള്‍ എന്തെന്നും എത്രയും പെട്ടെന്ന് തന്നെ ജനം പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ട്. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തെ വേരോടെ പിഴുതെറിയാനുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ എല്ലാ മനുഷ്യ സ്‌നേഹികളോടും ആഹ്വാനം ചെയ്യുന്നു.

Content Highlight: K Sudhakaran said that it is the responsibility of every Indian citizen to wipe out the Sangh Parivar forces from the administrative center of the country