സഞ്ജു ഇക്കാര്യം ശ്രദ്ധിക്കണം, ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സഹായിക്കും: കെ. ശ്രീകാന്ത്
Cricket
സഞ്ജു ഇക്കാര്യം ശ്രദ്ധിക്കണം, ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സഹായിക്കും: കെ. ശ്രീകാന്ത്
ഫസീഹ പി.സി.
Monday, 22nd December 2025, 10:25 pm

2026 ടി – 20 ലോകകപ്പിനുള്ള ടീമിനെ ഡിസംബര്‍ 20ന് ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായും ഓപ്പണറായും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ സഞ്ജുവിന് ഉപദേശം നല്‍കുന്ന മുന്‍ ഇന്ത്യന്‍ താരം കെ. ശ്രീകാന്തിന്റെ ഒരു വീഡിയോ ചര്‍ച്ചയായിരിക്കുകയാണ്.

സഞ്ജു സാംസണ്‍. Photo: Team Samson/x.com

സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള അവസാന ടി – 20 മത്സരത്തില്‍ സഞ്ജു മികച്ച പ്രകടനം നടത്തിയിരുന്നു. താരം ഓപ്പണറായി എത്തി 22 പന്തില്‍ 37 റണ്‍സാണ് എടുത്തത്. ഏറെ നാളുകള്‍ക്ക് ശേഷം ടീമില്‍ ഇടം പിടിച്ചായിരുന്നു താരത്തിന്റെ ഈ പ്രകടനം. അതിന് ശേഷമാണ് ശ്രീകാന്ത് സഞ്ജുവിനെ ഉപദേശവുമായി എത്തിയത്.

സഞ്ജു 37 റണ്‍സില്‍ ഔട്ടാകാതെ വലിയ സ്‌കോര്‍ കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു. 30കളും 40കളും ആളുകള്‍ വേഗം മറക്കുമെന്നും വലിയ സ്‌കോര്‍ കണ്ടെത്തിയാല്‍ ആര്‍ക്കും താരത്തെ അവഗണിക്കാന്‍ കഴില്ലെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

കെ. ശ്രീകാന്ത് Photo: TNCA/x.com

‘സൗത്ത് ആഫ്രിക്കക്ക് എതിരെ സഞ്ജു നന്നായി കളിച്ചു. എന്തൊരു മനോഹരമായ ഇന്നിങ്സായിരുന്നു അത്. അവന്‍ കളിച്ച ചില സ്‌ട്രോക്കുകള്‍ മികച്ചതായിരുന്നു. അവന്‍ കളിക്കുമ്പോള്‍ അപകടകാരിയായി മാറുന്നു. 37 ല്‍ പുറത്താകരുത് എന്നാണ് സഞ്ജുവിനോട് എനിക്ക് പറയാനുള്ളത്.

ഈ 37നെ 73 ആക്കി മാറ്റണം. അങ്ങനെയെങ്കില്‍ നിങ്ങളെ ടീമില്‍ നിന്ന് ഒരിക്കലും പുറത്താക്കാന്‍ കഴില്ല. 30കളും 40കളും ആളുകള്‍ പെട്ടെന്ന് മറക്കുമെന്ന് എപ്പോഴും ഓര്‍ക്കണം,’ ശ്രീകാന്ത് പറഞ്ഞു.

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള അവസാന രണ്ട് മത്സരങ്ങളില്‍ ടീം മാനേജ്‌മെന്റ് ശുഭ്മന്‍ ഗില്ലിനോട് പുറത്തിരിക്കാന്‍ ആവശ്യപ്പെട്ടിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അത് സഞ്ജുവിന് ഒരു അവസരം നല്‍കി. ഈ അവസരത്തെ മലയാളി താരം മുതലാക്കിയെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

Content Highlight: K Srikanth advice Sanju Samson to score big runs and then nobody can remove from Indian Team

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി