ബി.ജെ.പിയുടെ ഏകാത്മ മാനവവാദവും ഏക മുതലാളി സേവയും
Deendayal Upadhyaya
ബി.ജെ.പിയുടെ ഏകാത്മ മാനവവാദവും ഏക മുതലാളി സേവയും
K Sahadevan
Saturday, 12th July 2025, 5:12 pm
മത-സാംസ്‌കാരിക-സാമൂഹിക മേഖലകളിലേക്കുള്ള ഉപാധ്യായ ദര്‍ശനങ്ങളുടെ വിളക്കിച്ചേര്‍ക്കല്‍ ഒരുപരിധി വരെ സാധ്യമാക്കാന്‍ സംഘപരിവാര്‍ ഭരണകൂടത്തിന് സാധ്യമാകുന്നുണ്ടെങ്കിലും ആഗോളീകൃത സമ്പദ് വ്യവസ്ഥയില്‍ ഉപാധ്യായയുടെ സാമ്പത്തിക കാഴ്ചപ്പാടുകള്‍ അട്ടത്ത് വെക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ എന്ന് ആരെക്കാളും നന്നായി തിരിച്ചറിയുന്നത് മോദി ഭരണകൂടം തന്നെയാണ്. 'സ്വദേശി സമ്പദ്ശാസ്ത്ര'ത്തെക്കുറിച്ച് ഉപാധ്യായയും ആര്‍.എസ്.എസ് നേതാക്കളും തരംപോലെ വാചാലരായിക്കാണാറുണ്ടെങ്കിലും ഗാന്ധിജിയെപ്പോലെ സ്വദേശിയിലധിഷ്ഠിതമായൊരു സമ്പദ്ശാസ്ത്ര ദര്‍ശനം മുന്നോട്ടുവെക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ലെന്നതും മനസ്സിലാക്കേണ്ടതുണ്ട് | കെ. സഹദേവന്‍ എഴുതുന്നു

പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ മുന്‍ ഇന്ത്യാ തലവനുമായിരുന്ന ആകാര്‍ പട്ടേല്‍ ഇക്കഴിഞ്ഞ ദിവസം ‘ഡെക്കാന്‍ ക്രോണിക്ക്ളി’ല്‍ എഴുതിയ ലേഖനമാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ രാഷ്ട്രീയ തത്വശാസ്ത്രമായി അംഗീകരിച്ചിട്ടുള്ള ‘ഇന്റഗ്രല്‍ ഹ്യൂമനിസം’ അഥവാ ‘ഏകാത്മ മാനവവാദ’ത്തെക്കുറിച്ച് കൂടുതല്‍ വായിക്കാന്‍ പ്രേരിപ്പിച്ചത്.

ആര്‍.എസ്.എസുകാരനായ ദീന്‍ ദയാല്‍ ഉപാധ്യായ തയ്യാറാക്കിയ ഇന്റഗ്രല്‍ ഹ്യൂമനിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് ബി.ജെ.പി തങ്ങളുടെ രാഷ്ട്രീയ തത്വശാസ്ത്രമായി അംഗീകരിച്ചിട്ടുള്ളത്. എന്നുമാത്രമല്ല, ബിജെപി ഭരണഘടന (ആര്‍ട്ടിക്ക്ള്‍ 3) അനുസരിച്ച് പാര്‍ട്ടി അംഗങ്ങള്‍ ഈ അടിസ്ഥാന തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണെന്ന് പ്രതിജ്ഞയെടുക്കേണ്ടതുമുണ്ട്.

DEEN DAYAL UPADHYAYA

ദീന്‍ ദയാല്‍ ഉപാധ്യായ

ആര്‍.എസ്.എസ് മുഖപത്രമായ ‘പാഞ്ചജന്യ’ത്തില്‍ പത്രപ്രവര്‍ത്തക ജോലി ചെയ്തിരുന്ന ദീന്‍ ദയാല്‍ 1965 ഏപ്രില്‍ 22-നും 25-നും ഇടയില്‍ മുംബൈയില്‍ നടത്തിയ നാല് പ്രഭാഷണങ്ങളുടെ സങ്കലനമാണ് ഇന്റഗ്രല്‍ ഹ്യൂമനിസം എന്ന ബി.ജെ.പി രാഷ്ട്രീയ തത്വശാസ്ത്രം.

ദീന്‍ ദയാല്‍ ഉപാധ്യായയുടെ ഏകാത്മ മാനവവാദത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കുംമുമ്പ് എന്റെ പത്രപ്രവര്‍ത്തക സുഹൃത്തുക്കളോട് ഒരഭ്യര്‍ത്ഥനയുള്ളത്, എപ്പോഴെങ്കിലും നിങ്ങള്‍ക്ക് അവസരം ലഭിക്കുകയാണെങ്കില്‍ രാജീവ് ചന്ദ്രശേഖര്‍ തൊട്ട് അമിത് ഷാ വരെയുള്ളരോട് ഭാരതീയ ജനതാപാര്‍ട്ടിയുടെ രാഷ്ട്രീയ തത്വശാസ്ത്രമായ ഏകാത്മമാനവവാദം എന്താണെന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെടണമെന്നാണ്.

Rajeev Chandrashekhar and AmitShah

രാജീവ് ചന്ദ്രശേഖര്‍ | അമിത് ഷാ

ഇനി നമുക്ക് ദീന്‍ ദയാലന്റെ ഇന്റഗ്രല്‍ ഹ്യൂമനിസം എന്താണെന്ന് നോക്കാം. ദീന്‍ ദയാല്‍ തന്റെ പ്രഭാഷണത്തില്‍ പറയുന്നു:

”ഭാരതം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം ദേശീയ സ്വത്വം അവഗണിക്കുന്നതാണ്. രാഷ്ട്രം ഒരു വ്യക്തിയെപ്പോലെയാണ്, അതിന്റെ സ്വാഭാവിക സഹജാവബോധം അവഗണിക്കപ്പെടുകയോ അടിച്ചമര്‍ത്തപ്പെടുകയോ ചെയ്താല്‍ അത് രോഗബാധിതമാകും.

സ്വാതന്ത്ര്യം ലഭിച്ചിട്ടും, വികസനം സാക്ഷാത്കരിക്കാന്‍ ഇന്ത്യ ഏത് ദിശയിലേക്ക് പോകണമെന്ന് തീരുമാനിച്ചിട്ടില്ലായിരുന്നു. സംസ്‌കാരം പ്രകടിപ്പിക്കാനുള്ള ഉപകരണമാണെങ്കില്‍ മാത്രമേ സ്വാതന്ത്ര്യം അര്‍ത്ഥവത്താകൂ.

ഇന്ത്യന്‍ ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, -സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം തുടങ്ങിയ – താല്‍ക്കാലിക വിഷയങ്ങളിന്മേലാണ്; കാരണം, പാശ്ചാത്യ ശാസ്ത്രത്തോടൊപ്പം സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ സിദ്ധാന്തങ്ങളെയും വീക്ഷിക്കുന്നതിനുള്ള ഒരു പാശ്ചാത്യ രീതി ഇന്ത്യ സ്വീകരിക്കുകയായിരുന്നു.

ഇന്ത്യക്കാര്‍ക്ക് പാശ്ചാത്യവല്‍ക്കരണം പുരോഗതിയുടെ പര്യായമായിരുന്നു. എന്നിരുന്നാലും, നമുക്ക് ദേശീയത, ജനാധിപത്യം, സോഷ്യലിസം എന്നിവയുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. കാരണം ഇവ അടിസ്ഥാനപരമായി പാശ്ചാത്യ ആദര്‍ശങ്ങളായിരുന്നു. അവയെല്ലാം പരസ്പരം സംഘര്‍ഷത്തിലുമായിരുന്നു.

ഈ പ്രത്യയശാസ്ത്രങ്ങള്‍ സാര്‍വത്രികമായിരുന്നില്ല. ഈ സിദ്ധാന്തങ്ങള്‍ക്ക് ജന്മം നല്‍കിയ സവിശേഷ ജനതയുടെയും സംസ്‌കാരങ്ങളുടെയും പരിമിതികളില്‍ നിന്ന് അവ മുക്തമായിരുന്നില്ല. പ്രാദേശിക രോഗങ്ങള്‍ക്ക് പ്രാദേശിക പരിഹാരങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്ന് ആയുര്‍വേദം പറഞ്ഞു. ഭാരതീയ സംസ്‌കാരത്തിന് ലോകത്തിന് ഒരു പരിഹാരം നല്‍കാന്‍ കഴിയുമോ?”

അപ്പവും വോട്ടവകാശവും ഉണ്ടായിരുന്നു, പക്ഷേ സമാധാനമോ സന്തോഷമോ ഇല്ല

”ഭാരതീയ സംസ്‌കാരം ആത്മാവിന്റെ രക്ഷയെക്കുറിച്ച് ചിന്തിക്കുന്നുവെന്നും ശരീരം, മനസ്സ്, ബുദ്ധി എന്നിവയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും പൊതുവെ കരുതപ്പെടുന്നു. പക്ഷേ അത് അസത്യമാണ്. ഭാരതീയ സംസ്‌കാരത്തില്‍ ധര്‍മ്മത്തിന് പ്രഥമ സ്ഥാനം നല്‍കിയിട്ടുണ്ട്.

ശാശ്വതവും സാര്‍വത്രികമായി ബാധകവുമായ പ്രകൃതി നിയമമാണ് ധര്‍മ്മം. എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍, ജുഡീഷ്യറി എന്നിവയേക്കാള്‍ ഉയര്‍ന്നതാണ് ധര്‍മ്മം, അത് ജനങ്ങളെക്കാള്‍ ഉയര്‍ന്നതുമാണ്.

ധര്‍മ്മത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമില്ല. ഇന്ത്യന്‍ ഭരണഘടനയില്‍ ഉപയോഗിച്ചിരിക്കുന്ന ‘മതേതരത്വം’, ‘മതനിരപേക്ഷത’ എന്നീ വാക്കുകള്‍ തെറ്റും മോശവുമാണ്. കാരണം ധര്‍മ്മം രാഷ്ട്രത്തിന് ആവശ്യമായ ഒരു വ്യവസ്ഥയാണ്.

മതത്തില്‍ അധിഷ്ഠിതമല്ലാത്തത് അസ്വീകാര്യമാണ്, അതുകൊണ്ടുതന്നെ മതേതരത്വം വികലമായ ആശയമാണ്. ദേശീയ ഐക്യം ഇന്ത്യയുടെ ധര്‍മ്മമാണ്, അതിനാല്‍ വൈവിധ്യം പ്രശ്‌നം സൃഷ്ടിക്കുന്നു. ഇക്കാരണങ്ങളാല്‍, ഇന്ത്യയുടെ ഭരണഘടന ഫെഡറല്‍ എന്നതില്‍ നിന്ന് കേന്ദ്രീകൃതമായി മാറ്റേണ്ടതുണ്ട്.

സംസ്ഥാനങ്ങള്‍ക്ക് നിയമനിര്‍മ്മാണ അധികാരങ്ങള്‍ ഉണ്ടാകരുത്; കേന്ദ്രത്തിന് മാത്രമായിരിക്കണം ആ അധികാരം. വ്യക്തികളും സ്ഥാപനങ്ങളും തമ്മിലുള്ള സംഘര്‍ഷം അധഃപതനത്തിന്റെയും വികലതയുടെയും അടയാളമാണ്.”

”വ്യക്തിയും രാഷ്ട്രവും തമ്മിലുള്ള ശത്രുതാപരമായ ബന്ധത്തെ പുരോഗതിക്ക് കാരണമായി കാണുന്ന പാശ്ചാത്യ ലോകവീക്ഷണം തെറ്റായിരുന്നു. വ്യക്തി ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവയാല്‍ നിര്‍മ്മിതമാണ്. ഒരു മനുഷ്യന്‍ ഒരു ആത്മാവോടെയാണ് ജനിക്കുന്നത്. വ്യക്തിത്വം, ആത്മാവ്, സ്വഭാവം എന്നിവ പരസ്പരം വ്യത്യസ്തമാണ്. വ്യക്തിയുടെ ആത്മാവിനെ വ്യക്തി ചരിത്രം ബാധിക്കില്ല. അതുപോലെ, ദേശീയ സംസ്‌കാരത്തെ ചരിത്രം നിരന്തരം പരിഷ്‌കരിക്കുന്നു.”

”സംസ്‌കാരത്തില്‍ നല്ലതും പ്രശംസനീയവുമായി കരുതപ്പെടുന്ന എല്ലാ കാര്യങ്ങളും ഉള്‍പ്പെടുന്നു, പക്ഷേ അവ ദേശീയ ആത്മാവായ ‘ചിതിയെ’ (പ്രജ്ഞ) ബാധിക്കുന്നില്ല. ഇന്ത്യയുടെ ദേശീയ ആത്മാവ് അടിസ്ഥാനപരവും കേന്ദ്രീകൃതവുമാണ്. സാംസ്‌കാരിക പുരോഗതിയുടെ ദിശ ‘ചിതി'(പ്രജ്ഞ) നിര്‍ണ്ണയിക്കുന്നു. സംസ്‌കാരത്തില്‍ നിന്ന് ഒഴിവാക്കേണ്ടവയെ അത് ഫില്‍ട്ടര്‍ ചെയ്യുന്നു.

സമൂഹങ്ങള്‍ സജീവമാണ്. ഒരു സമൂഹത്തിന് ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവയുണ്ട്. ചില പാശ്ചാത്യര്‍ ഈ സത്യം അംഗീകരിക്കാന്‍ തുടങ്ങിയിരുന്നു. സംഘത്തിന് (Group) മനസ്സ് ഉണ്ടെന്നും, ഒരു വ്യക്തിയെപ്പോലെ തന്നെ ചിന്തയുടെയും പ്രവര്‍ത്തനത്തിന്റെയും സ്വന്തം രീതികളുണ്ടെന്നും പാശ്ചാത്യ ചിന്തകരില്‍ ഒരാളായ വില്യം മക്ഡൗഗല്‍ പറയുന്നു.”

William McDougall

William McDougall

”ഇന്ത്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം, ശരീരത്തെ ധര്‍മ്മം നേടാനുള്ള ഒരു ഉപകരണമായി മാത്രമേ നാം കണക്കാക്കുന്നുള്ളൂ എന്നതാണ്. ധര്‍മ്മം, അര്‍ത്ഥം (പണം), കാമം (ആനന്ദം), മോക്ഷം (വിമോചനം) എന്നിവയ്ക്കായിരുന്നു നമ്മുടെ ശ്രമങ്ങള്‍.

ഇവ നാലെണ്ണത്തെയും വെവ്വേറെ പരിഗണിക്കുക എന്നതായിരുന്നു പാശ്ചാത്യര്‍ ചെയ്ത തെറ്റ്. നിങ്ങള്‍ക്ക് വോട്ടവകാശം ലഭിക്കും, പക്ഷേ നിങ്ങള്‍ക്ക് ഭക്ഷണം ലഭിക്കില്ല. യുണൈറ്റഡ് സ്റ്റേറ്റ്സിന് രാഷ്ട്രീയ സ്വാതന്ത്ര്യവും സമ്പത്തും ഉണ്ടായിരുന്നു. പക്ഷേ ആത്മഹത്യയുടെയും മാനസിക രോഗികളുടെയും എണ്ണത്തിലും അവര്‍ ഒന്നാമതെത്തി.

ഇത് അമ്പരപ്പിക്കുന്നതായിരുന്നു- അപ്പവും വോട്ടവകാശവും ഉണ്ടായിരുന്നു, പക്ഷേ സമാധാനമോ സന്തോഷമോ ഇല്ല. ഏകാത്മ മാനവനെക്കുറിച്ച് അവര്‍ ചിന്തിച്ചിട്ടില്ലാത്തതിനാല്‍ അമേരിക്കയില്‍ സുഖനിദ്ര വിരളമായിരുന്നു. ‘സത്യസന്ധതയാണ് ഏറ്റവും നല്ല ബിസിനസ് നയം’ എന്ന് അമേരിക്കക്കാരും ‘സത്യസന്ധതയാണ് ഏറ്റവും നല്ല നയം’ എന്ന് യൂറോപ്യന്മാരും പറഞ്ഞു. എന്നാല്‍ ഇന്ത്യക്കാര്‍ ‘സത്യസന്ധത ഒരു നയമല്ല, മറിച്ച് ഒരു തത്വമാണ്’ എന്ന് പറഞ്ഞു.”

ദീന്‍ ദയാല്‍ ഉപാധ്യായയുടെ ഏകാത്മ മാനവവാദത്തിനകത്തുതന്നെയുള്ള വൈരുദ്ധ്യങ്ങളെക്കുറിച്ച് നമുക്ക് പിന്നീട് പരിശോധിക്കാം. വ്യക്തിയുടെ ആത്മീയ സത്തയെ പരിപോഷിപ്പിക്കാനായി ഒരു രാഷ്ട്രീയ സംഘടനയെന്ന നിലയില്‍ ബിജെപി എന്തുചെയ്യുന്നുവെന്നും നിലവില്‍ കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഭരണത്തിലിരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി ദീന ദയാലന്റെ ഇന്റഗ്രല്‍ ഹ്യൂമനിസത്തെ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നതെന്നും വിലയിരുത്തുന്നത് രസകരമായിരിക്കും.

ഉപാധ്യായയുടെ ഏകാത്മ മാനവികതയുടെ കേന്ദ്ര തത്വങ്ങളിലൊന്ന് എല്ലാ സമുദായങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു ‘ഉള്‍ക്കൊള്ളല്‍ സമൂഹ’ത്തി(inclusive society)ന്റെ സൃഷ്ടിയാണെന്നാണ് വെപ്പ്.

അത്തരമൊരു തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയും ഇതര സംഘപരിവാരങ്ങളും ബാബറി മസ്ജിദ് തകര്‍ത്തതുതൊട്ട് ഗുജറാത്ത് കലാപവും കന്ധമാല്‍ കൂട്ടക്കൊലയും അടക്കമുള്ള എണ്ണമറ്റ കലാപങ്ങള്‍ അഴിച്ചുവിടാന്‍ നേതൃത്വം നല്‍കിയതെന്തുകൊണ്ട് എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ ഉപാധ്യായയിലേക്ക് തന്നെ തിരിഞ്ഞുനോക്കിയാല്‍ മതിയാകും.

മതാതീതമെന്ന് അവകാശപ്പെടുന്ന ഏകാത്മ മാനവ ദര്‍ശനത്തിന്റെ അടിത്തട്ടില്‍ ഒളിഞ്ഞും തെളിഞ്ഞും നിലയുറപ്പിച്ചിരിക്കുന്ന പ്രായോഗിക ബ്രാഹ്‌മണിക്കല്‍ ഹിന്ദുമത മൂല്യങ്ങള്‍ അവിടെ കണ്ടെത്താന്‍ പ്രയാസമില്ല.

ഏകാത്മ മാനവവാദത്തിന്റെ സിദ്ധാന്ത രൂപീകരണത്തിനായി ദീന്‍ ദയാല്‍ ഉപാധ്യായ തന്റെ മുംബൈ പ്രഭാഷണ പരമ്പരയില്‍ മക് ഡഗ്ഗലിനെ ഉദ്ധരിക്കുന്നതായി കാണാം. ഉപാധ്യായ തന്റെ സൈദ്ധാന്തിക പിന്തുണയ്ക്കായ് കൂട്ടുപിടിക്കുന്ന അമേരിക്കന്‍ ചിന്തകന്‍ വില്യം മക്ഡഗ്ഗല്‍ (William McDuggal) ഒരു കടുത്ത വര്‍ണ്ണവെറിയനാണെന്നത് ഒട്ടും യാദൃശ്ചികമല്ലെന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്.

ആഫ്രോ-അമേരിക്കന്‍ വംശജരെക്കുറിച്ചുള്ള മക്ഡഗ്ഗലിന്റെ ചിന്തകള്‍ ഉപാധ്യായയുടെ ആചാര്യന്‍ മനുവില്‍ നിന്നും ഒട്ടുംഭിന്നമല്ലെന്നതും അത്രതന്നെ യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുതന്നെ ആര്‍.എസ്.എസ് മുതല്‍ക്കിങ്ങോട്ടുള്ള സകല സംഘപരിവാര്‍ സംഘടനകളുടെയും പ്രവര്‍ത്തന-പ്രത്യയശാസ്ത്ര വഴികള്‍ വിഭജനത്തിന്റെയും വിഭാഗീയതയുടെയും പാതകളിലൂടെയായതെന്തുകൊണ്ടെന്ന് കണ്ടെത്തുക പ്രയാസമില്ല.

രാജ്യത്ത് നാളിതുവരെ നടന്ന ഏതൊരു വര്‍ഗ്ഗീയ കലാപങ്ങളിലെയും ഒന്നാം കക്ഷിയായി സംഘപരിവാര്‍ സംഘടനകളെ കാണാന്‍ കഴിയുന്നതും ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ. എല്ലാ തരത്തിലുമുള്ള സാമൂഹിക വിഭജനങ്ങളെയും മതപരമായ തലങ്ങളിലേക്ക് വളര്‍ത്തിയതിന് പിന്നിലെ സുപ്രധാന ശക്തികള്‍ അവരാണ്. വര്‍ഗീയ കലാപങ്ങള്‍, മത സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തിന്റെ ഉയര്‍ച്ച, ന്യൂനപക്ഷങ്ങള്‍ക്കെതിരായ വാചാടോപങ്ങള്‍ എന്നിവയാണ് സംഘപരിവാര്‍ അജണ്ടയുടെ കേന്ദ്ര ബിന്ദു.

Prime Minister Narendra Modi Practicing Yoga

യോഗ പരിശീലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യയുടെ തദ്ദേശീയ സംസ്‌കാരത്തെ സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉപാധ്യായയുടെ പാഠങ്ങള്‍ ബി.ജെ.പിയെ നിര്‍ബന്ധിക്കുന്നതിന്റെ ഫലമായി യോഗ, ധ്യാനം തുടങ്ങി സൂത്രങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ബി.ജെ.പി ശ്രമിക്കുന്നതായി കാണാം.

പരമ്പരാഗത മൂല്യങ്ങള്‍, സാംസ്‌കാരിക ചിഹ്നങ്ങള്‍ എന്നിവയെ ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി ഗോപൂജ മുതലുള്ള പരിപാടികളും അവര്‍ വന്‍പ്രാധാന്യത്തോടെ നടത്തിപ്പോരുന്നുണ്ട്. (അതേസമയം, ഇന്ത്യയില്‍ നിന്ന് ഗോമാംസം കയറ്റി അയക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ സംഘപരിവാര്‍ സംഘടനകളുടെ നടത്തിപ്പുകാര്‍ കൂടിയാണെന്നത് കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്).

ഇന്ത്യയുടെ ഫെഡറല്‍ ഘടന, ഭരണഘടന എന്നിവയ്ക്കെതിരെ എന്തുകൊണ്ട് ബി.ജെ.പിയുടെയും ഇതര സംഘപരിവാര്‍ സംഘടനകളുടെയും നേതാക്കള്‍ ഇടക്കിടെ തിരിയുന്നു എന്നതിനുള്ള ഉത്തരം കൂടി ഉപാധ്യായയുടെ ഏകാത്മ മാനവ വാദത്തില്‍ നിന്ന് ലഭിക്കും.

ഏതുതരം സാമൂഹ്യ സംഘാടനത്തിനും മുകളിലായി ഉപാധ്യായ പ്രതിഷ്ഠിച്ചിരിക്കുന്നത് ‘ധര്‍മ്മരാജി’നെയാണ്. പാര്‍ലമെന്റിനും ഭരണഘടയ്ക്കും മുകളിലായിരിക്കണം അതിന്റെ സ്ഥാനം. ഉപാധ്യായ വിവക്ഷിക്കുന്ന ‘ധര്‍മ്മരാജ്’ ‘ഹിന്ദുധര്‍മ്മമല്ലാതെ മറ്റൊന്നുമല്ല. 

അതായത്, വ്യക്തിയുടെ മുന്‍കൂട്ടി നിശ്ചയിച്ച പങ്കിനെ, വ്യക്തമായ ഭാഷയില്‍ പറഞ്ഞാല്‍ ജാതി-വര്‍ണ്ണ വ്യവസ്ഥയെ, സൂക്ഷ്മമായി ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദുധര്‍മ്മത്തെയാണ് അത് പ്രതിനിധാനം ചെയ്യുന്നത്.

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത ഹിന്ദു സന്യാസിമാര്‍

ഏതാണ്ട് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് സമുച്ചയം ഉത്ഘാടനം ചെയ്യപ്പെട്ട വേളയില്‍ സെങ്കോലും വേദമന്ത്രങ്ങളുമായി ഹിന്ദു സന്യാസിമാര്‍ കടന്നുവന്നതും, ഇന്ത്യയുടെ പ്രഥമ പൗരയായ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിക്കാതിരുന്നതും ഇതോടൊപ്പം ചേര്‍ത്തുവായിച്ചാല്‍ ഉപാധ്യായയുടെയും ബിജെപിയുടെയും ഏകാത്മ മാനവവാദത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാകും.

രാജ്യത്ത് നാളിതുവരെ നടന്ന ഏതൊരു വര്‍ഗ്ഗീയ കലാപങ്ങളിലെയും ഒന്നാം കക്ഷിയായി സംഘപരിവാര്‍ സംഘടനകളെ കാണാന്‍ കഴിയുന്നതും ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ

ഉപാധ്യായയുടെ ചിന്തകള്‍ക്ക് അനുരൂപമാകുന്ന നിലയില്‍, അതേസമയം നിലവിലെ രാഷ്ട്രീയ സമവാക്യങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതുമായ, പുതിയ ബദലുകള്‍ സൃഷ്ടിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ കൃത്യമായ ഇടവേളകളില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ഒരു ഉദാഹരണം കാണുക;

1998 ഒക്ടോബറില്‍ നടന്ന അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് സമ്മേളനത്തില്‍ വിതരണം ചെയ്ത കരട് രേഖയില്‍ പാര്‍ലമെന്റ് ഘടനയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. നിലവിലെ ഇരട്ട പാര്‍ലമെന്റ് ഘടനയ്ക്ക് പകരം ത്രിതല ഘടന സ്ഥാപിക്കണ്ടേതുണ്ടെന്നാണ് കരട് രേഖ നിര്‍ദ്ദേശിക്കുന്നത്.

പ്രൈമറി, സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടേതായ ഒരു ഇലക്ടറല്‍ കോളേജ് രൂപീകരിച്ച്, ലോക്‌സഭയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന, രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്ന, സന്യാസിമാര്‍ നയിക്കുന്ന ‘ഗുരുസഭ’യാണ് ലോക് സഭയ്ക്കും രാജ്യസഭയ്ക്കും മുകളില്‍ ഉണ്ടായിരിക്കേണ്ടതെന്ന് രേഖ ആവശ്യപ്പെടുന്നു.

മാനവ വിഭവ ശേഷി മന്ത്രാലയമായിരിക്കും ഇതിന്റെ ലിസ്റ്റ് തയ്യാറാക്കേണ്ടതെന്നും മറിച്ച്, തെരഞ്ഞെടുപ്പ് കമ്മീഷനല്ല എന്നും രേഖയില്‍ പറയുന്നു. എല്ലാ നിയമനിര്‍മ്മാണങ്ങളും ധന ബില്ലുകളും ലോകസഭയിലേക്ക് അയയ്ക്കുന്നതിന് മുമ്പ് ഗുരുസഭയില്‍ അവതരിപ്പിക്കുകയും പാസ്സാക്കുകയും വേണമെന്നും, സുപ്രീം കോടതി ജഡ്ജിമാരെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനും അവരെ ഇംപീച്ച് ചെയ്യുന്നതിനുമുള്ള ജുഡീഷ്യല്‍ കമ്മീഷനായും ഗുരു സഭ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും കരട് രേഖ ശഠിക്കുന്നു.

ഗുരുസഭയ്ക്കും ലോക്‌സഭയ്ക്കും ഇടയില്‍, സായുധസേനാ മേധാവികളുടെയും വിരമിച്ച സൈനികരുടെയും ഒരു രക്ഷാസഭ ഉണ്ടായിരിക്കേണ്ടതുണ്ടെന്നും അടിയന്തരാവസ്ഥാ സാഹചര്യങ്ങള്‍ ഉടലെടുത്താല്‍ അവ പ്രഖ്യാപിക്കാനും നടപ്പില്‍ വരുത്തുവാനും അധികാരമുള്ളതായിരിക്കണം ഈ രക്ഷാ സഭയെന്നും എ.ബി.വി.പി കരട് രേഖ വിശദീകരിക്കുന്നു.

മത നേതാക്കള്‍ (ഹിന്ദുത്വ) ഉള്‍ക്കൊള്ളുന്ന ഒരു ഉപരിസഭയ്ക്കും സൈനിക (റിട്ട) ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന മധ്യസഭയ്ക്കും രാജ്യത്തിന്റെ നിയമ നിര്‍മ്മാണ സംവിധാനങ്ങളെയും അടിയന്തിര ഭരണ സാഹചര്യങ്ങളെയും നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു മത-സൈനിക ഭരണ സംവിധാനമാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തം.

ഉപാധ്യായയുടെ ഏകാത്മ മാനവവാദ ദര്‍ശനത്തിലേക്ക് എത്തിപ്പെടാനുള്ള സംഘപരിവാര്‍ സംഘടനകളുടെ പ്രായോഗിക കുറിപ്പടികള്‍ ഇങ്ങനെയൊക്കെയാണ് തയ്യാറാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

മത-സാംസ്‌കാരിക-സാമൂഹിക മേഖലകളിലേക്കുള്ള ഉപാധ്യായ ദര്‍ശനങ്ങളുടെ വിളക്കിച്ചേര്‍ക്കല്‍ ഒരുപരിധി വരെ സാധ്യമാക്കാന്‍ സംഘപരിവാര്‍ ഭരണകൂടത്തിന് സാധ്യമാകുന്നുണ്ടെങ്കിലും ആഗോളീകൃത സമ്പദ് വ്യവസ്ഥയില്‍ ഉപാധ്യായയുടെ സാമ്പത്തിക കാഴ്ചപ്പാടുകള്‍ അട്ടത്ത് വെക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ എന്ന് ആരെക്കാളും നന്നായി തിരിച്ചറിയുന്നത് മോദി ഭരണകൂടം തന്നെയാണ്.

‘സ്വദേശി സമ്പദ്ശാസ്ത്ര’ത്തെക്കുറിച്ച് ഉപാധ്യായയും ആര്‍.എസ്.എസ് നേതാക്കളും തരംപോലെ വാചാലരായിക്കാണാറുണ്ടെങ്കിലും ഗാന്ധിജിയെപ്പോലെ സ്വദേശിയിലധിഷ്ഠിതമായൊരു സമ്പദ്ശാസ്ത്ര ദര്‍ശനം മുന്നോട്ടുവെക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ലെന്നതും മനസ്സിലാക്കേണ്ടതുണ്ട്.

ആഗോള സമ്പദ്‌വ്യവസ്ഥയുമായുള്ള ഇന്ത്യയുടെ സംയോജനം, ആധുനിക ജീവിതശൈലികള്‍, സാങ്കേതികവിദ്യകളിന്മേലുള്ള ആശ്രിതത്വം എന്നിവ ഉപാധ്യായ സംരക്ഷിക്കാന്‍ ആഗ്രഹിച്ച ആഴമേറിയ സാംസ്‌കാരിക വേരുകളെ ദുര്‍ബലപ്പെടുത്തിയേക്കാം എന്ന ഉറച്ചബോധ്യമുള്ളതുകൊണ്ടുതന്നെയാണ് ‘ആത്മനിര്‍ഭര്‍ ഭാരത’ത്തെ സംബന്ധിച്ച വായ്ത്താരികള്‍ മോദിക്കും സംഘത്തിനും ചെറിയ ഇടവേളകളിലെങ്കിലും ആവര്‍ത്തിക്കേണ്ടിവരുന്നത്.

ഇന്റഗ്രല്‍ ഹ്യൂമനിസത്തെക്കുറിച്ചുള്ള ഉപാധ്യായയുടെ കാഴ്ചപ്പാടുകള്‍ ആധുനിക ലോകവുമായുള്ള ദൈനംദിന വ്യവഹാരങ്ങള്‍ക്കും സ്വതന്ത്ര വിപണി, വിദേശ നിക്ഷേപം എന്നിവയ്ക്കും ബാധയാണെന്ന് ഏറ്റവും നന്നായിതിരിച്ചറിയുന്നത് ബി.ജെ.പി സര്‍ക്കാര്‍ തന്നെയാണ്.

അമേരിക്കയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട്) ഒപ്പുവെക്കാനുള്ള തയ്യാറെടുപ്പിലാണ് മോദി. നൈതികതയിലൂന്നിയ ഭരണനിര്‍വ്വഹണത്തെ (ethical governance)ക്കുറിച്ച് ദീന്‍ ദയാല്‍ ഉപാധ്യായ വിശദീകരിക്കുന്നുണ്ടെങ്കിലും ചങ്ങാത്ത മുതലാളിത്ത(crony capitalism)ത്തിന്റെ സുവര്‍ണ്ണകാലമായി അറിയപ്പെടുന്നത് മോദി കാലമാണെന്നതും പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ട സംഗതിയാണ്.

കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ മോദി ഭരണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി ഗൗതം അദാനി മാറിയതിന്റെ കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. മോദി പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്ത 2014-ല്‍ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള മുഴുവന്‍ കമ്പനികളുടെയും മൊത്തം ടേണ്‍ ഓവര്‍ 75,659 കോടി രൂപയായിരുന്നത് 2024 ആകുമ്പോഴേക്കും 2,71,664 കോടി രൂപയായി ഉയരുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഉപാധ്യായയുടെ ഏകാത്മ മാനവ വാദല്ലെന്നും മോദിയുടെ ഏക മുതലാളി വാദമാണെന്നും തീര്‍ച്ചയാണ്.

കെ. സഹദേവന്‍ എഴുതിയ അദാനി സാമ്രാജ്യം ചങ്ങാത്ത മുതലാളിതത്തിനപ്പുറം എന്ന പുസ്തകത്തിന്റെ കവര്‍

(മോദി കാലത്തെ അദാനി വളര്‍ച്ചയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ലേഖകന്‍ തയ്യാറാക്കിയ ‘ അദാനി സാമ്രാജ്യം: ചങ്ങാത്ത മുതലാളിത്തത്തിനപ്പുറം ‘ എന്ന പുസ്തകം വായിക്കാം)

content highlights: K Sahadevan writes on Modi subverting Deendayal Upadhyay’s ideology.

K Sahadevan
Environmentalist and anti-nuclear activist. The author has been working on various popular struggles in India for the past three decades. He writes in periodicals on topics such as environment, development, energy, environmental economics, agriculture and caste.