ലുലു മാളിന്റെയും റിലയന്‍സിന്റെയും പേരില്‍ പണിമുടക്കിനെ തള്ളിപ്പറയരുത്
All India Strike
ലുലു മാളിന്റെയും റിലയന്‍സിന്റെയും പേരില്‍ പണിമുടക്കിനെ തള്ളിപ്പറയരുത്
കെ. സഹദേവന്‍
Wednesday, 30th March 2022, 7:22 pm

പണിമുടക്ക് ദിനത്തില്‍ ലുലു മാള്‍ തുറന്നു പ്രവര്‍ത്തിച്ചുവെന്നത് പണിമുടക്ക് സമരത്തെ തള്ളിപ്പറയാനുള്ള ന്യായമായി സ്വീകരിക്കരുതെന്ന് സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നു.

ലുലു മാളിനെയും റിലയന്‍സിനെയും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും തെരുവില്‍ സാധാരണ മനുഷ്യരെ തടയുകയും ചെയ്യുന്നത് അതത് പ്രദേശത്തെ പണിമുടക്ക് അനുകൂലികളുടെ പിടിപ്പുകേടിനെ മാത്രമേ വ്യക്തമാക്കുന്നുള്ളൂ. അതിന് പണിമുടക്ക് പ്രഖ്യാപിച്ച സംഘടനാ നേതാക്കള്‍ മാത്രമാണ് ഉത്തരം പറയേണ്ടത്.

അതേസമയം ദേശീയ പണിമുടക്ക് മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളും മുദ്രാവാക്യങ്ങളും ഇന്നത്തെ നിലയില്‍ ഏറ്റവും പ്രസക്തവും അവ വിജയിക്കേണ്ടത് സുപ്രധാനവുമാണ്.

ബി.ജെ.പി സര്‍ക്കാര്‍ അവതരിപ്പിച്ച ലേബര്‍ കോഡുകള്‍ എന്തുകൊണ്ട് പിന്‍വലിക്കണം എന്ന് അത് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിന്റെ തൊട്ടുപിന്നാലെ തന്നെ വിശദമായി എഴുതിയിരുന്നു. ഈ ലേബര്‍ കോഡുകള്‍ തൊഴില്‍ മേഖലയെ എങ്ങനെ അസ്വസ്ഥബാധിത മേഖലയാക്കും എന്നത് സംബന്ധിച്ച് വിശദമായ ഒരു ലഘുലേഖ ട്രാന്‍സിഷന്‍സ് സ്റ്റഡീസ് പുറത്തിറക്കിയിരുന്നു.

സംയുക്ത ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് കേവലം 8% മാത്രം വരുന്ന സംഘടിത തൊഴിലാളി വര്‍ഗത്തിന് മാത്രം ഗുണം ചെയ്യുന്നതാണെന്നും ബഹുഭൂരിപക്ഷം വരുന്ന അസംഘടിത തൊഴിലാളി വിഭാഗത്തിന് അതുകൊണ്ട് യാതൊരു നേട്ടവുമില്ലെന്നുമൊക്കെയുള്ള വാദഗതികള്‍ ഇതിനിടയില്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇത് തീര്‍ത്തും തെറ്റായതും ദുരുദ്ദേശപരവുമാണ്.

കാര്‍ഷിക മേഖലയുടേതടക്കമുള്ള നിരവധി വിഷയങ്ങള്‍ ഈ പണിമുടക്കിലൂടെ ഉയര്‍ത്തിക്കാട്ടാന്‍ സംയുക്ത ട്രേഡ് യൂണിയനുകള്‍ തയ്യാറായിട്ടുണ്ടെന്നത് ഓര്‍ക്കുക. പ്രത്യേകിച്ചും ഉത്തര്‍പ്രദേശ് വിജയത്തിന് ശേഷം കര്‍ഷക മാരണ നിയമങ്ങള്‍ പുനരവതരിപ്പിക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുമ്പോള്‍ ട്രേഡ് യൂണിയനുകളുടേതടക്കമുള്ള ബഹുജന പിന്തുണ കര്‍ഷക പ്രശ്നങ്ങള്‍ക്ക് അനിവാര്യമായിരിക്കുന്ന അവസരത്തില്‍.

മോദി സര്‍ക്കാര്‍ അവതരിപ്പിച്ച നാല് ലേബര്‍ കോഡുകള്‍ സംഘടിത തൊഴില്‍ മേഖലയെ മാത്രമല്ല ഉന്നംവെക്കുന്നതെന്നും തൊഴില്‍ എന്ന സങ്കല്‍പത്തെത്തന്നെയാണെന്നും അറിയുക.

വ്യവസ്ഥാപിത ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ നിരവധി പരിമിതികള്‍ ഉള്‍ക്കൊള്ളുന്നുവെന്നത് വസ്തുതയാണെങ്കിലും സംഘടിത മുന്നേറ്റങ്ങളിലെ ഒരു സുപ്രധാന കണ്ണിയെന്ന നിലയില്‍ ഈ പരിമിതികളെ തിരിച്ചറിയുകയും ദേശീയ പണിമുടക്കിന് പിന്തുണ നല്‍കുകയും ചെയ്യേണ്ടത് കാഘഘട്ടത്തിന്റെ അനിവാര്യതയാണ്.

Content Highlight: K Sahadevan on opposing All India, National strike against BJP, in the name of Lulu Mall and Reliance

കെ. സഹദേവന്‍
പരിസ്ഥിതി ആണവ വിരുദ്ധ പ്രവര്‍ത്തകന്‍. എഴുത്തുകാരന്‍, ഇന്ത്യയിലെ വിവിധ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി പ്രവര്‍ത്തിച്ചുവരുന്നു. പരിസ്ഥിതി, വികസനം, ഊര്‍ജ്ജം, പരിസ്ഥിതി സമ്പദ്ശാസ്ത്രം, കാര്‍ഷിക മേഖല, വര്‍ഗ്ഗീയത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ആനുകാലികങ്ങളില്‍ എഴുതുന്നു.