സ്വരാജ് അവാര്‍ഡ് വിവാദം; അഭിപ്രായങ്ങള്‍ പറയുന്നവര്‍ക്ക് അക്കാദമി പുരസ്‌കാരങ്ങളെപ്പറ്റി ഒന്നും അറിയില്ല, ജൂറി അംഗങ്ങള്‍ മാര്‍ക്ക് കൂട്ടുക മാത്രമാണ് ചെയ്യുന്നത്: കെ.സച്ചിദാനന്ദന്‍
കോഴിക്കോട്: കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ എം. സ്വരാജിനെ പരിഹസിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പ്രതികരിച്ച് എഴുത്തുകാരനും അക്കാദമി ചെയര്‍മാനുമായ കെ. സച്ചിദാനന്ദന്‍. പുരസ്‌കാരങ്ങളൊന്നും സ്വീകരിക്കില്ലെന്ന തന്റെ മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് സ്വരാജ് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചതിന് പിന്നാലെ അദ്ദേഹത്തെ പരിഹസിച്ച് പലരും രംഗത്തെത്തിയിരുന്നു.
സ്വരാജ് തെരഞ്ഞെടുപ്പില്‍ തോറ്റതിനാല്‍ സര്‍ക്കാര്‍ കൊടുത്ത പാരിതോഷികമാണ് നിലവിലെ പുരസ്‌കാരമെന്നും പൂക്കളുടെ പുസ്തകം ആരെങ്കിലും അവാര്‍ഡിന് അപേക്ഷിക്കാതെ അവാര്‍ഡ് കിട്ടില്ലല്ലോയെന്ന് തുടങ്ങി എഴുത്തുകാരന്റെ അറിവില്ലാതെ മറ്റൊരാള്‍ അവാര്‍ഡിന് അപേക്ഷ നല്‍കുമോ എന്നിങ്ങനെ പലരും കമന്റുകളും പോസ്റ്റുകളും രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് സ്വരാജിനെ അനുകൂലിച്ച് സോമന്‍ പൂക്കാട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് കെ.സച്ചിദാനന്ദന്റെ പ്രതികരണം.
ഇതില്‍ സ്വരാജിന് എതിരെയും അനുകൂലിച്ചും അഭിപ്രായങ്ങള്‍ എഴുതിയവര്‍ക്ക് അക്കാദമി പുരസ്‌കാരങ്ങളെപ്പറ്റി കാര്യമായി ഒന്നും അറിയില്ലെന്ന് മനസിലായെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ അവാര്‍ഡാണ് കേരള സാഹിത്യ അക്കാദമി അവാര്‍ഡെന്നും ഈ അവാര്‍ഡിന് പുസ്തകം അയക്കേണ്ട ആവശ്യമില്ലെന്നും എത്രയോ മാസങ്ങള്‍ക്ക് മുമ്പാണ് അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികകള്‍ ഉണ്ടാക്കിയതെന്നും കെ. സച്ചിദാനന്ദന്‍ വ്യക്തമാക്കി.
അവാര്‍ഡിന് വേണ്ടി പുസ്തകം അയച്ചാല്‍ അവയും അര്‍ഹത ഉണ്ടെങ്കില്‍ പരിഗണിക്കുമെന്നുമാത്രമെന്നും അവാര്‍ഡിന് അര്‍ഹമായ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട മുഴുവന്‍ പുസ്തകങ്ങളും അക്കാദമി തന്നെ വാങ്ങുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വരാജിന്റെ പുരസ്‌കാരം തീരുമാനമായത് നിലമ്പൂര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിന് എത്രയോ മുന്‍പാണെന്നും അക്കാദമിയിലെ ഒരാള്‍ക്കും അത് തിരുത്താന്‍ അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫെല്ലോഷിപ്പും സമഗ്ര സംഭാവന പുരസ്‌കാരങ്ങള്‍ മാത്രമാണ് അക്കാദമി ബോര്‍ഡ് ഏക കണ്ഠമായി തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നല്ല വായനക്കാര്‍ ആയ വിവിധ മേഖലകളിലെ 10 വ്യക്തികളുടെ ഒരു ഷോര്‍ട്ട് ലിസ്റ്റിങ് കമ്മിറ്റി ഓരോ വിഭാഗത്തിലും ചുരുക്കപ്പട്ടിക ഉണ്ടാക്കുമെന്നും ആ കമ്മിറ്റിയെയും ഓരോ വിഭാഗത്തിലെ മൂന്നംഗ ജൂറിയെയും തെരഞ്ഞെടുക്കുന്നത്, മറ്റാരോടും ആലോചിക്കാതെ അക്കാദമി പ്രസിഡന്റാണ്. മൂന്ന് ജൂറി അംഗങ്ങളും പരസ്പരം അറിയില്ലെന്നും അവര്‍ ഇടുന്ന മാര്‍ക്ക് കൂട്ടുക മാത്രമാണ് അക്കാദമി ചെയ്യുന്നതെന്നും അതില്‍ ഒരു വ്യക്തിക്ക് രാഷ്ട്രീയ താത്പര്യവും ഇല്ലെന്നും കെ.സച്ചിദാനന്ദന്‍ പറഞ്ഞു.
Content Highlight: K. Sachithandan about m. swaraj’s kerala sahithya academy award