പാട്ട് കഴിഞ്ഞാൽ ഇഷ്ടം സിനിമ, ഹൊറർ സിനിമകളോട് താത്പര്യം: കെ.എസ്. ചിത്ര
Malayalam Cinema
പാട്ട് കഴിഞ്ഞാൽ ഇഷ്ടം സിനിമ, ഹൊറർ സിനിമകളോട് താത്പര്യം: കെ.എസ്. ചിത്ര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 29th July 2025, 8:02 pm

മലയാളത്തിന്റെ സ്വന്തം വാനമ്പാടിയാണ് കെ. എസ്. ചിത്ര. ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഗായികമാരില്‍ ഒരാളായ ചിത്ര മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒഡിയ, ഹിന്ദി, ബംഗാളി തുടങ്ങി ഒട്ടേറെ ഭാഷകളില്‍ പാടിയിട്ടുണ്ട്.

മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്‌കാരങ്ങള്‍, വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ പുരസ്‌കാരങ്ങള്‍ എന്നിവ ചിത്രക്ക് പല തവണ ലഭിച്ചിട്ടുണ്ട്. 2005ല്‍ പത്മശ്രീ പുരസ്‌കാരം, 2021ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം എന്നിവ ചിത്രക്ക് ലഭിച്ചിട്ടുണ്ട്. സിനിമയെക്കുറിച്ചും പാട്ടിനെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ ചിത്ര.

‘എനിക്ക് സിനിമ കാണാനിഷ്ടമാണ്. ഫീല്‍ ഗുഡ് മൂവീസ് ആണ് ഇഷ്ടം. പിന്നെ കുറച്ച് ഹൊററും ഇഷ്ടമാണ്’ കെ.എസ്. ചിത്ര പറയുന്നു. എന്നാൽ രക്തവും കത്തിക്കുത്തും കാണിക്കുന്ന സിനിമകളോട് താത്പര്യമില്ലെന്നും അത്തരത്തിലുള്ള സീനുകളൊന്നും ഇഷ്ടമല്ലെന്നും ചിത്ര പറഞ്ഞു. പ്രേതപ്പടങ്ങളും പാരാനേര്‍മലായിട്ടുള്ള ചിത്രങ്ങളുമാണ് തനിക്ക് ഇഷ്ടമെന്നും ചിത്ര കൂട്ടിച്ചേർത്തു.

പക്ഷെ, ഒറ്റക്ക് ഇരുന്ന് കാണില്ലെന്നും ഫ്‌ളൈറ്റില്‍ പോകുമ്പോഴാണ് സിനിമ കാണുന്നതെന്നും ചിത്ര പറഞ്ഞു. തനിക്ക് ചുറ്റും ആളുകൾ ഉള്ളപ്പോൾ സിനിമ കാണാൻ ധൈര്യം വരുമെന്നും ഹൊറര്‍ മൂഡിലുള്ള പല സിനിമകളും കണ്ടിട്ടുണ്ടെന്നും ചിത്ര പറഞ്ഞു.

പാട്ട് അല്ലാതെ തൻ്റെ ഇഷ്ടങ്ങളെക്കുറിച്ച് കെ.എസ്. ചിത്ര സ്റ്റാർ & സ്റ്റൈൽ മാഗസിനോട് പറഞ്ഞിരുന്നു.

ഭക്ഷണം കഴിക്കാൻ ഇഷ്ടമാണെന്നും പാചകത്തിൽ നിന്നും താൻ മാറിനിൽക്കുമെന്ന് പറഞ്ഞ ചിത്ര മസാലയുടെ മണം മൂക്കിന് പ്രശ്നമുണ്ടാക്കുമെന്നതാണ് പ്രധാന കാരണമെന്ന് പറഞ്ഞിരുന്നു. മൂക്കടപ്പും ജലദോഷവുമെല്ലാം വന്നുപെട്ടാൽ റെക്കോഡിങ്ങും ഷോകളുമെല്ലാം അവതാളത്തിലാകുമെന്നും സ്റ്റേജ് ഷോകൾക്കായി പോകുമ്പോൾ സമയം കിട്ടുമ്പോഴൊക്കെ അടുത്തുള്ള നല്ല സ്ഥലങ്ങൾ കാണാൻ ഇറങ്ങാറുണ്ടെന്നും ചിത്ര പറഞ്ഞിരുന്നു.

പാട്ടിനും സിനിമക്കും അപ്പുറം വലിയൊരു വിനോദം വീടുകളുടെ പ്ലാൻ വരക്കലാണെന്നും ആർക്കും കൊടുക്കാൻ അല്ലെന്നും ചിത്ര പറഞ്ഞിരുന്നു. തനിക്ക് ഇഷ്ടപ്പെട്ട വീടുകളൊക്കെ ചെറിയ മാറ്റം വരുത്തി വരക്കുന്നതാണ് പതിവെന്നും പറഞ്ഞിരുന്നു.

Content Highlight: K.S. Chithra talking about her Likes