കൂടല്‍മാണിക്യത്തില്‍ അനുരാഗിന് നിയമനം; നിര്‍ണായക യോഗത്തില്‍ നിന്ന് വിട്ടുനിന്ന് തന്ത്രി
Kerala
കൂടല്‍മാണിക്യത്തില്‍ അനുരാഗിന് നിയമനം; നിര്‍ണായക യോഗത്തില്‍ നിന്ന് വിട്ടുനിന്ന് തന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th September 2025, 2:46 pm

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴക വിവാദത്തില്‍ അന്തിമ തീരുമാനത്തിലെത്തി ദേവസ്വം ബോര്‍ഡ്. കെ.എസ്. അനുരാഗിന് നിയമനം നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. 15 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട്  ഉത്തരവ് നല്‍കി.

സര്‍ക്കാരിന്റെയും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെയും തീരുമാനം നടപ്പിലാക്കുകയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സി.എ. ഗോപി പറഞ്ഞു. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇതുവരെ കഴകം ജീവനക്കാരനെ താന്ത്രിമാരോ മേല്‍ശാന്തിമാരോ നിയമിക്കുകയോ നിയമനത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്നും സി.എ. ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

ചേര്‍ത്തല സ്വദേശിയായ അനുരാഗ് ഈഴവ സമുദായത്തില്‍ നിന്നുള്ള അംഗമാണ്. അതേസമയം അനുരാഗിന്റെ നിയമനം സംബന്ധിച്ച നിര്‍ണായക യോഗത്തില്‍ നിന്ന് ക്ഷേത്രം തന്ത്രി ഗോവിന്ദന്‍ നമ്പൂതിരി വിട്ടുനിന്നു.

ഇന്നലെ (വെള്ളി) കെ.എസ്. അനുരാഗിന്റെ നിയമനവുമായി ദേവസ്വം ബോര്‍ഡിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കഴകം നിയമനം പാരമ്പര്യാവകാശമെന്ന തെക്കേവാര്യം കുടുംബത്തിന്റെ വാദം കോടതി തള്ളുകയായിരുന്നു.

മാലക്കഴകത്തിന് പാരമ്പര്യാവകാശം ഉന്നയിച്ച് തെക്കേവാര്യം കുടുംബാംഗം നല്‍കിയ ഹരജി ഹൈക്കോടതി തീര്‍പ്പാക്കുകയും ചെയ്തു.

ഊഴമനുസരിച്ച് നിയമനം ലഭിക്കേണ്ടത് ഈഴവ സമുദായത്തിനാണ്. ഈ സ്ഥാനത്തേക്ക് ആദ്യം നിയമിച്ചത് തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ഈഴവ സമുദായാംഗമായ ബാലുവിനെയാണ്.

എന്നാല്‍ കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ നിന്നുണ്ടായ ജാതി വിവേചനത്തെ തുടര്‍ന്ന് ബി.എ. ബാലു രാജിവെച്ചിരുന്നു. ഈ സ്ഥാനത്തേക്കാണ് അനുരാഗിന് നിയമനം ലഭിക്കുന്നത്. ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകക്കാരനായി നിയമിക്കപ്പെട്ടത്.

അന്നുമുതല്‍ ബാലുവിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുന്ന മാര്‍ച്ച് ഏഴ് വരെ തന്ത്രി കുടുംബങ്ങള്‍ ക്ഷേത്ര ചടങ്ങുകളില്‍ നിന്നും വിട്ടുനിന്നുരുന്നു. ഈഴവ സമുദായത്തില്‍പ്പെട്ട ബാലു കഴകക്കാരനായതാണ് തന്ത്രിമാരുടെ എതിര്‍പ്പിന് കാരണമായത്.

പ്രതിഷ്ഠാദിന ചടങ്ങുകള്‍ നടക്കേണ്ടതിനാല്‍ ഏഴാം തീയതി ഭരണസമിതി ചര്‍ച്ച വിളിച്ചു. തുടര്‍ന്നാണ് ബാലുവിനെ ഓഫീസ് ജോലികളിലേക്ക് മാറ്റാനുള്ള തീരുമാനം ഉണ്ടായത്.

മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ടിരുന്നു. ദേവസ്വം ബോര്‍ഡ് നിയമം ആരുടെ കൂടെയാണോ അവര്‍ക്കൊപ്പം നിലയുറക്കുമെന്ന് ദേവസ്വം ബോർഡും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബാലു രാജിവെക്കുകയാണ് ഉണ്ടായത്.

Content Highlight: K.S. Anurag appointed in Koodalmanikyam; Thantri abstains from crucial meeting