പുകവലി നിരോധനം: കെട്ടുകഥകളുടെ പുകമറയ്ക്കുപിന്നില്‍  സ്വാതന്ത്ര്യനിഷേധം
Opinion
പുകവലി നിരോധനം: കെട്ടുകഥകളുടെ പുകമറയ്ക്കുപിന്നില്‍  സ്വാതന്ത്ര്യനിഷേധം
കെ. രാമചന്ദ്രന്‍
Friday, 31st May 2019, 3:59 pm
പുകവലിയുടെ കൂടെ മാത്രം ഒരു താക്കീത്; യുദ്ധം, ബലാല്‍സംഗം,കൊലപാതകം ഇവയുടെ കൂടെയൊന്നും അത് വേണ്ട. എത്രവിചിത്രമാണ് ഇവിടെത്തെ നീതി ബോധം

സിഗരറ്റിന്റെ പരസ്യങ്ങള്‍ അപ്രത്യക്ഷമാവുകയും തല്‍സ്ഥാനത്ത് പുകവലിയെക്കുറിച്ച് ഭയപ്പെടുത്തുന്ന പരസ്യങ്ങള്‍ നിരന്തരം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. പുകവലിക്കാര്‍/ പുകവലിക്കാത്തവര്‍ എന്നിങ്ങനെ സമൂഹത്തെ രണ്ടായി വേര്‍തിരിച്ചുകൊണ്ടുള്ള ഒരു ദ്വന്ദ്വമാനവിപരീതം അവതരിപ്പിക്കുകയും പുകവലിക്കാത്തവര്‍ അക്കാരണം കൊണ്ട് തന്നെ ശ്രേഷ്ഠരാണെന്നും പുകവലിക്കാര്‍ ചീത്തയാണെന്നുമുള്ള ഒരു ബോധം പരോക്ഷമായി സമൂഹത്തില്‍ വ്യാപകമാക്കുകയും ചെയ്യാന്‍ കൊണ്ടു പിടിച്ച ശ്രമങ്ങള്‍ നടന്നത് കഴിഞ്ഞ രണ്ടു ദശകങ്ങളിലാണ്. പുകവലി = ക്യാന്‍സര്‍ = മരണം എന്ന ഒരു ക്രൂരസമവാക്യത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന മരണഭയം ചെറുതല്ല. അത് യുക്തിയുടെ എല്ലാ സീമകളെയും ഉല്ലംഘിക്കുന്നു.

മനശാസ്ത്രപരമായി ആളുകളെ പീഡിപ്പിക്കുന്ന സമര്‍ത്ഥമായ ഒരു തരം പ്രചരണമാണ് ഇവിടെ അരങ്ങേറുന്നത്. പുകവലിക്കാത്തവര്‍ പുണ്യവാളന്മാരും പുകവലിക്കുന്നവര്‍ ചെകുത്താന്മാരുമാണെന്ന തോന്നല്‍ പ്രബലമാക്കുന്ന മസ്തിഷ്‌കപ്രക്ഷാളന തന്ത്രങ്ങളിലൂടെ ആളുകളുടെ ഇഷ്ടാനിഷ്ടങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള സ്ഥാപനപരമായ അത്യുല്‍സാഹമാണ് ഇതിനുപിന്നിലുള്ളത്. ശാസ്ത്രീയമായ യുക്തികളെ അടിച്ചമര്‍ത്തിക്കൊണ്ട് അനേകം മിത്തുകളാണ് പുകവലിയുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്നത്. ആരോഗ്യത്തെക്കുറിച്ച് അനാവശ്യ ആശങ്കയുണ്ടാക്കുന്ന, പുകവലിയും, ക്യാന്‍സറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അത്യധികം അതിശയോക്തികലര്‍ന്ന വാദങ്ങള്‍ അവതരിപ്പിക്കുന്ന, ഇതിനൊക്കെ ചില സ്ഥിതിവിവര കണക്കുകളുടെ പിന്‍ബലമുണ്ടെന്ന് സ്ഥാപിക്കുന്ന, ഇന്ന് സാമാന്യമായി പിന്തുടര്‍ന്നു വരുന്ന രീതി ഒരുദാഹരണം.

മനുഷ്യരുടെ സമചിത്തത നഷ്ടപ്പെടുത്തിക്കൊണ്ട് കടുത്ത അസഹിഷ്ണുത പടര്‍ത്തുന്നവിധത്തില്‍ നന്മതിന്മകളെ പുകവലിവിരുദ്ധതയും പുകവലിയുമായി സമീകരിക്കുന്ന ഒരു സ്ഥിതിയാണ് കാണാനുള്ളത്. പുകവലി നിരുത്സാഹപ്പെടുത്തുക എന്ന ”സദുദ്ദേശമാണ്” ഇതിന്റെ പിന്നിലെന്ന നാട്യത്തോടെയാണ് പ്രചരണമെങ്കിലും പുകവലി വിരുദ്ധനിലപാടിന്റെ ഏറ്റവും അധാര്‍മ്മികമായ അംശം ഇതാണ്. അത് ഒരര്‍ത്ഥത്തില്‍ പൗരന്റെ ഇഷ്ടാനിഷ്ടങ്ങളെ, അവകാശങ്ങളെ പ്രായോഗികതലത്തില്‍ മാത്രമല്ല ആശയതലത്തില്‍ തന്നെ ഹനിക്കുന്നു. ആധുനികവൈദ്യത്തിന്റെ അപ്രമാദിത്വത്തിലുള്ള മതനിര്‍വിശേഷമായ വിശ്വാസം അതിനെ അധികാരത്തെ പിന്തുണയ്ക്കുന്ന അഥവാ ഊട്ടിയുറപ്പിക്കുന്ന വൈജ്ഞാനികവ്യവസ്ഥയായി ഉയര്‍ത്തുന്നുണ്ട്.

ഒരു സ്വേച്ഛാധികാരഭരണകൂടവും അതിന് വിടുപണി ചെയ്യുന്ന വൈദ്യവിജ്ഞാനവും ഒന്നിക്കുമ്പോള്‍ ജനകീയമായ ഇച്ഛകളും താല്‍പര്യങ്ങളും നിഷ്‌കരുണം ഹോമിക്കപ്പെടുന്നു. ‘ജീവിതത്തിന്റെ വൈദ്യവല്‍ക്കരണം'(Medicalisation of Life) എന്ന് ഇവാന്‍ ഇല്ലിച്ച് വിശേഷിപ്പിക്കുന്ന സാമൂഹികപ്രതിഭാസം ഇന്ന് എല്ലാ തലത്തിലും വ്യാപിച്ചുകൊണ്ടിരിക്കുമ്പോള്‍ ജീവിതം എന്നതുപോലും ചികിത്സകരുടെ കുറിപ്പടിക്ക് അനുസരിച്ചുള്ള ഒരു നിലനില്‍പ് മാത്രമായി ചുരുങ്ങുകയും വ്യക്തിയുടെ സ്വാതന്ത്ര്യവും സ്വാശ്രിതത്വവും സ്വയംനിയന്ത്രണശേഷിയുമെല്ലാം ക്ഷയിച്ചുപോവുകയും ചെയ്യുന്നു. ആഗോളഭരണയന്ത്രത്തിന്റെ പുകവലിനിയന്ത്രണസന്നാഹങ്ങള്‍ക്ക് കാന്‍സര്‍ഭീതി പടര്‍ത്തുന്ന ആധുനികവൈദ്യത്തിന്റെ ഒത്താശ കൂടിയായപ്പോള്‍ ജനങ്ങളുടെ ഇച്ഛകളെ ക്രൂരമായി അടിച്ചമര്‍ത്തുന്ന ജനാധിപത്യവിരുദ്ധസമീപനങ്ങള്‍ക്ക് അത് വഴിയൊരുക്കിയിട്ടുണ്ട്.

അപകടം, അപകടം!

പുകവലിക്കാര്‍ കടുത്ത മാനസികസമ്മര്‍ദത്തിനും പിരിമുറുക്കത്തിനും വിധേയരാവുന്നു. ഏത് രോഗവും പുകവലിയുമായി ബന്ധപ്പെട്ട് ബാധിക്കുന്നതാണെന്നമട്ടിലുള്ള ആവേശകരമായ പ്രചാരണം യഥാര്‍ത്ഥത്തില്‍ അതിന്റെ പ്രഖ്യാപിതലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തുന്ന ഒന്നായി മാറുന്നു. പുകവലികൊണ്ടുണ്ടാകുന്ന യഥാര്‍ത്ഥ ആരോഗ്യപ്രശ്‌നങ്ങള്‍ പോലും അതിശയോക്തികളുടെ മലവെള്ളപ്പാച്ചിലിനിടയില്‍ അവഗണിക്കപ്പെടാനും ഗൗരവത്തിലെടുക്കാതിരിക്കാനുമാണ് സാധ്യതയുള്ളത്. ഇത് അപകടം ക്ഷണിച്ചുവരുത്തിയേക്കാം.

പുകവലി മാത്രമല്ല അമിതമായാല്‍ എന്തും അപകടം തന്നെയാണ്; മസാലയും കൊഴുപ്പും പഞ്ചസാരയും കലര്‍ന്ന ഭക്ഷണവും കസേരയിലുള്ള തുടര്‍ച്ചയായ ഇരിപ്പും മദ്യപാനവും വ്യായാമമില്ലാത്ത അവസ്ഥയും എല്ലാം നിരവധി രോഗങ്ങള്‍ക്ക് കാരണമാണെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യങ്ങളാണ്. ഹൃദ്‌രോഗം, രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ ജീവിതശൈലീരോഗങ്ങള്‍ മിക്കതും ഉണ്ടാവുന്നതും വഷളാവുന്നതും ഇവ മൂലമാണ്. ആധുനികമായ ഒരവസ്ഥയില്‍ രോഗമോ അപകടസാധ്യതയോ ഒട്ടുമില്ലാത്ത ഒരു ജീവിതശൈലി ഏതാണ്ട് അസാധ്യം തന്നെയാണ്.

വ്യക്തിയെന്ന നിലയ്ക്കും സമൂഹത്തിലെ ഒരംഗം എന്ന നിലയ്ക്കും ഏതൊക്കെ ഗുണങ്ങളും ദോഷങ്ങളുമാണ് ഒരു പ്രവര്‍ത്തനത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്നത് എന്ന് പരിശോധിച്ചു നോക്കി, വസ്തുനിഷ്ഠമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അപകടകരമായ പ്രവര്‍ത്തനങ്ങള്‍ ഏത് പരിധിവരെ സ്വയം ഏറ്റെടുക്കാം എന്ന് വ്യക്തിതന്നെ തീരുമാനിക്കുന്നതാണ് യുക്തിസഹമായ രീതി. അപകടമേ ഇല്ലാത്ത അഥവാ രോഗം ഏതുമില്ലാത്ത അവസ്ഥ കേവലം സാങ്കല്പികമായ ഒരു യൂട്ടോപ്യ മാത്രമാണ്. എല്ലാ അപകടങ്ങളെയും രോഗങ്ങളെയും തീര്‍ത്തും ഒഴിവാക്കാന്‍ ശ്രമിക്കുന്ന ഒരു സമൂഹം ഫലത്തില്‍ വ്യക്തിസ്വാതന്ത്ര്യങ്ങള്‍ ഹനിക്കുകയും അടഞ്ഞ ഒരു വ്യവസ്ഥയായി മാറുകയും ചെയ്യാനാണ് സാധ്യത.

സാംസ്‌കാരിക പൈതൃകം

പുകവലിയുടെ ചരിത്രം ഏതാണ്ട് ഏഴായിരം വര്‍ഷം മുമ്പ് ആരംഭിക്കുന്നു. മയന്‍ സംസ്‌കാരത്തിന്റെ കാലത്ത് തന്നെ ആരോഗ്യസംരക്ഷണത്തിനോ ദൈവപ്രീതിക്കോ വേണ്ടി പുകവലി നിലനിന്നിരുന്നതായി ശില്പങ്ങളും ചിത്രങ്ങളും സാക്ഷ്യപ്പെടുത്തുന്നു. കഞ്ചാവ് വലിക്കുന്നതിനെക്കുറിച്ച് അഥര്‍വവേദത്തില്‍ പരാമര്‍ശമുണ്ട്. പുകയിലയുടെ ഉപയോഗം ചില രോഗങ്ങള്‍ക്ക് ചികിത്സയായി ആയുര്‍വേദഗ്രന്ഥങ്ങളില്‍ നിര്‍േദശിക്കപ്പെട്ടിട്ടുണ്ട്. ധൂമ്രപാനവിധി (പുകയില ഉപയോഗിച്ചല്ലെങ്കിലും അത് പുകവലി തന്നെ) ഒരധ്യായമായി അഷ്ടാംഗഹൃദയത്തില്‍ സൂത്രസ്ഥാനത്ത് പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യയില്‍ ഏതാണ്ട് മൂവായിരം കൊല്ലത്തെ പഴക്കമുണ്ട് ഇത്തരം പ്രയോഗങ്ങള്‍ക്ക്. പുകയില ചെടികള്‍ ആദ്യം കാണപ്പെട്ടത് അമേരിക്കാ വന്‍കരയിലാണ്. പിന്നീടത് ചുരുട്ടായും ഹുക്കയായും പൈപ്പായും സിഗററ്റായും ബീഡിയായും മറ്റും വിവിധ സമൂഹങ്ങളില്‍ പ്രചരിച്ചു.

യൂറോപ്പില്‍ പ്രത്യേകിച്ചും ബ്രിട്ടനില്‍ പതിനാറാം നൂറ്റാണ്ട് തൊട്ടാണ് പുകവലി വ്യാപകമായത്. അത് ആളുകളുടെ സാംസ്‌കാരിക ജീവിതവുമായി അഭേദ്യമായ ബന്ധമുള്ള ഒരു ചടങ്ങായിത്തീര്‍ന്നു. ജനകീയ സംസ്‌കാരത്തില്‍ പുകവലിയെക്കുറിച്ചുള്ള മതിപ്പ് ഏതാണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെയും തുടരുന്നതായി കാണാം.

ഹെന്റി ജയിംസ്, ജോസഫ് കൊണ്‍റാഡ്, വെര്‍ജീനീയ വൂള്‍ഫ്, ടി.എസ്.എലിയറ്റ്, യേറ്റ്‌സ്, എവലിന്‍ വോ, ഫിലിപ്പ് ലാര്‍കിന്‍, കിംങ്‌സ്‌ലേ ആമീസ് തുടങ്ങിയ പുതിയ കാലത്തെ എഴുത്തുകാര്‍ മാത്രമല്ല മില്‍ട്ടണ്‍, ബെന്‍ജോണ്‍സണ്‍,ടെനിസണ്‍, റോബര്‍ട്ട് ബ്രൗണിംഗ്, ചാള്‍സ് ലാംബ്, വേര്‍ഡ്‌സ്‌വര്‍ത്ത്, സ്വിഫ്റ്റ്, ബൈറണ്‍, ചാള്‍സ് ഡിക്കന്‍സ്, ഓസ്‌കാര്‍ വൈല്‍ഡ് തുടങ്ങിയ എഴുത്തുകാരും നന്നായി പുകവലിക്കുന്നവരായിരുന്നു.
അപൂര്‍വസൗഭാഗ്യമുള്ള അനുഗൃഹീതസസ്യമേ
നിന്നെ അപകീര്‍ത്തിപ്പെടുത്തിയവരാരും ഗുണം പിടിച്ചിട്ടില്ല.
നിനക്കുവേണ്ടി ഞാന്‍ മരിക്കുന്നതൊഴിച്ച് മറ്റെന്തും ചെയ്യും.
നിന്റെ അപദാനങ്ങള്‍ വാഴ്ത്താന്‍ വേണ്ടി എന്റെ ദിവസങ്ങള്‍ ഇനിയും നീട്ടിക്കിട്ടുവാന്‍ ശ്രമിക്കും- എന്ന് ‘പുകയിലയോട് വിട’ എന്ന കവിതയില്‍ ചാള്‍സ് ലാമ്പ് പറയുന്നു.

വലിയ സഞ്ചാരികൂടിയായിരുന്ന സര്‍ വാള്‍ട്ടര്‍ റാലിയാണ് ഇംഗ്ലണ്ടില്‍ പുകവലി ആദ്യമായി കൊണ്ടു വന്നത്. 17,18,19,20 നൂറ്റാണ്ടുകളിലെ ഇംഗ്ലീഷു സാഹിത്യകാരന്മാരെ എടുത്താല്‍ പുകവലിക്കാത്ത ഒരാളെപ്പോലും കണ്ടെത്താന്‍ വല്ലാതെ ബുദ്ധിമുട്ടേണ്ടി വരും.

ഇംഗ്ലണ്ടില്‍ പുകവലി നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ എന്തിനാണ് ഇങ്ങനെയുള്ള ഒരു സ്വകാര്യ വിനോദത്തിന് വിലക്കേര്‍പ്പെടുത്തുന്നതെന്ന് പ്രതിപക്ഷ കക്ഷികള്‍പോലും ചോദിക്കാത്തതിനെക്കുറിച്ച് എ.എന്‍.വില്‍സണ്‍ 2007ല്‍ ദി ടെലഗ്രാഫ് എന്ന പത്രത്തില്‍ എഴുതുകയുണ്ടായി. പുകവലി വിരുദ്ധരായ ചില ആരോഗ്യഭ്രാന്തന്മാരെ തൃപ്തിപ്പെടുത്താനായിരുന്നു അവര്‍ക്ക് തിടുക്കം. ഇത് ഇംഗ്ലീഷു സാഹിത്യത്തിന്റെ തന്നെ അവസാനമോ എന്ന ശീര്‍ഷകത്തില്‍ എഴുതിയ കുറിപ്പ് അവസാനിക്കുന്നതിങ്ങനെ: പുകവലി വിലക്കിയത് അടിസ്ഥാന സ്വാതന്ത്ര്യത്തിന്മേലുള്ള ഒരു കടന്നാക്രമണമാണ്. ഗണ്യമായ എതിര്‍പ്പൊന്നുമില്ലാതെ ഇത് അനുവദിക്കപ്പെട്ടുവെങ്കിലും, ഇത് പുകവലിയുടെ മാത്രമല്ല സാഹിത്യത്തിന്റെ തന്നെ അന്ത്യം കുറിച്ചേക്കാം.

നിക്കോളസ് ലെസാര്‍ഡ് 1 ഏതാനും വര്‍ഷം മുമ്പ് ദി ഇന്‍ഡിപെന്‍ഡന്റ് പത്രത്തില്‍ അപകടകരമായ വശ്യത : അപ്രത്യക്ഷമാകുന്ന പുകവലി സംസ്‌കാരം എന്ന പേരില്‍ എഴുതിയ ലേഖനത്തില്‍ രസകരമായ ഒരു നിര്‍ദ്ദേശം ആക്ഷേപഹാസ്യരൂപത്തില്‍ അവതരിപ്പിക്കുകയുണ്ടായി. പഴയ സിനിമകളിലെല്ലാമുള്ള സിഗരറ്റ് വലി രംഗങ്ങള്‍ ആധുനികസാങ്കേതികവിദ്യ ഉപയോഗിച്ച് നീക്കി കളയുക. ഹോളിവുഡ് സിനിമകളില്‍ മിക്കതിലും ഹംഫ്രി ബോഗാര്‍ട്ടിനെ പോലുള്ള നായകന്മാര്‍ സദാ സിഗരറ്റ് പുകച്ചുകൊണ്ടിരിക്കുന്നവരാണ്. സാര്‍ത്ര്, കമ്യു തുടങ്ങിയ എഴുത്തുകാരെയും ഗോദാര്‍ദ് ഹിച്ച്‌കോക്ക് തുടങ്ങിയ സംവിധായകരെയും കൈയില്‍ സിഗരറ്റില്ലാതെ നമുക്ക് സങ്കല്പിക്കാന്‍ പോലും കഴിയില്ല.

മലയാളത്തിലെ എഴുത്തുകാരായ തകഴിയും കേശവദേവും എം.ടിയും എന്നുവേണ്ട ഇ.കെനായനാരെപ്പോലുള്ള രാഷ്ട്രീയ നേതാക്കളും ബീഡി വലിച്ചിരുന്നു. പുകവലിക്ക് വ്യക്തിപരമായ ഒരു ശീലം എന്നതിനപ്പുറമുള്ള പ്രാധാന്യമുണ്ട്. അത് മറ്റുള്ളവരോട് നിങ്ങളെക്കുറിച്ചുള്ള ഒരു പരസ്യമായ വിളംബരം കൂടി നടത്തുന്നുണ്ട്; താനൊരു പുകവലിക്കാരനാണെന്നുമാത്രമല്ല വ്യക്തിത്വത്തിലെ ശക്തവും താല്പര്യജനകവുമായ മറ്റ് പല കാര്യങ്ങളും അത് പരസ്യപ്പെടുത്തുന്നു. പുകവലി ഏറ്റവും വൃത്തികെട്ട ശീലമായി ചിത്രീകരിക്കപ്പെട്ടാലും ജനമനസ്സുകളില്‍ നിന്ന് അത് പ്രക്ഷേപിക്കുന്ന സൗന്ദര്യാത്മകത ഒഴിഞ്ഞുപോകുന്നില്ല. ഒരു തരം സ്വാതന്ത്ര്യബോധത്തിന്റെ, ആര്‍ക്കും കീഴടങ്ങാന്‍ തയ്യാറില്ലെന്ന പ്രഖ്യാപനത്തിന്റെ പ്രകടനമായും മറ്റും സിഗററ്റ് വലി സംസ്‌കാരത്തില്‍ കടന്നു വരുന്നുണ്ട്.

തന്റേടം ഉറച്ചതിന്റെ പ്രകടനമായാണ് മീശവെക്കലും പുകവലിക്കലും നേരത്തെ കേരളസംസ്‌കാരത്തില്‍ കടന്നു വന്നത്. ഇതിനെതിരെ യാഥാസ്ഥിതികര്‍ നെറ്റി ചുളിച്ചതും സ്വാഭാവികം തന്നെയാണ്. കാല്‍പനികത ഒട്ടും ഇല്ലാത്ത വെറും പ്രായോഗികവാദികളായ വിരസന്മാരായിരുന്നു എന്നും പുകവലിയെ അതിര്‍കവിഞ്ഞ് എതിര്‍ത്തുപോന്നിട്ടുള്ളത്.

അടുത്തകാലത്തുവരെ നമ്മുടെ നാട്ടില്‍ വിരുന്നുകളിലും സത്കാരങ്ങളിലും മുറുക്കാന്‍ ചെല്ലവും സിഗരറ്റുമെല്ലാം ഉപചാരപൂര്‍വ്വം അതിഥികള്‍ക്ക് നല്‍കിയിരുന്നു. പുകവലിക്ക് എന്തെങ്കിലും ഭ്രഷ്ട് കല്‍പ്പിക്കപ്പെടുകയോ പുകവലിക്കുന്നവര്‍ മാന്യന്മാരല്ലെന്ന് കരുതുകയോ ചെയ്യുന്ന ഏര്‍പ്പാട് അന്നുണ്ടായിരുന്നില്ല. അത് വന്നത് 21 ാം നൂറ്റാണ്ടില്‍ മാത്രമാണ്. ഹിറ്റ്‌ലര്‍ കടുത്ത ഒരു പുകവലി വിരുദ്ധനായിരുന്നുവെന്നത് പുകവലിയെ ഒരു രാജ്യസ്‌നേഹപ്രവര്‍ത്തനമായി മാറ്റുന്നുവെന്ന് നിക്കോളസ് ലെസാര്‍ഡ് നിരീക്ഷിക്കുകയുണ്ടായി. അപകടകരമാണെങ്കില്‍ പോലും വശ്യതയുള്ള ഒരു ജനകീയ കര്‍മ്മമായി പുകവലിയെ കാണണമെന്ന പക്ഷക്കാരനാണ് അദ്ദേഹം.

സ്ഥിതിസമത്വത്തിന്റെയും കാല്പനികതയുടെയും അംശങ്ങള്‍ പുകവലിയിലുണ്ട്. ആതിഥ്യ മര്യാദയുടെ അംശങ്ങള്‍ അതിലുണ്ട്. മനുഷ്യത്വവും സൗഹൃദവും പങ്കിടുന്നതിന്റെ ആസ്വാദ്യത അതിലുണ്ട്. ഒരു സിഗരറ്റ്, തീപ്പെട്ടി ഇവ ആവശ്യപ്പെട്ടുകൊണ്ടോ മറ്റൊരാള്‍ക്ക് കൊടുത്തുകൊണ്ടോ ആവാം ചിലപ്പോള്‍ ഒരു സൗഹൃദത്തിന് തുടക്കമിടുക. ഒരു ഗ്രൂപ്പിലിരുന്ന് പുകവലിച്ചുകൊണ്ടാണ് പലരും അതിഗഹനമായ വിഷയങ്ങളെക്കുറിച്ചുള്ള സംവാദങ്ങളും സംഭാഷണങ്ങളും നടത്താറുണ്ടായിരുന്നത്; ആശയങ്ങള്‍ ഉച്ചത്തില്‍ ചര്‍ച്ചചെയ്തിരുന്നുത്. ഇന്ന് പുകവലിയോടൊപ്പം അത്തരം ഗ്രൂപ്പുകളും പൊതുഇടങ്ങളില്‍ നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. പുകവലിക്കുന്നവര്‍ പൊതു ഇടങ്ങളില്‍ നിന്ന് വേറിട്ട് പോവുകയും അവരുടെ സാംസ്‌കാരികക്കൂട്ടായ്മകള്‍ ഉപേക്ഷിച്ച് വെറും വ്യക്തികളായി സ്വന്തം വീടുകളിലേക്ക് മടങ്ങുകയും, ടെലിവിഷന്‍ സെറ്റുകള്‍ക്കു മുന്നില്‍ ചടഞ്ഞിരുന്നു തനിച്ച് പുകവലിക്കുകയും ചെയ്യുന്ന അവസ്ഥയിലെത്തി. ഇത് സര്‍ഗാത്മകകൂട്ടായ്മകളുടെ തിരോധാനത്തിനും സാംസ്‌കാരിക രംഗത്തുതന്നെ ഒരു തരം ശോഷണത്തിനും ഇടയാക്കിയിട്ടുണ്ട് എന്നു പറയാം.

യു.എന്‍. ഇടപെടുന്നു

പുകവലിയെ മാരകമായ ഒരു വിപത്തായി ചിത്രീകരിച്ച് തുടങ്ങിയത് ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ മാത്രമാണ്. അതിന് അപ്രതീക്ഷിതമായ ഭീകരത കൈവരുന്നത് ഈ നൂറ്റാണ്ടിലും. വിവിധ രാജ്യങ്ങളില്‍ പുകവലി നിരോധനങ്ങളും നിയന്ത്രണങ്ങളും ഊര്‍ജ്ജിതമാവുന്നതും അതിനനുസൃതമായ നിയമനിര്‍മ്മാണങ്ങള്‍ നടക്കുന്നതും സമീപകാലത്താണ്. 2003ല്‍ ലോകാരോഗ്യസംഘടന ആദ്യത്തെ ആഗോളആരോഗ്യ ഉടമ്പടി അംഗീകരിക്കുന്നത് FCTC ( Farmework Convention on Tobacco Control) യില്‍ ഒപ്പുവച്ചുകൊണ്ടാണ്.

പുകയിലയുടെ ഉല്പാദനം, വില്പന, വിതരണം, പരസ്യപ്പെടുത്തല്‍, നികുതിചുമത്തല്‍ എന്നിവയുടെ കാര്യത്തില്‍ ചിലയിനം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒപ്പിട്ട് 174 രാജ്യങ്ങള്‍ നിയമപരമായി ബാദ്ധ്യസ്ഥരായി. പിന്നീട് ലോകാരോഗ്യസംഘടന, പുകയില നിയന്ത്രണതന്ത്രത്തിലെ അവശ്യഘടകങ്ങള്‍ സംക്ഷേപിച്ച് ‘M POWER’ Tobacco Strategy എന്ന പേരില്‍ ആറ് കാര്യങ്ങള്‍ ലോകരാജ്യങ്ങളില്‍ പ്രചരിപ്പിക്കുകയുണ്ടായി. പുകയില ഉപയോഗ, നിരോധന നയങ്ങള്‍ നിയന്ത്രിക്കുക (Monitor) ജനങ്ങളെ പുകയില്‍ നിന്ന് രക്ഷിക്കുക (Proect) പുകയില ശീലം ഉപേക്ഷിക്കുന്നതിന് സഹായം നല്‍കുക (Offer help) പുകയിലയുടെ അപകടങ്ങളെക്കുറിച്ച് താക്കീത് നല്‍കുക (Warn) പുകയിലയുടെ പരസ്യങ്ങളും പ്രോത്സാഹനവും, പ്രായോജനവും നിരോധിക്കുന്നുണ്ടെന്നുറപ്പുവരുത്തുക (Enforce) പുകയിലയുടെ നികുതി വര്‍ദ്ധിപ്പിക്കുക (Raise). ഇതില്‍ അവസാനത്തെ നിര്‍ദ്ദേശം നോക്കുക.

ആരോഗ്യസംരക്ഷണത്തിന് വേണ്ടിയുള്ള നടപടികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളില്‍ എങ്ങനെയാണ് ആഗോളപുകയില വ്യാപാരക്കമ്പനികളെ സംരക്ഷിക്കുവാനുള്ള വ്യവസ്ഥ സമര്‍ത്ഥമായി തിരുകിക്കയറ്റിയിരിക്കുന്നത് എന്ന് ശ്രദ്ധിക്കുക. ഈ വ്യവസ്ഥ എല്ലാ സര്‍ക്കാരുകളും അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ പാലിക്കുന്നുണ്ട് താനും.

2008ല്‍ ആഗോളപുകയില മഹാമാരി (Global Tobacco Epidemic) എന്ന പേരില്‍ ഒരു റിപ്പോര്‍ട്ട് WHO പ്രസിദ്ധീകരിച്ചു. ആഗോളതലത്തില്‍ത്തന്നെ പുകയിലയാണ് തടയാവുന്ന മരണങ്ങളുടെ ഏറ്റവും വലിയ ഒറ്റ ഉത്തരവാദി എന്ന് ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഹൃദ്രോഗം, മസ്തിഷ്‌കാഘാതം, ക്യാന്‍സര്‍, അതീറോസ്‌ക്ലീറോസിസ്സ്, രക്തസമ്മര്‍ദ്ദം, വന്ധ്യത, ബുദ്ധിമാന്ദ്യം, ഓര്‍മ്മക്കുറവ് എന്നിങ്ങനെ മനുഷ്യര്‍ നേരിടുന്ന നാനാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പുകവലിയെ പ്രതിക്കൂട്ടിലാക്കി. വിവാഹമോചനങ്ങള്‍ പെരുകുന്നത് പോലും (പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കാരില്‍ 53% ആണത്രെ വിവാഹമോചനനിരക്ക്) പുകവലിയുടെ ദൂഷ്യഫലങ്ങളുടെ പട്ടികയില്‍ സ്ഥാനം നേടി.

ഇന്ത്യയില്‍ ലോകാരോഗ്യസംഘടനയുടെ ഉടമ്പടിയുടെ സ്വാധീനമുള്‍ക്കൊണ്ട് ഇന്ത്യയും 2003ല്‍ തന്നെ ”സിഗരറ്റും മറ്റ് പുകയില ഉല്പന്നങ്ങളും (പരസ്യനിരോധനവും, വ്യാപാര ഉല്പാദനവിതരണ നിയന്ത്രണവും) സംബന്ധിച്ച നിയമം 2003” പാസ്സാക്കി. പുകയില പരസ്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കുകയും ചെയ്തു. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വിമാനത്താവളങ്ങളിലും പുകവലിക്ക് പ്രത്യേകമേര്‍പ്പെടുത്തിയ സ്ഥലങ്ങളിലും പൊതുനിരത്തുകളിലുമൊഴിച്ച് എല്ലാ പൊതുസ്ഥലങ്ങളിലും പുകവലി നിരോധിച്ചു.

പുകയില ഉല്പന്നങ്ങളുടെ പരസ്യങ്ങളും നിരോധിച്ചു. 18 വയസ്സിനു താഴയുള്ളവര്‍ക്ക് ഇവ വില്ക്കാന്‍ പാടില്ല എന്നും സിഗററ്റു പാക്കറ്റുകളിന്മേല്‍ ”പുകവലി ആളെക്കൊല്ലും” എന്ന താക്കീത് എഴുതിച്ചേര്‍ക്കണമെന്നും, പൊതുസ്ഥലത്ത് പുകവലിച്ചാല്‍ 1000 രൂപ വരെ പിഴചുമത്തുമെന്നും, ‘പുകയില ക്യാന്‍സറുണ്ടാക്കു’മെന്ന് ഉല്പന്നങ്ങള്‍ വില്ക്കുന്ന സ്ഥാപനങ്ങളില്‍ ബോര്‍ഡുവെക്കണമെന്നും നിയമവ്യവസ്ഥയുണ്ടായി. 10271 കോടി രൂപ എക്‌സൈസ് റവന്യുവായും 2022 കോടി രൂപ വിദേശനാണ്യമായും ഖജനാവിലേക്ക് മുതല്‍ക്കൂട്ടന്ന ഒന്നാണ് ഇന്ത്യയില്‍ പുകയില വ്യവസായം. മൊത്തം ഉല്പാദിപ്പിക്കുന്ന പുകയിലയില്‍ 38% ബീഡിയായും 14% സിഗരറ്റായും 48% മുറുക്കാനും, നാസിക ചൂര്‍ണ്ണവും തുടങ്ങിയ മറ്റാവശ്യങ്ങള്‍ക്കായും ഉപയോഗിക്കുന്നതായാണ് കണക്ക്.

ഇന്ത്യയില്‍ പ്രതിശീര്‍ഷ സിഗരറ്റു ഉപഭോഗം , ലോകശരാശരിയുടെ പത്തിലൊന്ന് മാത്രമാണ്. എന്നാല്‍ പുകയില ഉല്പന്നങ്ങളുടെ നികുതി വരുമാനത്തിന്റെ 85%വും ലഭിക്കുന്നത് സിഗരറ്റില്‍ നിന്നാണ്. തുടരെത്തുടരെ ആരുടെയും കാര്യമായ എതിര്‍പ്പില്ലാതെ നികുതി കൂട്ടാന്‍ കഴിയുന്ന വസ്തു സിഗരറ്റാണ്. ലോകത്തെ 12% പുകവലിക്കാര്‍ ഇന്ത്യയിലാണെന്ന് കണക്കുണ്ട്. 120 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ രണ്ടേമുക്കാല്‍ കോടി പുകവലിക്കാരാണ്. ഉരുളക്കിഴങ്ങ്, തക്കാളി, വഴുതന തുടങ്ങിയവ ഉള്‍പ്പെട്ട, ധാരാളം ആല്‍ക്കലോയ്ഡുകളടങ്ങിയ, സസ്യങ്ങളുടെ കുടുംബത്തിലാണ് പുകയിലയും പെടുന്നത്.

ദോഷങ്ങളനേകമുണ്ടെങ്കിലും ചില ഗുണങ്ങളും പുകയിലയ്ക്കുണ്ട് എന്നാണ് പുതിയ ചില പഠനങ്ങള്‍ ഉദ്ധരിച്ച് പലരും ചൂണ്ടിക്കാട്ടുന്നത്. പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്‌സ്, ഡിപ്രഷന്‍ തുടങ്ങിയ പല രോഗങ്ങള്‍ക്കും വ്രണമുണങ്ങുന്നതിനും പുകയിലയിലടങ്ങിയ നിക്കോട്ടിന്‍ സഹായകമായേക്കാം; വീക്കത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരു മരുന്നാണ് നിക്കോട്ടിന്‍ എന്നും പറയപ്പെടുന്നു. അമിതവണ്ണത്തിന്റെ സാധ്യത കുറയ്ക്കുകയും പുതിയ രക്തക്കുഴലുകളുണ്ടാവുന്നതിനെ ത്വരിതപ്പെടുത്തുകയും കാല്‍മുട്ട് മാറ്റിവെക്കേണ്ട അവസ്ഥ എന്ന അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നുണ്ട് പുകയില എന്നും പറയപ്പെടുന്നു.

അതേസമയം പുകവലിയുടെ ദൂഷ്യഫലങ്ങളെ ലഘൂകരിച്ച് കാണിക്കാന്‍വേണ്ടി പുകയിലക്കമ്പനികളുടെ ധനസഹായത്തോടെ നടക്കുന്ന ഗവേഷണഫലങ്ങള്‍ മിക്കതും വിശ്വസനീയമല്ല എന്ന കാര്യം കൂടി കണക്കിലെടുത്തുകൊണ്ടുമാത്രമേ അതിരുകടന്ന ചില അവകാശവാദങ്ങളെ നമ്മള്‍ പരിഗണിക്കേണ്ടതുള്ളൂ.

പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കപ്പെട്ടതോടെയാണ് പുകവലി വിരോധം പ്രബലമായ ഒരു പ്രത്യയശാസ്ത്രമായി വളരുന്നത്. ജനനന്മയ്ക്കും ആരോഗ്യരക്ഷയ്ക്കുംവേണ്ടിയുള്ള എന്തോ വിലപ്പെട്ട പ്രവര്‍ത്തനമാണ് തങ്ങള്‍ നടത്തുന്നതെന്നുള്ള ചാരിതാര്‍ത്ഥ്യം പുകവലി വിരുദ്ധര്‍ക്ക് ഇതില്‍ നിന്ന് ലഭിക്കുന്നു. ദാനധര്‍മ്മങ്ങളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ഒരു നിക്ഷേപമാക്കി മാറ്റി അതിന്റെ സാമൂഹികമായ പ്രയോജനങ്ങള്‍ വീണ്ടും മൂലധനത്തിന്റെ വളര്‍ച്ചയ്ക്ക് ഉപയോഗപ്പെടുത്തുന്ന ഉദാരമുതലാളിത്തത്തിന്റെ പുതിയ പ്രവര്‍ത്തനശൈലിയാണ് ഇന്ന് പുകവലി കമ്പനികളും സര്‍ക്കാറും പുകയില വിരുദ്ധരും ഒത്തുചേര്‍ന്ന് നടപ്പാക്കുന്നത്. പുകയില ഉല്പന്നങ്ങളില്‍ നിന്ന് കിട്ടുന്ന വമ്പിച്ച ലാഭത്തില്‍ നിന്ന് പുകയില വിരുദ്ധ പ്രചരണങ്ങള്‍ക്കും പരസ്യങ്ങള്‍ക്കും അവര്‍ സംഭാവന നല്‍കുന്നു. ഐടി രംഗത്തെ കൊള്ളലാഭത്തില്‍ നിന്നും ബില്‍ഗേറ്റ്‌സ്, വാക്‌സിന്‍ നിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്നതുപോലെതന്നെയാണിത്. ഒപ്പം പുകവലിക്കെതിരെ സംസാരിക്കുന്നതുപോലും ഒരു ജീവകാരുണ്യപ്രവര്‍ത്തനമാണെന്ന് മേനി നടിക്കാന്‍ പുകയില വിരുദ്ധര്‍ക്ക് അവസരം ലഭിക്കുകയും ചെയ്യുന്നു.

തെറ്റുന്ന കണക്കുകള്‍

റിച്ചാര്‍ഡ് ഡോള്‍2, ബ്രാഡ്‌ഫോര്‍ഡ് ഹില്‍3 എന്നിവര്‍ ചേര്‍ന്ന് 1950ല്‍ പുകവലിക്കാര്‍ക്ക് ശ്വാസകോശകാന്‍സര്‍ ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ട് എന്ന് സ്ഥാപിക്കുന്ന ഒരു പഠനം മുന്നോട്ടുവെച്ചു. ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും മികച്ച സ്ഥിതിവിവരവിദഗ്ദ്ധന്‍ സര്‍. റൊണാള്‍ഡ് ഫിഷര്‍ ഈ പഠനത്തിലെ കടുത്ത ഒരു അപാകത ചൂണ്ടിക്കാണിച്ചു. പുക ഉള്ളിലേക്ക് വലിച്ചെടുക്കുകയും വലിച്ചെടുക്കാതിരിക്കുകയും ചെയ്യുന്നവരോടുള്ള ചോദ്യത്തിന്റെ പ്രതികരണപ്രകാരം ഉള്ളിലേക്ക് വലിച്ചെടുക്കാത്തവര്‍ക്ക് വലിച്ചെടുക്കുന്നവരെ (inhalers) അപേക്ഷിച്ച് കൂടുതലാണ് ശ്വാസകോശകാന്‍സര്‍ എന്നായിരുന്നു കണക്ക്!

എന്നാല്‍ പ്രസ്തുതപഠനങ്ങളെ ആസ്പദമാക്കിയാണ് പുകയിലവിരുദ്ധപ്രചരണം ആരംഭിച്ചത്. അമേരിക്കയിലെ സര്‍ജന്‍ ജനറല്‍ ‘പുകവലിയും ആരോഗ്യവും’ എന്ന പേരില്‍ ഒരു രേഖയിറക്കി ഈ വഞ്ചനയ്ക്ക് കൂട്ടുനിന്നു. ശാസ്ത്രലോകത്തെ കഴിഞ്ഞ അഞ്ഞൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തട്ടിപ്പാണ് അഞ്ചുദശകമായി നടന്നുവരുന്ന ഈ പുകയിലവിരുദ്ധകിംവദന്തി പ്രചരണം എന്ന് പ്രൊഫ. പി.ഡി. ഫിഞ്ച്4 ചൂണ്ടിക്കാട്ടുന്നുണ്ട്.

പുകവലിയെക്കുറിച്ച് നടന്ന പഠനങ്ങളില്‍ പലതും പഠനങ്ങളില്‍ നിന്ന് നിഗമനങ്ങളിലേക്കല്ല തിരിച്ചാണ് പോയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സ്ഥിതി വിവരകണക്കുകള്‍ സത്യം പ്രതിഫലിപ്പിക്കുന്നില്ല എന്നും ആക്ഷേപമുണ്ട്.

മറ്റുമേഖലകളിലായിരുന്നുവെങ്കില്‍ ശാസ്ത്രവിരുദ്ധമായതുകൊണ്ട് സ്വീകരിക്കപ്പെടാതെ തള്ളിക്കളയുമായിരുന്ന നിഗമനങ്ങളാണ് വിഷയം പുകവലിയായതുകൊണ്ട് മാത്രം ചോദ്യങ്ങളോ സംശയങ്ങളോ ഏതും കൂടാതെ അംഗീകരിക്കപ്പെട്ടത്. ആവര്‍ത്തിക്കപ്പെടുന്ന കള്ളങ്ങള്‍ സത്യമായി അംഗീകരിക്കപ്പെടുമെന്ന വിശ്വാസം കൂടി ഈ കപടശാസ്ത്രനാട്യക്കാരുടെ സഹായത്തിനെത്തിയിരുന്നുവെന്ന് പറയപ്പെടുന്നു. പുകവലി ശ്വാസകോശാര്‍ബുദമുണ്ടാക്കുന്നുവെന്നും അകാലത്തിലുള്ള (പ്രായപൂര്‍ത്തിയാകാതെയുള്ള) മരണത്തിനത് ഇടയാക്കുന്നുവെന്നുമുള്ള വാദങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ല.

ശ്വാസകോശാര്‍ബുദവും പുകവലിയും തമ്മിലുള്ള ബന്ധത്തിന്റെ പഠനഫലങ്ങള്‍ സ്ഥിതിവിവരപരമായി പരിഗണാര്‍ഹമല്ല എന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. പുകവലിക്കുന്നവരും വലിക്കാത്തവരും തമ്മില്‍ മരണനിരക്കില്‍ വ്യത്യാസമില്ല. അകാലമരണത്തിന് പുകവലി കാരണമാകുന്നുവെന്ന പ്രസ്താവത്തിനും ശാസ്ത്രീയമായ തെളിവുകളില്ല. ദീര്‍ഘായുസ്സുള്ള ജപ്പാന്‍കാര്‍ മിക്കവരും പുകവലിക്കാരാണെന്നത് ഇത് ഒന്നുകൂടി ശരിവെയ്ക്കുന്നു.

പുകവലി ആയുര്‍ദൈര്‍ഘ്യത്തെ ബാധിക്കുന്നതെങ്ങനെ എന്നറിയാനുള്ള 6 പരീക്ഷണപഠനങ്ങള്‍5 ഏഴര വര്‍ഷക്കാലം ജനങ്ങള്‍ക്കിടയില്‍ നടത്തിയതിന്റെ ഫലങ്ങള്‍ ഇങ്ങനെയെന്ന് ഡോക്ടര്‍ ജെ.ആര്‍ ജോണ്‍സ്റ്റണ്‍, പ്രൊഫ. പി.ഡി. ഫിഞ്ച് എന്നീ സ്ഥിതിവിവരശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നു6: ‘എല്ലാ ഫലങ്ങളും സമാനവും, സംശയരഹിതവുമായിരുന്നു; പുകവലി ഉപേക്ഷിക്കുന്നത്, മെച്ചപ്പെട്ട ഭക്ഷണവും വ്യായാമവും കൊണ്ട് നികത്തിയാല്‍ പോലും പ്രതീക്ഷിതായുസ്സു വര്‍ദ്ധിപ്പിക്കുന്നില്ല. ഹൃദ്രോഗത്തിന്റെയും ക്യാന്‍സറിന്റെയും മരണനിരക്കുകളിലും പുകവലിക്കുന്നവരും പുകവലിക്കാത്തവരും തമ്മില്‍ വ്യത്യാസമില്ല. ഒരു ദശകക്കാലത്തെ നീണ്ടുനിന്ന ചെലവേറിയ ഗവേഷണം അപ്രതീക്ഷിതമായ ഫലമാണ് നല്‍കിയിട്ടുള്ളത്’.

”പുകവലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ ശ്വാസകോശകാന്‍സര്‍, ഇസ്‌കീമിക് ഹാര്‍ട്ട് ഡിസീസ്, സ്റ്റ്രോക്ക്, ക്രോണിക് ഒബ്സ്റ്റ്‌രക്റ്റീവ് പള്‍മനറി ഡിസീസ് എന്നിവമൂലം തങ്ങള്‍ മരിക്കാനുള്ള സാധ്യത വളരെക്കൂടുതലാണെന്ന ഭയം പുകവലിക്കാരില്‍ ഉളവാക്കുന്നു. പുകവലിക്കുന്നവര്‍, പുകവലി കാരണം ഈ രോഗങ്ങള്‍ കൊണ്ട് മരിക്കാന്‍ സാധ്യതയുണ്ടെന്ന് ഒരു പൊതുധാരണ പരന്നിട്ടുണ്ട്. ഇത് വാസ്തവത്തില്‍ ശരിയല്ല. മരണകാരണങ്ങളായ ഈ നാല് രോഗങ്ങള്‍ പുകവലി മൂലമുണ്ടാവാനും മരിക്കാനുമുള്ള സാധ്യത മറ്റു കാരണങ്ങളാല്‍ ഈ രോഗം ബാധിച്ചുമരിക്കാനുള്ള സാധ്യതയേക്കാള്‍ കുറവാണ്” എന്ന് പ്രൊഫ. പീറ്റര്‍ ഡി. ഫിഞ്ച് അദ്ദേഹത്തിന്റെ ‘ദി സ്‌മോക്കിങ് എപ്പിഡെമിക്’ എന്ന പ്രബന്ധത്തില്‍ പറയുന്നു.

ഈ നാലുരോഗങ്ങള്‍ മൂലം മരിച്ച 40 വയസ്സ് മുതല്‍ 80ന് മേലെവരെ വിവിധ പ്രായത്തിലുള്ള ആളുകളുടെ സ്ത്രീപുരുഷവ്യത്യാസം കൂടി പരിഗണിച്ചുകൊണ്ടുള്ള പട്ടികകള്‍ (1992ലെ കണക്ക്) പ്രൊഫ. ഫിഞ്ച് പരിശോധിക്കുന്നു. കൂടുതല്‍ മരണവും രോഗാതുരതയും പുകവലി മൂലമല്ല, മറ്റ് കാരണങ്ങള്‍ മൂലമാണ് ഉണ്ടായിട്ടുള്ളതെന്ന് അദ്ദേഹം കാര്യകാരണസഹിതം സമര്‍ത്ഥിക്കുന്നു. ”ജനങ്ങളെങ്ങിനെ പെരുമാറണമെന്ന് സുവിശേഷക്കാര്‍ പ്രസംഗിക്കുന്നതില്‍ പുതുമയില്ല. പ്രചരണങ്ങളില്‍ നിങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കണമെന്ന് ആഗ്രഹിക്കുന്നവമാത്രം ഉള്‍പ്പെടുത്തി മറ്റ് പ്രസക്തവിവരങ്ങള്‍ മറച്ചുവെയ്ക്കുന്നതിലും പുതുമയില്ല. ശുദ്ധശാസ്ത്രത്തിന്റെ അനിശ്ചിതത്വങ്ങളെ മാറ്റിവെച്ചുകൊണ്ട് മേധാവിത്വം നേടിയ വിഭാഗീയശാസ്ത്രം ഉപയോഗിച്ച് പ്രായോഗികപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശാസ്ത്രസ്ഥാപനങ്ങളിലെ വലിയൊരു വിഭാഗം ആളുകള്‍ ശ്രമിക്കുന്നതിലും പുതുമയില്ല…….പുകയില വിരുദ്ധപ്രസ്ഥാനക്കാരുടെ അവകാശവാദങ്ങളെ അവര്‍ തന്നെ നിരത്തുന്ന കണക്കുകകള്‍ പിന്തുണക്കുന്നില്ല എന്ന വസ്തുത മാത്രമല്ല ആശ്ചര്യകരമായിട്ടുള്ളത്; മറിച്ച് അവരുടെ ധാരണകള്‍ ശാസ്ത്രീയ സത്യങ്ങളാണെന്ന് വരുത്തുവാനുള്ള അവരുടെ അത്യുത്സാഹമാണ്. തങ്ങളുടെ ധാരണകള്‍ പലതും അടിസ്ഥാനരഹിതമാണെന്ന് വെളിപ്പെടുന്ന പല കണക്കുകൂട്ടലുകളും നടത്താന്‍പോലും കൂട്ടാക്കാതെയാണ് അവര്‍ നിഗമനങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നത്”. (പേജ് 46, 47, അതേ പ്രബന്ധം)

അപര്യാപ്തമായ പരീക്ഷണങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ വെച്ചുകൊണ്ടാണ് നേരത്തെഇതിനെതിരായ വിവരങ്ങള്‍ WHOയും CDC യും പ്രചരിപ്പിച്ചിരുന്നത്: യഥാര്‍ത്ഥത്തില്‍ ശാസ്ത്രത്തിനുതന്നെ കളങ്കം വരുത്തുന്നതിലാണ് പുകയില അപകടകരമാണെന്ന് സ്ഥാപിക്കാനുള്ള അവരുടെ അമിതാവേശം കലാശിച്ചത്. ആയുസ്സും പുകവലിയും തമ്മില്‍ ബന്ധമില്ലെന്ന് പുതിയ പഠനം വ്യക്തമാക്കി. 100 കൊല്ലം പുകവലിച്ച് 122ാം വയസ്സില്‍ മരിച്ച ഷാന്‍ കാല്‍മെന്റ് എന്ന സ്ത്രീയുടെ ഉദാഹരണവും ഇത് ശരിവെയ്ക്കുന്നു. ”സത്യം പറയാന്‍ ബാദ്ധ്യസ്ഥരായ അധികൃതര്‍ സത്യം പറഞ്ഞില്ലെന്നുമാത്രമല്ല നേര്‍ വിപരീതം പ്രവര്‍ത്തിക്കുകയും ചെയ്തു” എന്ന് ഈ ശാസ്ത്രജ്ഞര്‍ നമ്മോട് വെളിപ്പെടുത്തുന്നു.

”ശാസ്ത്രത്തിന്റെ സത്യസന്ധമായ നിലപാടാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. എത്ര നല്ല ഉദ്ദേശ്യത്തോടെയാണെങ്കിലും ശാസ്ത്രവും അതിന്റെ പ്രയോക്താക്കളും ഇവിടെ സ്വന്തം വിലയിടിക്കുന്ന പ്രവര്‍ത്തനമാണ് നടത്തിയത്” എന്ന് അവര്‍ പറയുന്നു. ”50 വര്‍ഷം മുമ്പെ ലോകത്തിലെല്ലാവരും പുകവലി നിര്‍ത്തിയിരുന്നുവെങ്കില്‍പോലും അകാലമരണം ഇപ്പോഴും ഇന്നുള്ളതിന്റെ 80%ത്തില്‍ കൂടുതല്‍ തന്നെയായിരിക്കുമായിരുന്നു.” എന്ന് ഡോക്ടര്‍ ജെയിംസ് പി. സീപ്പ്മാന്‍7 പുകവലി ശ്വാസകോശക്യാന്‍സറിന് കാരണമാകുന്നില്ല എന്ന പേരില്‍ ജേണല്‍ ഓഫ് തിയററ്റിക്‌സില്‍ പ്രദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്. പുകവലിക്കാര്‍ പുറത്ത് വിട്ട പുകയേറ്റാലും അത് ഈ രോഗബാധയ്ക്കുള്ള സാധ്യത കൂട്ടുന്നില്ലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ശ്വാസകോശക്യാന്‍സര്‍ ഏറ്റവും വലിയ മരണകാരണങ്ങളില്‍ ആദ്യത്തെ അഞ്ചില്‍ പോലും പെടുന്നില്ല. അതിന്റെ സ്ഥാനം 9 ആണ് എന്നും സീപ്പ്മാന്‍ നിരീക്ഷിക്കുന്നു.

പുകയേല്‍ക്കുന്നവര്‍

നമ്മള്‍ പുകവലിക്കേണ്ട, മറ്റുള്ളവര്‍ വലിക്കുന്ന പുകയേറ്റാലും മതി വളരെ അപകടകരമാണെന്നാണ് മറ്റൊരു പ്രചരണം. പുക നേരിട്ട് വലിക്കാത്തവരെക്കാള്‍ കൂടുതല്‍ ഗുരുതരമായ പ്രശ്‌നമുണ്ടാവുക പുറത്ത് വിട്ട പുക ഏല്‍ക്കുന്നവര്‍ക്കാണ് എന്ന് ഭാഷ്യമുണ്ട്. ഇതില്‍ എന്തെങ്കിലും കഴമ്പുണ്ടോയെന്നുകൂടി പരിശോധിക്കണം. 1975ലാണ് ലോകാരോഗ്യസംഘടനയിലെ ബ്രിട്ടീഷ് പ്രതിനിധിയായ സര്‍ ജോര്‍ജ്ജ് ഗൂബര്‍ പുകവലിക്കാരെ അതുപേക്ഷിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന തന്റെ നിര്‍ദ്ദേശം അസംബ്ലിയില്‍ വെച്ചത്.

”പുകവലിക്കുന്നവര്‍ ചുറ്റുമുള്ളവരെ പ്രത്യേകിച്ചും കുടുംബാംഗങ്ങളെയും കുട്ടികളെയും മറ്റും അപകടപ്പെടുത്തുമെന്ന് ആളുകള്‍ ധരിക്കുന്ന ഒരന്തരീക്ഷം സൃഷ്ടിക്കണം.” ആളുകള്‍ ഇങ്ങനെ ‘ധരിക്കുന്ന’ അന്തരീക്ഷമുണ്ടായാല്‍ മതി: സംഗതി സത്യമായിരിക്കണമെന്നുപോലും നിര്‍ബന്ധമില്ല. പുകവലിക്കാര്‍ക്കെതിരായ പ്രവര്‍ത്തനം എത്രയോ കാലമായി നിലവിലുണ്ടെങ്കിലും ആളുകളെ ഈ ശീലത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഈ പരാജയത്തിന്റെ കാരണം സദാചാരത്തിന്റെ പേരിലാണ് പുകവലിയോടുള്ള എതിര്‍പ്പ് എന്നതായിരുന്നു. പുകവലിക്കാര്‍ക്കെതിരെയുള്ള കുരിശ് യുദ്ധത്തില്‍ സത്യത്തിനാണ് മിക്കപ്പോഴും പരിക്കുപറ്റിയത്.

പുക ഇഷ്ടമല്ലാത്തവരുടെ അടുത്ത്‌നിന്ന് മാറി പുകവലിക്കുക ആളുകള്‍ കൂടിനില്‍ക്കുന്ന സ്ഥലത്ത് പുകവലിക്കാതിരിക്കുക എന്നതൊക്കെ മിക്കവരും എന്നും പാലിക്കുന്ന സാമാന്യമര്യാദയാണ്. എന്നാല്‍ ഇന്ന് പുകവലിക്കാരെല്ലാം തങ്ങളുടെ ശീലത്തെയോര്‍ത്ത് ലജ്ജകൊണ്ട് ശിരസ്സു കുനിക്കേണ്ട സ്ഥിതിയിലാണ്. തികച്ചും നിയമവിധേയമായി മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഒരുല്പന്നം ഒളിച്ചും രഹസ്യമായും ”പോലീസ് വരുന്നുണ്ടോയെന്ന് ഇടംവലം നോക്കി”യും കുറ്റബോധത്തോടെയും മറ്റും ഉപയോഗിക്കേണ്ടി വരുന്നു. പുകവലിക്കുന്ന ന്യുനപക്ഷത്തിന് മറ്റ് ന്യുനപക്ഷങ്ങള്‍ക്കുള്ള സംരക്ഷണവുമില്ല. പുകവലിക്കാത്തവര്‍ക്ക് പുകവലിക്കുന്നവര്‍ വലിയ ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്ന വാദം വാസ്തവത്തില്‍ ആളുകളെ പരസ്പരം വെറുപ്പിക്കാനുള്ള ഒരു തന്ത്രം മാത്രമാണ്.

വാഹനങ്ങളുടെ പുക, വിറകും ചപ്പുചവറുകളും കത്തുമ്പോഴുണ്ടാകുന്ന പുക എന്നിവയില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രതികൂല ഫലങ്ങള്‍ പുകയില കത്തുമ്പോള്‍ മാത്രമുണ്ടാകുമെന്ന വാദത്തിന് എന്ത് യുക്തിയാണുള്ളത്?
ജോലി സ്ഥലത്ത് പുകവലി പലയിടത്തും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. എങ്കിലും പുകവലിക്കുന്ന തൊഴിലാളികള്‍ക്ക് അതിനുവേണ്ട പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയ സ്ഥാപനങ്ങളുമുണ്ട്. ഇതിനെ സംബന്ധിച്ച നിയമങ്ങള്‍ പല സ്ഥലത്തും പലതാണ്. ജോലി സമയത്ത് ഇടവേളയില്‍ പുകവലിക്കാം. എന്നാല്‍ പുകവലിക്കുവേണ്ടി ഇടയ്ക്കിടെ ജോലി സമയം ഉപയോഗപ്പെടുത്തുന്നത് തടയുവാന്‍ തൊഴിലുടമകള്‍ ആദ്യം മുതലേ ശ്രദ്ധചെലുത്താറുണ്ട്. ജോലി സമയത്തുള്ള പുകവലി സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന കണക്കുകൂട്ടല്‍ മൂലമാണിത്. എങ്കിലും പുകവലി നയത്തിന്റെ ലംഘനം ഗുരുതരമായ സ്വഭാവദൂഷ്യമാണെന്ന് പരിഗണിച്ച് തൊഴിലാളികള്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാന്‍ മിക്ക സ്ഥലങ്ങളിലും വ്യവസ്ഥയില്ല.

സിനിമയില്‍ പുകവലി വരുന്നയിടങ്ങളിലെല്ലാം പുകവലി വിരുദ്ധപരസ്യം നിര്‍ബന്ധമായി കാണിച്ചിരിക്കണമെന്ന് ഇന്ത്യയില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. കലാപരമായ ഔചിത്യമൊന്നും പരിഗണിക്കാതെ ഇത്തരത്തില്‍ സിനിമയെ വികലമാക്കുന്നതിന് ന്യായികരണമില്ല. പുകവലി രംഗത്ത് താക്കീത് കാണിക്കാന്‍ കൂട്ടാക്കാത്തതു മൂലം വുഡി അലന്റെ ബ്ലൂ ജാസ്മിന്‍ എന്ന സിനിമ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. സിനിമയ്ക്കിടെ പരസ്യം കാണിക്കുന്ന ഏര്‍പ്പാടിനെ അടൂര്‍ ഗോപാലകൃഷ്ണനും എതിര്‍ത്തിട്ടുണ്ട്. സിനിമയ്ക്കു മുമ്പോ ഇടവേളയിലോ അത് കാണിച്ചാല്‍ പോരെ എന്നദ്ദേഹം ചോദിക്കുന്നു. പുകവലിയുടെ കൂടെ മാത്രം ഒരു താക്കീത്; യുദ്ധം, ബലാല്‍സംഗം,കൊലപാതകം ഇവയുടെ കൂടെയൊന്നും അത് വേണ്ട. എത്രവിചിത്രമാണ് ഇവിടെത്തെ നീതി ബോധം!

ആരോഗ്യഉത്കണ്ഠകള്‍

ആരോഗ്യത്തെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠയും അതിനുവേണ്ടി എന്ത് (പലപ്പോഴും തെറ്റായ) നിലപാടും സ്വീകരിക്കാനുള്ള ചങ്കൂറ്റവും ഒരു പക്ഷേ കേരളത്തിലെ ആളുകള്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വ്യാജമരുന്നുകളുടെ അത്ഭുതസിദ്ധിയിലും ആരോഗ്യം സംരക്ഷിക്കുമെന്ന പ്രതീക്ഷയുള്ള എത്രയോ ഉപഭോഗ വസ്തുക്കളിലും ഭ്രമിച്ച് വിപണിയില്‍ എത്ര പണം ചെലവഴിക്കാനും, ദിനചര്യകള്‍ മാറ്റാനും അവര്‍ തയ്യാറാകുന്നു.

പുകവലി ഹാനികരമാണെന്ന് എന്ന ഒരു ചെറിയ സൂചന കിട്ടികഴിഞ്ഞപ്പോള്‍ തന്നെ ഇവിടെ റോഡില്‍ പോലും ആരും പുകവലിക്കാത്ത അവസ്ഥയുണ്ടായത് ഈ മനോഭാവത്തിന്റെ മറ്റൊരു ഫലമാണ്. ഒരു കാലത്ത് കേരളത്തിന്റെ തൊഴില്‍ രംഗത്തും സാംസ്‌കാരിക രംഗത്തും ശ്രദ്ധേയമായ ചലനങ്ങള്‍ ഉണ്ടാക്കിയ ബീഡി വ്യവസായം അസ്തമിച്ചത് ഈ ആരോഗ്യ കുതുകികളുടെ പരിശ്രമങ്ങള്‍കൊണ്ട് തന്നെ. റോഡില്‍ ആരും പുകവലിക്കുന്നില്ല എന്നുമാത്രമല്ല ചിലര്‍ പുകവലിക്കുന്നവരുടെ അന്തസ്സിനെ ചോദ്യം ചെയ്യുകകൂടി ചെയ്യുന്നു. ; അവരെ അവഹേളിക്കുന്നു; മൂക്ക് പൊത്തിയും ചുമച്ചും കൈകൊണ്ട് അസഹ്യതയുടെ ആംഗ്യങ്ങള്‍ കാട്ടിയും സാമൂഹിക ദ്രോഹികള്‍ എന്ന മട്ടില്‍ അവരെ അകറ്റി നിര്‍ത്തുന്നു. ഒരു തരം തീവ്രവാദമാണ് പുകവലി വിരുദ്ധതയുടെ പേരില്‍ ഇവിടെ അരങ്ങേറിയത്.

നിങ്ങള്‍ പുകവലിക്കാരനോ അല്ലയോ അതിന് അനുകൂലിയോ എതിരാളിയോ എന്നൊന്നുമല്ല കാതലായ പ്രശ്‌നം. ഒരു സമൂഹജീവി എന്ന നിലയില്‍ നിങ്ങള്‍ ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും വിശ്വാസമര്‍പ്പിക്കുന്നുണ്ടോ എന്നതാണ്. പുകവലിയുടെ കാര്യത്തിലായാല്‍ പോലും, ജനാധിപത്യവിരുദ്ധതയും അപമര്യാദയും എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്.

പുകവലി ആരോഗ്യത്തിന് അത്രയധികം ഹാനികരമാണെന്നുറപ്പുണ്ടെങ്കില്‍, കഠിനരോഗങ്ങളെല്ലാം അതുകൊണ്ടുണ്ടാവുന്നതാണെന്ന് ബോധ്യമുണ്ടെങ്കില്‍, എന്തുകൊണ്ടാണ് പുകയിലകൃഷി തന്നെ നിരോധിക്കാത്തത്? അതിന് അധികൃതര്‍ തയ്യാറല്ല. ഇവിടെയാണ് പുകവലി വിരുദ്ധരുടെ ഹിപ്പോക്രസി തുറന്നുകാട്ടപ്പെടുന്നത്. വന്‍ മരണനിരക്കുകള്‍ക്ക് കാരണമാകുന്നുണ്ടെന്ന് അവകാശപ്പെടുന്ന ഈ വസ്തുവിന്റെ ഉല്പാദനം നിരോധിക്കുന്നില്ല എന്നു മാത്രമല്ല, പുകവലിക്കെതിരായ പരസ്യങ്ങളില്‍ ഉല്പന്നനിര്‍മ്മാതാക്കള്‍ക്കെതിരെ യാതൊരു പരാമര്‍ശവും ഉള്‍പ്പെടുത്തുകയില്ലെന്ന് അമേരിക്കന്‍ സര്‍ക്കാറും മറ്റും ധാരണയുണ്ടാക്കിയിട്ടുണ്ടുതാനും.

മാരകരോഗങ്ങളുടെ പേരില്‍ പുകവലിയെ എതിര്‍ക്കുന്ന പുകവലിവിരുദ്ധ പ്രസ്ഥാനങ്ങളുടെ നിലപാടും ഇതുതന്നെ. പുകവലിപദാര്‍ത്ഥങ്ങളുടെ ഉല്പാദനം നിരോധിക്കുന്ന ബില്ല് ഒരു പ്രാവശ്യം അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ വന്നപ്പോള്‍ അതിനെ വീറോടെ എതിര്‍ത്തത് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയും ചില ആരോഗ്യപ്രസ്ഥാനങ്ങളും കൂടി ആയിരുന്നു! വര്‍ദ്ധിച്ച നികുതിയിലൂടെ പുകയില ഉല്പന്നങ്ങളില്‍ നിന്ന് ലഭിക്കുന്ന അധിക വരുമാനം പുകയിലവിരുദ്ധ പരസ്യങ്ങളിലൂടെ പുകവലിക്കാരെ കൊഞ്ഞനം കുത്തുന്നതിന് വേണ്ട ചെലവുകള്‍ കൂടി വഹിക്കാന്‍ അതിന്റെ പങ്ക് പറ്റുന്നവരെ പ്രാപ്തരാക്കുന്നു. നമ്മുടെ അയല്‍ രാജ്യമായ ഭൂട്ടാന്‍ 2010 മുതല്‍ പുകയില കൃഷിയും ഉല്പന്നങ്ങളുമെല്ലാം അപ്പാടെ നിരോധിച്ചിട്ടുണ്ട്. ഇന്ത്യയിലേതായാലും അത്തരം നീക്കങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.

യഥാര്‍ത്ഥത്തില്‍ ആരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുമെന്ന് തെളിയിക്കപ്പെട്ട് കഴിഞ്ഞിട്ടുള്ള അനേകം പദാര്‍ത്ഥങ്ങള്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിട്ടുണ്ട്. അര്‍ബുദകാരികളും ജനിതക വൈകല്യകാരികളുമായ രാസവിഷങ്ങള്‍കൊണ്ട് നമ്മുടെ ഭക്ഷണവും വെള്ളവും അന്തരീക്ഷവുമെല്ലാം നിറഞ്ഞിരിക്കുന്നു. എന്നാല്‍ റേഡിയേഷന്‍ മൂലമുള്ള ക്യാന്‍സറിനെക്കുറിച്ചോ ഭക്ഷണത്തില്‍ കലര്‍ന്ന എന്‍ഡോസല്‍ഫാന്‍ ഉള്‍പ്പെടെയുള്ള കീടനാശിനികളുടെ അനന്തരഫലങ്ങളെക്കുറിച്ചോ സര്‍ക്കാറിന് ഒട്ടും ആശങ്കയില്ല. അവ നിരോധിക്കാനുള്ള നീക്കവുമില്ല. ക്യാന്‍സറിന്റെ മൊത്തം ഉത്തരവാദിത്വം പുകവലിയില്‍ ആരോപിക്കുകയും യഥാര്‍ത്ഥ അര്‍ബുദകാരികളെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്; എന്നിട്ടും ആളുകള്‍ ഈ നയത്തിലെ വൈകല്യം ശ്രദ്ധിക്കുന്നില്ല.

ക്യാന്‍സറിന്റെ യഥാര്‍ത്ഥകാരണങ്ങളെ ഒഴിവാക്കാന്‍ സര്‍ക്കാറിനോ ഔഷധകമ്പനികള്‍ക്കോ താത്പര്യമില്ല. പുകവലിയെ ബലിയാടാക്കി അര്‍ബുദത്തിന്റെ പ്രധാന കാരണങ്ങളില്‍ നിന്നും ജനശ്രദ്ധതിരിച്ച് ആരോഗ്യസംരക്ഷണമെന്ന ബാധ്യതയില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമമാണ് ഇവിടെ ഭരണകൂടം വൈദ്യസമൂഹത്തിന്റെ പുന്തുണയോടെ നടത്തുന്നത്.

കാന്‍സര്‍ ഉണ്ടാക്കുന്നത് പുകവലിയാണ്. പുകവലിക്കുത്തരവാദി പുകവലിയ്ക്കുന്നവരാണ്. അതായത്, കാന്‍സര്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് പങ്കില്ല. എത്ര വ്യക്തമായ താര്‍ക്കികയുക്തി! ഇനി കാന്‍സര്‍ തടയുവാന്‍ പുകവലി നിയന്ത്രിച്ചാല്‍ മാത്രം മതി. പുകയുടെ ഇരകളാണ് യഥാര്‍ത്ഥത്തില്‍ പുകവലിക്കാര്‍. എന്നിട്ടും ഇരകളെ കുറ്റവാളികളാക്കുന്ന പ്രത്യയശാസ്ത്രമാണ് സര്‍ക്കാരിന്റെ യാന്ത്രികയുക്തിയിലുള്ളത്.
പുകവലിച്ച് ജനങ്ങളുടെ ആരോഗ്യം നശിക്കുന്നതിനെക്കുറിച്ച് അത്യധികം വിഷാദിക്കുന്ന സര്‍ക്കാര്‍, കാസര്‍ഗോട്ടെ ജനങ്ങളുടെ ദുരിതങ്ങള്‍ മുഴുവന്‍ കണ്‍മുന്നില്‍ ഉണ്ടായിട്ടും എന്‍ഡോസല്‍ഫാന്‍ എന്ന വിഷം നിരോധിക്കാന്‍ എത്രമാത്രം അറച്ചുനിന്നുവെന്നതും ഇതേ വിഷം ഇപ്പോഴും പലസംസ്ഥാനങ്ങളിലും ഉപയോഗിക്കുന്നത് തടയാന്‍ ഒന്നും ചെയ്യുന്നില്ല എന്നതും അവരുടെ ആരോഗ്യവിഷയത്തിലുള്ള ആത്മാര്‍ത്ഥത എത്രത്തോളമുണ്ടെന്ന് വെളിപ്പെടുന്നുണ്ട്.

സ്വകാര്യകമ്പനികളുടെ ലാഭം ഉറപ്പു വരുത്തുകയും അവര്‍ക്കുവേണ്ടി സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യുകയെന്നതാണ് ആഗോളവല്‍ക്കരണകാലത്തെ സര്‍ക്കാറിന്റെ കടമ. അത് ഭംഗിയായി നിര്‍വഹിക്കുമ്പോള്‍ പൗരന്മാരുടെ ആരോഗ്യത്തിന്റെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നത് മറ്റൊരു വ്യാപാര തന്ത്രം മാത്രമായി തീരുന്നു.

പുകവലി നിരുത്സാഹപ്പെടുത്തണം, പക്ഷെ………

ഇതൊക്കെയാണെങ്കിലും പുകവലി പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു ശീലം അല്ല. അനേകം രോഗങ്ങള്‍ക്ക് തുടക്കമിടുവാനും ഗുരുതരമാക്കാനും പുകവലിക്ക് കഴിയും. മാത്രമല്ല ഇത് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ചെലവ് കൂടിയ ഒരു ശീലമാണ്. ദിവസം ശരാശരി ഒന്നോ രണ്ടോ പേക്കറ്റ് സിഗരറ്റ് വലിക്കുന്ന ഒരാള്‍ വര്‍ഷത്തില്‍ ചുരുങ്ങിയത് അരലക്ഷം രൂപ പുകച്ചു കളയുന്നു. രാജ്യത്തെ ഒരു വലിയ ജനവിഭാഗത്തിന്റെ വാര്‍ഷികവരുമാനത്തിലധികം വരും ഈ തുക. ഇത് ന്യായീകരണമില്ലാത്ത ഒരു ധൂര്‍ത്താണ്. വീണ്ടും വീണ്ടും സര്‍ക്കാര്‍ നികുതി കൂട്ടും.

കമ്പനികള്‍ ആ അവസരം മുതലെടുത്തുകൊണ്ട് ലാഭവും കൂട്ടും. പുകവലി ശീലം കൂടിയാലും കുറഞ്ഞാലും കമ്പനികള്‍ക്ക് ലാഭത്തില്‍ കുറവ് വരാത്ത സംവിധാനമാണ് പുകയിലയുല്പന്നങ്ങള്‍ക്ക് കനത്ത നികുതിയേര്‍പ്പെടുത്തിയതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. പ്രത്യക്ഷമല്ലെങ്കിലും സര്‍ക്കാരുകളും കമ്പനികളും തമ്മിലുള്ള ഒരു ധാരണ ഇതിനുപിന്നിലുണ്ട്. സിഗരറ്റിന്റെ കാര്യത്തിലെന്നതുപോലെ മദ്യത്തിന്റെ കാര്യത്തിലും വില്പന കുറഞ്ഞാലും ലാഭം കുറയാത്ത ഈ സാമ്പത്തികയുക്തിതന്നെയാണ് പിന്‍തുടരുന്നത്.

ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന കമ്പനികളും അതിന്റെ പങ്ക് നികുതിയായി പറ്റുന്ന സര്‍ക്കാറുകളുമാണ് ഈ ഏര്‍പ്പാടിന്റെ ഗുണഭോക്താക്കള്‍. ഇതാണ് പുകവലിയുടെ രാഷ്ട്രീയ സമ്പദ് ശാസ്ത്രം. സമ്പദ് വ്യവസ്ഥയില്‍ ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ സങ്കീര്‍ണ്ണവും ഗുരുതരവുമാണ്. അതുകൊണ്ട് പുകവലിയെ കഴിയുന്നത്ര നിരുത്സാഹപ്പെടുത്തുന്നത് തന്നെയാണ് അഭികാമ്യം. എന്നാല്‍ അത് തെറ്റായ കാരണങ്ങള്‍ നിരത്തിയോ ഭീഷണിപ്പെടുത്തിയോ ആവരുത്. മറ്റുള്ളവര്‍ക്ക് ദ്രോഹമാവാത്തവിധത്തില്‍ ആരെങ്കിലും പുകവലിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ വ്യക്തിപരമായ കാര്യമാണെന്നു കരുതി സഹിഷ്ണുത കാണിക്കുക എന്നതാണ് സമൂഹത്തിന് ഇക്കാര്യത്തില്‍ ചെയ്യാനുള്ളത്; നിസ്സഹായരായ പുകവലിക്കാരെ ശിക്ഷിക്കുകയല്ല.

കഞ്ചാവും കറുപ്പും മയക്കുമരുന്നുകളുമെല്ലാം നമ്മുടെ നാട്ടില്‍ പണ്ടേ നിരോധിക്കപ്പെട്ട ലഹരി പദാര്‍ത്ഥങ്ങളാണ്. എന്നാല്‍ ഇവയുടെ ഉപയോഗവും കള്ളക്കടത്തും കൂടിക്കൂടി വരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഈ സാമൂഹിക പ്രശ്‌നത്തെ നിരോധനം കൊണ്ട് തടയാന്‍ കഴിഞ്ഞിട്ടില്ല. ചെറുപ്പക്കാരെ മുഴുവന്‍ പ്രചണ്ഡമായ പ്രചരണം കൊണ്ട് താരതമ്യേന നിരുപദ്രവകരമായ പുകവലിയില്‍ നിന്ന് അകറ്റിയപ്പോള്‍ സംഭവിച്ചത് അവര്‍ മദ്യത്തിലേക്കും മയക്കുമരുന്നിലേയ്ക്കും സൈക്കോട്രോപ്പിക്ക് ഡ്രഗ്ഗുകളിലേക്കും സാമൂഹ്യവിരുദ്ധമായ ആസക്തികളിലേക്കും കുറ്റകൃത്യങ്ങളിലേക്കും കൂടുതല്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെട്ടു എന്നതാണ്. ഫലത്തില്‍ സാധാരണ പുകവലിയെക്കാള്‍ എത്രയോ ഭീകരമായ സാമൂഹ്യവിപത്തിനാണ് ഇത് ഇട നല്‍കിയിട്ടുള്ളത്. കടുത്ത പുകവലി നിയന്ത്രണ ശ്രമങ്ങളുടെ അവിചാരിതമായ ഒരു പ്രതികൂലഫലമായിട്ടാവാം ചെറുപ്പക്കാര്‍ക്കിടയിലെ ലഹരി മരുന്നുപയോഗം കൂടുതല്‍ വ്യാപകമായത്.

ഇന്ത്യയില്‍ പുകവലി നിരോധിച്ചിട്ടില്ല. പുകയ്ക്കുന്ന സാമഗ്രികള്‍ വില്‍ക്കുന്നതിനും കൊണ്ടുനടക്കുന്നതിനും നിരോധനമില്ല. റോഡുകളിലും തുറന്ന സ്ഥലങ്ങളിലും പുകവലി വിലക്കിയിട്ടില്ല. എന്നിട്ടും ഇത്തരമൊരു വസ്തു പരസ്യമായി ഉപയോഗിക്കുന്നവരെ ‘കുറ്റവാളി’കളായി കാണുകയും അവര്‍ക്ക് പിഴയിടുകയും ചെയ്യുന്നത് എന്ത് നീതിയാണ്? 20000 രൂപവരെ ആണത്രെ പൊതുസ്ഥലങ്ങളില്‍ പുകവലിച്ചാല്‍ പിഴയീടാക്കാന്‍ നിര്‍ദ്ദേശമുള്ളത്. ബലാത്സംഗം, ഭവനഭേദനം, ഭക്ഷ്യവസ്തുക്കളില്‍ വിഷം കലര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുപോലും ഇല്ലാത്ത കനത്ത ശിക്ഷയുടെ ഖഡ്ഗം പാവം പുകവലിക്കാര്‍ക്കെതിരെ ഉയരുന്നത് അവര്‍ ഒരു ന്യൂനപക്ഷ വിഭാഗമായതുകൊണ്ടോ പുകവലിക്കെതിരെ ആഗോളതലത്തിലുള്ള പ്രത്യയശാസ്ത്രപരമായ ആക്രമണങ്ങളെ നേരിടാനുള്ള സംഘടിത ശേഷി അവര്‍ക്കില്ലാത്തതുകൊണ്ടോ മാത്രമാണ്.

പുകവലിക്കെതിരെ ഇനിയും കടുത്ത നടപടികള്‍ സ്വീകരിക്കാനാണ് പുതിയ സര്‍ക്കാരിന്റെ നീക്കം. ദല്‍ഹി അഡ്മിനിസ്‌ട്രേഷന്റെ മുന്‍ ചീഫ് സെക്രട്ടറി രമേഷ് ചന്ദ്ര ചെയര്‍മാനായുള്ള വിദഗ്ദ്ധക്കമ്മറ്റി ആരോഗ്യമന്ത്രാലയത്തിന് സെപ്റ്റംബറില്‍ റിപ്പോര്‍ട്ടും നിര്‍ദ്ദേശങ്ങളും നല്‍്കിക്കഴിഞ്ഞു. പാക്കറ്റ് പൊളിച്ച് ചില്ലറയായി സിഗററ്റുവില്‍ക്കുന്നത് നിരോധിക്കണം, പുകവലിക്കാരുടെ ചുരുങ്ങിയ പ്രായം 18ല്‍ നിന്ന് 25 ആയി ഉയര്‍ത്തണം, പൊതുസ്ഥലങ്ങളിലെ പുകവലി കുറ്റകൃത്യമായി പ്രഖ്യാപിച്ച് 20000 രൂപവരെ പിഴ ഈടാക്കണം, പാക്കറ്റില്‍ താക്കീത് സന്ദേശം അച്ചടിക്കാത്ത കമ്പനികള്‍ക്ക് പിഴ 5000ത്തില്‍ നിന്ന് 50000 ആയി ഉയര്‍ത്തണം, വില്‍പന സ്ഥലത്തായാലും പുകയിലഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ അനുവദിക്കരുത് എന്നൊക്കെയാണ് നിര്‍ദ്ദേശങ്ങള്‍.

പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ ഇത് അംഗീകരിച്ച് നിയമമാവും എന്നാണ് കരുതപ്പെടുന്നത്. FCTC നിയമത്തിനനുസരിച്ച് COTPA (Cigarettes and other Tobacco Products Act, 2003) ഭേദഗതി ചെയ്യാനാണ് ശ്രമം. സിഗററ്റ് വലി നിരുത്സാഹപ്പെടുത്തുന്നതിന്റെ പേരില്‍ എത്ര ജനാധിപത്യവിരുദ്ധവും നീതിരഹിതവുമായാണ് ഭരണകൂടം അതിന്റെ അധികാരം പ്രയോഗിക്കാന്‍ ശ്രമിക്കുന്നത് എന്ന് നോക്കുക. വര്‍ഷംതോറും പുകവലിക്കുള്ള ശിക്ഷ കൂട്ടിക്കൂട്ടി, ഇനി ജീവപര്യന്തം തടവുപോലുള്ള പരമാവധി ശിക്ഷ വേണമെന്ന്‌പോലും ബ്യൂറോക്രാറ്റുകളും നേതാക്കളും നിശ്ചയിച്ചുകൂടായ്കയില്ല. അധികാരത്തിന്റെ കര്‍ക്കശമായ പ്രയോഗത്തിനുള്ള ഹതാശമായ ശ്രമമാണ് നടക്കുന്നത്. ഇത് അസംഘടിത ന്യൂനപക്ഷമായ പുകവലിക്കാരോട് പരാക്രമം കാണിച്ച് വിജയിപ്പിക്കാം!

ജയിലിലെ നിരോധനം

പൊതുസ്ഥലങ്ങളിലെ പുകവലി നിരോധിച്ചുകൊണ്ടുള്ള 2003 ലെ ഇന്ത്യന്‍ നിയമത്തിലെ വകുപ്പുകളാണ് കേരളത്തില്‍ ഇപ്പോള്‍ ജയിലിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുള്ളത്. ജയില്‍ ഈ പൊതുസ്ഥലങ്ങളുടെ പട്ടികയില്‍ വരുന്നില്ല എന്നതോ ഏത് രേഖകളിലും പൊതുസ്ഥലങ്ങളുടെ കൂട്ടത്തില്‍ ജയിലിനെ എടുത്തുപറയുന്നില്ല എന്നതോ ഒന്നും ഈ നിരോധം ഏര്‍പ്പെടുത്താന്‍ തിടുക്കം കൂട്ടിയവര്‍ക്ക് പ്രശ്‌നമല്ല. പൊതുഇടത്തിന്റെ നിര്‍വചനത്തില്‍ ജയിലും പെടുമെങ്കില്‍, ജയില്‍തന്നെ പാര്‍പ്പിടം കൂടിയായ തടവുകാര്‍ക്ക് സ്വകാര്യ ഇടം എവിടെയാണ്? പൊതുഇടത്തിന്റെ വ്യാഖ്യാനത്തിലേക്ക് തടവുകളെ കൂടി അന്യായമായി ഉള്‍പ്പെടുത്തിയതിലൂടെ തടവുകാരുടെ പരിമിതമായ അവകാശങ്ങളിന്മേലുള്ള ഒരു കടന്നുകയറ്റമാണ് നടന്നിരിക്കുന്നത്.

അവരുടെ അവശേഷിച്ച മനുഷ്യാവകാശങ്ങള്‍ ഇതിലൂടെ ബലികഴിക്കപ്പെടുന്നു; പുകവലി എന്ന വല്ലപ്പോഴും ലഭിക്കുന്ന ഒരു വിനോദം പോലും നിഷേധിക്കപ്പെടുമ്പോള്‍ അവരുടെ ശിക്ഷയുടെ തീവ്രത ഒന്നുകൂടികൂടുന്നു. നീണ്ട വിരസതയ്ക്കിടയിലെ ഒരേയൊരു ആശ്വാസമാണ് എടുത്തുകളഞ്ഞത്. ഒരു പുകകൂടി (കല്‍പ്പറ്റ നാരായണന്‍) എന്ന കവിതയിലെ ബീഡി പറഞ്ഞത് ഇവിടെ ഏറ്റവും പ്രസക്തമാകുന്നു:
നേരാണ്;
ഞാനൊരു ദുശ്ശീലമാണ്.
എങ്കിലും ആശ്വാസങ്ങളില്ലാത്ത മനുഷ്യന്
ദുശ്ശിലത്തോളം ഉതകുന്ന മിത്രമുണ്ടോ?

തടവുകളിലെ പുകവലിക്കാത്തവരെ സംരക്ഷിക്കുകയെന്നതാണ് ലക്ഷ്യമെങ്കില്‍ വിമാനത്താവളങ്ങളിലും വന്‍ഹോട്ടലുകളിലുമുള്ളതുപോലെ പുകവലിക്കാനായി പ്രത്യേകം ഇടം ജയിലിനുള്ളില്‍ ഒരുക്കി അവിടെ പുകവലിക്കാന്‍ അനുവദിക്കുകയല്ലേ വേണ്ടത്? ; പുകവലി നിരോധിക്കുകയല്ലല്ലോ. കേരളത്തിലെ ജയിലുകളില്‍ ആദ്യം പുകവലി നിരോധിച്ചത് 2005 ഏപ്രില്‍ മാസത്തിലായിരുന്നു. എന്നാല്‍ 2007 ജൂണില്‍ നിരോധനം റദ്ദ് ചെയ്ത് പൂര്‍വ്വസ്ഥിതി പുന:സ്ഥാപിച്ചു. ഇപ്പോഴിതാ 2014 ജൂലൈ മുതല്‍ വീണ്ടും പൂര്‍ണമായും പുകവലി നിരോധിച്ചിരിക്കുകയാണ്. സഹാനുഭൂതിയും മനുഷ്യത്വവും കലര്‍ന്ന ഒരു സമീപനം സ്വീകരിക്കുവാന്‍ ഇക്കാര്യത്തില്‍ വേണമെങ്കില്‍ കഴിയും. പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ച അയര്‍ലണ്ട് പോലുള്ള രാജ്യങ്ങളില്‍, നിരോധനം ഒഴിവാക്കിയ സ്ഥലമായി ജയിലുകളെ പ്രത്യേകം എടുത്തുപറയുന്നുണ്ട്.

എല്ലാ ജനാധിപത്യ അവകാശങ്ങളുമുള്ള സ്വതന്ത്രമനുഷ്യരുടേതില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒരു അവസ്ഥയാണ് ജയിലുകളില്‍ കഴിയുന്നവര്‍ക്കുള്ളത് എന്നതുകൊണ്ടും, അവരുടെ പാര്‍പ്പിടം തന്നെ ജയിലാണ് എന്നതുകൊണ്ടും നിയമപരമായിത്തന്നെ പുകവലി അവര്‍ക്കനുവദിക്കുന്നത് തികച്ചും ന്യായമാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണിത്.

വ്യക്തിയുടെ ജനാധിപത്യപരമായ അവകാശങ്ങളെയും ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെയും കവര്‍ന്നെടുക്കുകയെന്നതാണ് ഇത്തരം നിരോധനങ്ങളിലൂടെ ഫലത്തില്‍ സംഭവിക്കുന്നത്. താന്‍ എങ്ങനെ ജീവിക്കണം, എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്തുകൂടാ എന്നൊക്കെ നിശ്ചയിക്കുന്നത് സാമൂഹ്യബോധവും ഉത്തരവാദിത്വവുമുള്ള വ്യക്തിതന്നെയായിരിക്കണം; ജനാധിപത്യ സമൂഹത്തില്‍ സര്‍ക്കാറോ ബ്യൂറോക്രസിയോ അല്ല ഇതിനുള്ള കുറിപ്പടികള്‍ ഉണ്ടാക്കേണ്ടത്. ഉത്തരവാദപ്പെട്ട സ്ഥാപനങ്ങള്‍ വ്യക്തിയുടെ അവകാശങ്ങള്‍ നിഷേധിക്കുമ്പോള്‍ സ്വാഭാവികമായും ജനാധിപത്യത്തിന്റെ അന്തസ്സത്ത ചോര്‍ന്നുപോവുകയാണ്.

മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുമ്പോള്‍ പലപ്പോഴും മനുഷ്യര്‍ നിഗൂഢമായ ഒരു സന്തോഷം അനുഭവിക്കുന്നുണ്ട് എന്ന് പുകവലിയെക്കുറിച്ച് പരാമര്‍ശിക്കവെ കല്‍പ്പറ്റ നാരായണന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വ്യക്തിതലത്തിലുള്ള അന്യരുടെ ആസ്വാദനങ്ങളെ തടയുമ്പോള്‍ അധികാരപ്രയോഗത്തിലെ ഒരുതരം ആനന്ദമാണ് അത്തരം ആളുകള്‍ക്ക് ലഭിക്കുന്നത് എന്നതാണ് നിരോധനങ്ങളുടെ പിന്നിലെ മനശ്ശാസ്ത്രം. പുകവലി നിരോധിക്കുമ്പോള്‍, മദ്യം നിരോധിക്കുമ്പോള്‍, സദാചാരപോലീസായി സ്വയം അവരോധിക്കുമ്പോള്‍, ‘ലൗജിഹാദ’് മുഴക്കുമ്പോള്‍ ഒക്കെ പലര്‍ക്കും ലഭിക്കുന്ന സംതൃപ്തിയുടെ രഹസ്യം ഇതാണ്.

അധികാരപ്രയോഗത്തിന്റെ ഒരു പ്രകടിതരൂപം എന്ന നിലയ്ക്ക് തന്നെയാണ് സര്‍ക്കാരിനും, നിയമപാലകരായ അധികൃതര്‍ക്കും ഇത്തരം നിരോധനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയുന്നത്. അതേസമയം തന്നെ ”വിലക്കപ്പെട്ട കനി ഭക്ഷിക്കുക” എന്ന അനുസരണക്കേട് ആദ്യത്തെ മനുഷ്യര്‍തൊട്ട് തന്നെ ആരംഭിക്കുന്നുമുണ്ട്.

പുകവലിയെ ചൂഴ്ന്ന് സൃഷ്ടിക്കപ്പെട്ട കെട്ടുകഥകളുടെ പുകമറകളാണ് പുകയെക്കാള്‍ ഹാനികരമായിട്ടുള്ളത്. ഇന്ത്യയിലെ കാന്‍സറുകള്‍ 40%വും പുകവലികൊണ്ടാണെന്നാണ് വിദഗ്ദ്ധകമ്മിറ്റിയുടെ പുതിയ വെളിപാട്. ഹൃദ്രോഗം, ക്ഷയരോഗം തുടങ്ങിയവമൂലമുള്ള മരണവും രോഗാതുരതയും വര്‍ദ്ധിപ്പിക്കുന്നതിലും പുകവലിക്ക് പങ്കുണ്ടത്രേ! എവിടെ, ആര്, എപ്പോള്‍, എങ്ങിനെ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം കണക്കുകള്‍ അവതരിപ്പിക്കുന്നത് എന്നൊക്കെ ജനങ്ങളോട് പറയാനുള്ള ബാധ്യതയൊന്നും സുതാര്യതയെക്കുറിച്ച് ആണയിടുന്ന നമ്മുടെ ഭരണാധികാരികള്‍ക്കില്ലേ? മനുഷ്യാവകാശപ്രസ്ഥാനങ്ങള്‍ ജനാധിപത്യധ്വംസനത്തിനായുള്ള ഇത്തരം പ്രചരണങ്ങളില്‍ ഇടപെടേണ്ടതല്ലേ? ‘ആരോഗ്യ’മെന്ന പവിത്രപശുവിനെപ്പിടിച്ചാണയിട്ടാല്‍, പിന്നെ ആര്‍ക്കാണ് എതിര്‍വാക്കുച്ചരിക്കുവാന്‍ കഴിയുക!

യാഥാര്‍ത്ഥ്യബോധവും യുക്തിബോധവും സ്ഥാപിത താത്പര്യങ്ങളുടെ പ്രചരണതന്ത്രങ്ങള്‍ക്ക് അടിയറ വെയ്ക്കാതിരിക്കുക എന്നതും കണ്ണും കാതും തുറന്നിടുകയും ചോദ്യങ്ങള്‍ ചോദിക്കുകയും വസ്തുതകള്‍ അറിയാനുള്ള താല്പര്യം നിലനിര്‍ത്തുകയും ചെയ്യുക എന്നതുമാണ് ഇവയെ നേരിടുന്നതില്‍ പ്രധാനമായിട്ടുള്ളത്. വസ്തുതകള്‍ക്കു മുമ്പില്‍ കെട്ടുകഥകള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല. പക്ഷേ അധികാരം നിലനിര്‍ത്താന്‍ കെട്ടുകഥകളെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുമ്പോള്‍ അതിനെ വെല്ലുവിളിക്കുക ഹ്രസ്വകാല അടിസ്ഥാനത്തില്‍ ഒട്ടും എളുപ്പമല്ലാതാവുന്നു. പുകവലിയെക്കുറിച്ചും അതിന്റെ നിരോധനത്തെക്കുറിച്ചുമുള്ള വിചിന്തനം, വിവിധ അധികാരരൂപങ്ങള്‍ എങ്ങിനെ ആധുനിക ഘട്ടത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തെ നിഹനിക്കുന്നുവെന്ന രാഷ്ട്രീയപ്രശ്‌നത്തില്‍ തന്നെയാണ് എത്തിനില്‍ക്കുന്നത്.

കടപ്പാട്: വിസമ്മതത്തിന്റെ കാതല്‍, കെ. രാമചന്ദ്രന്റെ ലേഖനസമാഹാരം

കുറിപ്പുകള്‍:
1. നിക്കോളസ് ലെസാര്‍ഡ്: ഗാര്‍ഡിയന്‍, ഇന്‍ഡിപ്പെന്‍ഡന്റ്, സ്റ്റേറ്റ്‌സ്മാന്‍ തുടങ്ങിയ പത്രങ്ങളിലെ കോളമിസ്റ്റും ഗ്രന്ഥകാരനുമായ ബ്രിട്ടീഷ് ജേണലിസ്റ്റ്.
2. റിച്ചാര്‍ഡ് ഡോള്‍: ബ്രിട്ടീഷ് ഫിസ്യോളജിസ്റ്റ്. പുകവലി, ലങ് കാന്‍സറിന് കാരണമാവുന്നു എന്ന നിഗമനമാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്.
3. ഓസ്റ്റിന്‍ ബ്രാഡ്‌ഫോര്‍ഡ് ഹില്‍: ഇംഗ്ലീഷ് എപ്പിഡമിയോളജിസ്റ്റും സ്റ്റാറ്റിറ്റിഷ്യനും.
4. പ്രൊഫ. പീറ്റര്‍ ഡി. ഫിഞ്ച്: സ്റ്റാറ്റിറ്റിക്‌സിന്റെ എമറിറ്റസ് പ്രൊഫസര്‍, മൊനാഷ് സര്‍വകലാശാല, മെല്‍ബണ്‍, ആസ്‌ട്രേലിയ. ‘The Smoking Epidemic”– -þ Death and Sickness among Australian Smokers; The Health Effects of Smoking: Misreading the Evidence തുടങ്ങിയ പഠനപ്രബന്ധങ്ങള്‍ കാണുക.
5. യൂറോപ്പില്‍ 4 രാജ്യങ്ങളിലായി 60881 പേര്‍ പങ്കെടുത്ത ഒരു പരീക്ഷണപഠനമാണ് ലോകാരോഗ്യസംഘടനയുടെ സഹകരണത്തോടെ അരങ്ങേറിയത്. സ്വീഡനിലും ഗുട്ടന്‍ബര്‍ഗിലും 30022 ആളുകള്‍ക്കിടയിലായിരുന്നു പരീക്ഷണം.
6. ഡോ. ജെ.ആര്‍. ജോണ്‍സ്റ്റണ്‍ & പ്രൊഫ. പീറ്റര്‍ ഡി. ഫിഞ്ച്: The Scientific Scandal of Antismoking
7. ഡോ. ജയിംസ് പി. സീപ്പ്മാന്‍, എം.ഡി., എഡിറ്റര്‍, ജേണല്‍ ഒഫ് തിയററ്റിക്‌സ്.