'ആരാച്ചാരി'ലൂടെ കെ.ആര്‍ മീരയ്ക്ക് വയലാര്‍ അവാര്‍ഡ്
Daily News
'ആരാച്ചാരി'ലൂടെ കെ.ആര്‍ മീരയ്ക്ക് വയലാര്‍ അവാര്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th October 2014, 1:31 pm

kr-meera[]തിരുവന്തപുരം: വയലാര്‍ അവാര്‍ഡ് കെ.ആര്‍. മീരക്ക്. മീരയുടെ “ആരാച്ചാര്‍” എന്ന നോവലിനാണ് അവാര്‍ഡ്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്‌കാരം.

1970 ഫെബ്രുവരി 19ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് കെ.ആര്‍ മീര ജനിച്ചത്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി. 1993ല്‍ മലയാള പത്രപ്രവര്‍ത്തകയായി ജോലിയില്‍ പ്രവേശിച്ച കെ.ആര്‍ മീര പിന്നീട് ജോലി രാജിവെച്ചു സ്വതന്ത്ര പത്രപ്രവര്‍ത്തകയായും സാഹിത്യകാരിയായും നിലകൊണ്ടു.

വീര്‍പ്പുമുട്ടലില്‍ കഴിയുന്ന കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവലാണ് “ആരാച്ചാര്‍”.  ആധുനിക ക്ലാസിക് എന്നാണ് നിരൂപകന്മാര്‍ ഈ നോവലിനെ വിശേഷിപ്പിക്കുന്നത്. “ആരാച്ചാരി”ന് നേരത്തെ ഓടക്കുഴല്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

“ഓര്‍മ്മയുടെ ഞരമ്പ്”, “മോഹമഞ്ഞ”, “നേത്രോന്മീലനം”, “ആവേ മരിയ”, “ഗില്ലറ്റിന്‍”, “ആ മരത്തെയും മറന്നു മറന്നു ഞാന്‍”, “യൂദാസിന്റെ സുവിശേഷം”, “മീരാസാധു”, “മാലാഖയുടെ മറുകുകള്‍”, “മഴയില്‍ പറക്കുന്ന പക്ഷികള്‍” തുടങ്ങിയവയാണ് മറ്റുകൃതികള്‍.

2009ല്‍ ആവേ മരിയ എന്ന ചെറുകഥയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നിരവധി സീരിയലുകള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. ദേശീയ അവാര്‍ഡ് നേടി ഒരേ കടല്‍ എന്ന ചലച്ചിത്രത്തിന്റെ സഹതിരക്കഥാകൃത്തായിരുന്നു മീര.

ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, അങ്കണം അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ മീരയെ തേടിയെത്തിയിട്ടുണ്ട്.