സംസ്ഥാനത്ത് 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ അതിവേഗ ഇന്റര്‍നെറ്റ്; കെ-ഫോണ്‍ പദ്ധതിക്ക് തുടക്കമായി
Kerala
സംസ്ഥാനത്ത് 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ അതിവേഗ ഇന്റര്‍നെറ്റ്; കെ-ഫോണ്‍ പദ്ധതിക്ക് തുടക്കമായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th May 2018, 9:06 pm

തിരുവനന്തപുരം: സംസ്ഥാനത്തെ പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന കെ-ഫോണ്‍ പദ്ധതി നടപടികള്‍ ആരംഭിച്ചു. പദ്ധതി നടപ്പിലാക്കുന്നതിന് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡ് എന്ന പേരില്‍ സംയുക്ത സംരംഭം ആരംഭിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുന്നതിനും പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഗുണമേന്മയാര്‍ന്ന ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനും ഉദ്ദേശിച്ചാണ് കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നത്. കേരള സ്റ്റേറ്റ് ഐ.ടി. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡും കെ.എസ്.ഇ.ബി.യും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നതായിരിക്കും സംയുക്ത സംരംഭം.


Read |  ‘കണ്ടവന്റെ വാള്‍തലപ്പില്‍ ഒടുങ്ങാന്‍ വയ്യ, ഞാനെനന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്’; അരാഷ്ട്രീയവാദത്തെ ട്രോള്‍ ചെയ്ത് ഡി.വൈ.എഫ്.ഐ നേതാവിന്റെ കുറിപ്പ്


കെ-ഫോണ്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞനിരക്കിലും ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കും. സര്‍ക്കാര്‍ – സര്‍ക്കാരിതര സേവനങ്ങള്‍, സാമൂഹ്യക്ഷേമ സൗകര്യങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, വിനോദ-വിജ്ഞാന സേവനങ്ങള്‍ മുതലായവ കമ്പ്യൂട്ടര്‍ വഴിയും മൊബൈല്‍ ഫോണ്‍വഴിയും സാധാരണക്കാര്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.

സംയുക്ത സംരംഭത്തിന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനും ആര്‍ട്ടിക്കിള്‍ ഓഫ് അസോസിയേഷനും മന്ത്രിസഭ അംഗീകരിച്ചു. സംയുക്ത കമ്പനിക്ക് പ്രൊഫഷണല്‍ പിന്തുണ ഉറപ്പാക്കുന്നതിന് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിനെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. പദ്ധതി നടത്തിപ്പിന്റെ കാലതാമസം ഒഴിവാക്കുന്നതിന് പുതിയ ജോയിന്റ് വെഞ്ച്വര്‍ കമ്പനി രൂപീകരിക്കുന്നതുവരെ ടെണ്ടര്‍ നടപടികളുമായി മുന്നോട്ടുപോകുന്നതിന് കേരള സ്റ്റേറ്റ് ഐ.ടി. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിന് അനുമതി നല്‍കി. ടെണ്ടര്‍ നടപടികള്‍ ഉടനെ ആരംഭിക്കും.