കരുണാകരനെ പുറത്താക്കാന്‍ നരസിംഹറാവു ചാരക്കേസ് ഉപയോഗിച്ചെന്ന് കെ. മുരളീധരന്‍
Daily News
കരുണാകരനെ പുറത്താക്കാന്‍ നരസിംഹറാവു ചാരക്കേസ് ഉപയോഗിച്ചെന്ന് കെ. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th August 2016, 8:13 pm

ചാരക്കേസിനു പിന്നില്‍ സംഭവിച്ചതെന്തെന്ന് ഒരിക്കല്‍ പുറത്തു വരുമെന്നു വിശ്വസിക്കുന്ന ആളാണ് താന്‍.


കോഴിക്കോട്: കെ. കരുണാകരനെ മുഖ്യമന്ത്രിക്കസേരയില്‍നിന്ന് പുറത്താക്കാന്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു ചാരക്കേസ് ഉപയോഗിച്ചെന്ന് കെ. മുരളീധരന്‍ എം.എല്‍.എ.

രാജന്‍ ചെറുക്കാട് എഴുതിയ “അട്ടിമറിക്കപ്പെട്ട ചാരക്കേസ്” എന്ന പുസ്തകം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുസ്തകത്തില്‍ പറയും പോലെ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു കേസ് അട്ടിമറിച്ചോ എന്നറിയില്ല. എന്നാല്‍, മുഖ്യമന്ത്രിക്കസേരയില്‍നിന്നു കരുണാകരനെ പുറത്താക്കാന്‍ റാവു ചാരക്കേസ് ഉപയോഗിച്ചു. മുരളീധരന്‍ പറഞ്ഞു.

ചാരക്കേസില്‍ പ്രതികളായവരും അന്വേഷിച്ചവരും നല്ല രീതിയില്‍ അവരുടെ സര്‍വീസ് കാലാവധി പൂര്‍ത്തിയാക്കി വിശ്രമം ജീവിതം നയിക്കുമ്പോള്‍ അപകടം പറ്റിയതു കെ.കരുണാകരന് മാത്രമാണ്. അദ്ദേഹത്തിന് നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടിയില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര മന്ത്രിസഭയില്‍ ഇരുന്ന നരസിംഹറാവുവിനെ വിമര്‍ശിച്ച കരുണാകരനോട് 1996ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ റാവു പകരം വീട്ടി. നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ചപ്പോള്‍ ലോക്‌സഭയില്‍ കരുണാകരന്‍ തോറ്റു. ചാരക്കേസിനു പിന്നില്‍ സംഭവിച്ചതെന്തെന്ന് ഒരിക്കല്‍ പുറത്തു വരുമെന്നു വിശ്വസിക്കുന്ന ആളാണ് താനെന്നും മുരളീധരന്‍ പറഞ്ഞു.

അന്ന് കരുണാകരനെ ചാരക്കേസില്‍ കുടുക്കി പുറത്താക്കാന്‍ കൂട്ടു നിന്ന പലര്‍ക്കും പിന്നീട് ദൈവം ഓരോന്നു കൊടുത്തു. രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച രാഷ്ട്രീയക്കാരന്‍ രാജ്യ ദ്രോഹത്തിന്റെ പേരില്‍ ഇങ്ങനെ ഇറങ്ങി പോകേണ്ടി വരുന്ന അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്നും മുരളി ഓര്‍മ്മിപ്പിച്ചു.