'ജനങ്ങളെ പറ്റിക്കാൻ ശ്രമിച്ച സർക്കാരിനെ ജനം നല്ല വൃത്തിയായി പറ്റിച്ചു': കെ.മുരളീധരൻ
Kerala
'ജനങ്ങളെ പറ്റിക്കാൻ ശ്രമിച്ച സർക്കാരിനെ ജനം നല്ല വൃത്തിയായി പറ്റിച്ചു': കെ.മുരളീധരൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th December 2025, 1:58 pm

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മുഴുവനായി യു.ഡി.എഫിന് കുതിച്ചു ചാട്ടമുണ്ടായെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ.

പറ്റിക്കുന്ന സർക്കാരാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടെന്നും ജനം പത്രം വായിക്കുന്നവരും ടി.വി കാണുന്നവരുമാണെന്നും ജനങ്ങളെ പറ്റിക്കാൻ ശ്രമിച്ച സർക്കാരിനെ ജനം നല്ല വൃത്തിയായി പറ്റിച്ചെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ഗവൺമെന്റ് യു.ഡി.എഫ് ഭരിക്കുമെന്ന് തെളിയിക്കുന്നതിന്റെ റിസൾട്ടാണ് ഇന്നുണ്ടായിരിക്കുന്നതെന്ന് കെ.മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

നഗരസഭകളിൽ സി.പി.ഐ.എമ്മിന് ലീഡ് ചെയ്യാനുള്ള ഏക സ്ഥലം കോഴിക്കോടാണെന്നും ഏതുസമയവും അത് മാറിമറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘അടുത്ത ഗവൺമെന്റ് യു.ഡി.എഫ് ആയിരിക്കുമെന്ന് തെളിയിക്കുന്ന തരംഗം ഈ തെരഞ്ഞെടുപ്പിൽ ദൃശ്യമായി,’ മുരളീധരൻ പറഞ്ഞു.

തിരുവനന്തപുരത്ത് സി.പി.ഐ.എമ്മും ബി.ജെ.പിയും പി.എം ശ്രീ പദ്ധതികളിൽ ഒപ്പിട്ടതോടെ ബി.ജെ.പി തൊട്ടുകൂടാത്തവരല്ല എന്നൊരു ഫീലിങ് സി.പി.ഐ.എമ്മിന് ഉണ്ടായെന്നും അതിന്റെ ഫലമാണ് തിരുവനന്തപുരത്ത് ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ തിരുവനന്തപുരത്ത് യു.ഡി.എഫിന്റെ പ്രകടനം മോശമല്ലെന്നും രണ്ടു മല്ലന്മാർക്കിടയിൽ നന്നായി പിടിച്ചുനിൽക്കാൻ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

ബി.ജെ.പിയുടെ വിജയം താത്കാലികമാണെന്നും പറഞ്ഞ ഒരു കാര്യവും അവർക്ക് നടപ്പിലാക്കാനാകില്ലെന്നും യു.ഡി.എഫ് ഒരു ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും മുരളീധരൻ പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇത്തവണ ബി.ജെ.പി ഭരണം നേടിയതിന്റെ ക്രെഡിറ്റ് സി.പി.ഐ.എമ്മിന് അവകാശപ്പെട്ടതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ആ ക്രെഡിറ്റ് മറ്റാര്‍ക്കും അവകാശപ്പെട്ടതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മുന്നേറ്റമുണ്ടാക്കും എന്നതിന്റെ സൂചനയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. കേരളത്തിലെ ജനങ്ങള്‍ വിവേകത്തോടുകൂടി വോട്ട് ചെയ്യുന്നവരാണ്. പ്രാദേശിക പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടാകും. എന്നാല്‍ അതൊന്നും തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

Content Highlight: K. Muraleedharan says UDF made a huge leap in Kerala in the local body elections