ഞങ്ങളുടെ കൂട്ടത്തില്‍ ഇനി കൂട്ടില്ല, തിരുവനന്തപുരത്തെ പരിപാടിയിലൊന്നും പങ്കെടുപ്പിക്കില്ല: ശശി തരൂരിനെതിരെ കെ. മുരളീധരന്‍
Kerala
ഞങ്ങളുടെ കൂട്ടത്തില്‍ ഇനി കൂട്ടില്ല, തിരുവനന്തപുരത്തെ പരിപാടിയിലൊന്നും പങ്കെടുപ്പിക്കില്ല: ശശി തരൂരിനെതിരെ കെ. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th July 2025, 10:48 pm

തിരുവനന്തപുരം: കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ പ്രസ്താവനയുമായി കെ. മുരളീധരന്‍. തരൂരിന്റെ കാര്യം തങ്ങള്‍ വിട്ടെന്നും ഇപ്പോള്‍ കൂടെ കൂട്ടുന്നില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിയിലെ ഒരംഗമായി തരൂരിനെ കണക്കാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മുരളീധരന്റെ പ്രതികരണം.

‘അദ്ദേഹത്തിന്റെ കാര്യം ഞങ്ങള്‍ വിട്ടു. ഇപ്പോള്‍ അദ്ദേഹം ഞങ്ങളുടെ കൂട്ടത്തില്‍ കൂട്ടിയതായി ഞങ്ങള്‍ കണക്കാക്കുന്നില്ല. അദ്ദേഹത്തിനെതിരെ നടപടി വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്’ മുരളീധരന്‍ പറഞ്ഞു.

തിരുവന്തപുരത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരിപാടികളിലൊന്നിലും ശശി തരൂരിനെ പങ്കെടുപ്പിക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. കൂടെയില്ലാത്ത ആളെ ബഹിഷ്‌കരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടൂതല്‍ കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

‘തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരൊറ്റ പരിപാടിയിലും ഇനി ശശി തരൂരിനെ പങ്കെടുപ്പിക്കില്ലെന്ന് ഉറപ്പാണ്. കൂടെയുള്ള ആളെയല്ല ബഹിഷ്‌കരിക്കാനാകുള്ളൂ. ഇപ്പോള്‍ അദ്ദേഹം ഞങ്ങളുടെ കൂടെയല്ലല്ലോ, പിന്നെയെങ്ങനെ ഞങ്ങള്‍ ബഹിഷ്‌കരിക്കും,’ കെ. മുരളീധരന്‍ പറയുന്നു. കഴിഞ്ഞദിവസം എറണാകുളത്ത് നടന്ന ജില്ലാ സമ്മേളനത്തിലും ശശി തരൂരിനെ ഒഴിവാക്കിയിരുന്നു.

കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന തരത്തിലുള്ള നിരവധി പ്രസ്താവനകളാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി ശശി തരൂര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പലപ്പോഴായി ശശി തരൂര്‍ പുകഴ്ത്തിയത് വലിയ വാര്‍ത്തയായിരുന്നു. ആഗോള വേദികളില്‍ ഇന്ത്യയുടെ സ്വത്താണ് മോദിയെന്നും വാക്‌സിന്‍ നയതന്ത്രത്തില്‍ മോദിയെ പ്രശംസിച്ചതും കോണ്‍ഗ്രസില്‍ വലിയ ചലനമുണ്ടാക്കി.

അടിയന്തരാവസ്ഥയില്‍ സഞ്ജയ് ഗാന്ധിയെയും ഇന്ദിരാ ഗാന്ധിയെയും വിമര്‍ശിച്ച് ലേഖനമെഴുതിയതും കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ യോഗ്യനാണെന്ന് പറയുന്ന തരത്തില്‍ സര്‍വേ റിപ്പോര്‍ട്ട് പങ്കുവെക്കുകയും ചെയ്തു.

Content Highlight: K Muraleedharan says Shashi Tharoor will no longer one of them