തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കേരളത്തില്‍ സാധാരണയായി കന്നിമാസത്തില്‍ മഴ പെയ്യാറില്ലെന്നും പിണറായിയുടെ ഭരണത്തില്‍ ഇങ്ങനെ പലതും കാണാനാകുമെന്നും പിണറായി വിജയന് അയ്യപ്പന്‍ കൊടുക്കുന്ന ശിക്ഷയാണ് ഇതൊക്കെയെന്നും മുരളീധരന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ബി.ജെപി. കൗണ്‍സിലര്‍ കെ. അനില്‍ കുമാറിന്റെ ആത്മഹത്യയിലും അദ്ദേഹം പ്രതികരിച്ചു. ശുദ്ധനായ മനുഷ്യനായിരുന്നു അനില്‍കുമാറെന്ന് മുരളീധരന്‍ പറഞ്ഞു. ബി.ജെ.പി നേതാക്കള്‍ പറഞ്ഞതുകൊണ്ടാണ് അദ്ദേഹം ലോണ്‍ നല്‍കിയതെന്നും എന്നാല്‍ ആരും പണം തിരിച്ചടക്കാത്തത് അദ്ദേഹത്തെ പ്രതിസന്ധിയിലാക്കിയെന്നും മുരളീധരന്‍ പറയുന്നു.
‘പണം നിക്ഷേപിച്ചവര്‍ വന്നപ്പോള്‍ പണമില്ല. അതെല്ലാം ബി.ജെ.പി. കൊണ്ടുപോയി താമര വിരിയിച്ചു. ഈ വിവരം രാജീവ് ചന്ദ്രശേഖറിനോട് പറഞ്ഞപ്പോള്‍ ‘ഇതൊന്നും എന്റെ പണിയല്ല’ എന്ന് അയാള്‍ പറഞ്ഞുകാണും. ഇതൊക്കെയാകാം അനില്‍കുമാറിനെ ആത്മഹത്യയിലേക്ക് നയിച്ചത്. അഭിമാനിയായതുകൊണ്ടാകാം അയാള്‍ അങ്ങനെ ചെയ്തിട്ടുണ്ടാവുക,’ മുരളീധരന്‍ പറയുന്നു.
തിരുവനന്തപുരം കോര്‍പ്പറഷനില്‍ അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു. നഗരസഭ ഭരിക്കുന്നത് ഈനാംപേച്ചിയാണെങ്കില്‍ മുഖ്യപ്രതിപക്ഷം മരപ്പട്ടിയാണെന്നാണ് മുരളീധരന്‍ പറഞ്ഞത്. നടക്കാത്ത പൊങ്കാലക്ക് ശുചീകരണം നടത്തിയയാളാണ് മേയറെന്ന് അദ്ദേഹം ആരോപിച്ചു. വീരപ്പന്‍ സ്മാരക അവാര്‍ഡ് മേയര്‍ക്ക് നല്‍കണമെന്നും അദ്ദേഹം പറയുന്നു. സില്‍വര്‍ മെഡല്‍ ബി.ജെ.പിക്ക് ഉള്ളതാണെന്നും അദ്ദേഹം പരിഹസിച്ചു.
ശബരിമല വിഷയത്തിലും തന്റെ നിലപാട് മുരളീധരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് പാര്‍ട്ടി ആദ്യം മുതല്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടിയാണ് ഇപ്പോഴും മുന്നോട്ടുകൊണ്ടു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആചാരങ്ങളെ ലംഘിച്ചയാളാണ് മുഖ്യമന്ത്രിയെന്നും ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ചവരാണ് സി.പി.ഐ.എമ്മെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
‘ശബരിമലയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഇന്നേവരെ വിശ്വാസവഞ്ചന കാണിച്ചിട്ടില്ല. ഒമ്പത് വര്‍ഷമായി കേരളത്തിലും പത്ത് വര്‍ഷമായി കേന്ദ്രത്തിലും അധികാരമില്ലാത്ത ഞങ്ങള്‍ എന്ത് വിശ്വാസവഞ്ചന കാണിക്കാനാണ്? ഞങ്ങളുടെ നയത്തില്‍ മാറ്റം വരുത്താന്‍ തയാറല്ല. അതില്‍ ഉറച്ചുനില്‍ക്കുകയാണ്. ഒരടിപോലും അതില്‍ നിന്ന് പിന്നോട്ടുപോകില്ല,’ മുരളീധരന്‍ പറയുന്നു.
Content Highlight: K Muraleedharan about the stand of Congress in Sabarimala issue